തൊണ്ണൂറ് കോടി രൂപ വിലമതിക്കുന്ന തിളങ്ങുന്ന സ്‌പോർട്‌സ് കാർ ഓഡി എ9 ചാമിലിയോൺ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയുടെ പക്കലുണ്ടെന്ന വാർത്ത ഈയിടെ പ്രചരിച്ചിരുന്നു. രാജ്യത്തെ ഏറ്റവും വിലകൂടിയ കാർ നിത അംബാനിയുടെ പക്കലുണ്ടെന്നത് സത്യമാണെങ്കിലും അത് 90 കോടിയുടെ ഓഡി എ9 ചാമിലിയൻ അല്ല എന്നതാണ് പുതിയ റിപ്പോർട്ടുകൾ. ഇതുവരെ ഒരു ‘ഓഡി എ9’ എന്ന മോഡൽ പുറത്തിറക്കിയിട്ടില്ല എന്നതാണ് സത്യം. 10 വർഷം മുമ്പ് ജർമ്മൻ കാർ കമ്പനി അവതരിപ്പിച്ച ഒരു കൺസെപ്റ്റ് കാറായിരുന്നു ഇത്. അത്തരത്തിലുള്ള ഒറിജിനൽ കാർ ഇതുവരെ നിർമ്മിക്കുകയോ വിൽക്കുകയോ ചെയ്തിട്ടില്ല. മനോഹരമായി രൂപകൽപ്പന ചെയ്ത ഒരു കൺസെപ്റ്റ് കാറായിരുന്നു ഇത്.
നിറം മാറുന്ന ഇലക്‌ട്രോണിക് പെയിൻ്റ് സിസ്റ്റം ഈ കാറിൽ കാണാമായിരുന്നു. എന്നാൽ ഭാവിയിലെ ആഡംബര കാറുകളുടെ ഉദാഹരണം കാണിക്കാൻ വേണ്ടി മാത്രമായിരുന്നു ഇത് നിർമ്മിച്ചിരിക്കുന്നത് എന്നതാണ് ഇതിൻ്റെ പ്രത്യേകത. എന്നാൽ, നിത അംബാനിക്ക് ഈ പ്രത്യേക കാറുണ്ടെന്നായിരുന്നു സോഷ്യൽ മീഡിയയിലെ പ്രചരണം. ഈ അവകാശവാദം തെറ്റാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം നൂതന സാങ്കേതികവിദ്യയും ഫ്യൂച്ചറിസ്റ്റിക് ഇൻ്റീരിയറുകളും സഹിതം ആഡംബരപൂർണമായ ടു-ഡോർ കൂപ്പായിട്ടായിരുന്നു ഓഡി എ9 ചാമിലിയൻ കൺസെപ്റ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ കാർ ഒരിക്കലും നിർമ്മിച്ചിട്ടില്ല, അതിനാൽ ആർക്കും വിറ്റിട്ടുമില്ല.
നിത അംബാനിയുടെ ഏറ്റവും വില കൂടിയ കാർ അടുത്തിടെ വാങ്ങിയ റോൾസ് റോയ്സ് ഫാൻ്റം VIII എക്സ്റ്റെൻഡഡ് വീൽബേസ് (EWB) ആണ്. പ്രത്യേക റോസ് ക്വാർട്‌സിൻ്റെ പുറംഭാഗവും ഓർക്കിഡ് വെൽവെറ്റ് ഇൻ്റീരിയറും ഈ കാറിൻ്റെ പ്രത്യേകതയാണ്. പോളിഷ് ചെയ്ത ഡിന്നർ പ്ലേറ്റ് അലോയ് വീലുകളും മുൻവശത്ത് ഒരു ഇല്യൂമിനേറ്റഡ് ഗ്രില്ലും ഉള്ള ഗോൾഡ് സ്പിരിറ്റ് ഓഫ് എക്‌സ്റ്റസിയാണ് കാറിലുള്ളത്. ഇതുകൂടാതെ, പ്രത്യേക NMA (നീത.മുകേഷ്. അംബാനി) പേര് ഹെഡ്‌റെസ്റ്റിൽ എംബ്രോയ്ഡറി ചെയ്തിട്ടുണ്ട്.
അടുത്തിടെ, ഈ കാർ അനന്ത് അംബാനിയുടെ വിവാഹ റോൾസ് റോയ്‌സ് കള്ളിനൻ ബ്ലാക്ക് ബാഡ്ജിന് പിന്നിൽ സഞ്ചരിക്കുന്നത് കണ്ടിരുന്നു. ബ്രിട്ടീഷ് ആഡംബര കാർ നിർമ്മാതാക്കളുടെ ഈ കാർ വലിയ 6.75 ലിറ്റർ V12 ട്വിൻ-ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനിലാണ് വരുന്നത്. ഈ എഞ്ചിന് 571 bhp കരുത്തും 900 Nm torque ഉം സൃഷ്ടിക്കാൻ കഴിയും. ഏകദേശം 10 കോടി രൂപ മുതലാണ് ഈ റോൾസ് റോയ്‌സിൻ്റെ അടിസ്ഥാന വില. എന്നാൽ, നിത അംബാനിയുടെ കാറിൻ്റെ പ്രത്യേക രൂപകല്പനയും മാറ്റങ്ങളും കാരണം അതിൻ്റെ വില 12-15 കോടി രൂപയാകുമെന്നാണ് റിപ്പോർട്ടുകൾ.