ഡൽഹി: പുകമഞ്ഞിൽ വലഞ്ഞിരിക്കുകയാണ് രാജ്യ തലസ്ഥാനം. വായു ഗുണനിലവാരം 500ൽ എത്തിയതോടെ ജനങ്ങൾ പൊറുതിമുട്ടി. ദേശീയ തലസ്ഥാനത്തെ 35 മോണിറ്ററിങ് സ്റ്റേഷനുകളിൽ മിക്കവയിലും വായു ഗുണനിലവാരം 500 ആണ് രേഖപ്പെടുത്തിയത്.
ഏറ്റവും കുറവ് രേഖപ്പെടുത്തിയ ദ്വാരകയില്‍ 480 ആണ് വായു ഗുണനിലവാരം. ഇതിന്റെ പശ്ചാത്തലത്തിൽ നേരത്തെ പ്രൈമറി സ്കൂളുകൾക്ക് ക്ലാസുൾ ഓൺലൈനാക്കിയിരുന്നു. ഇപ്പോൾ 10, 12 ക്ലാസ്സുകൾ ഉൾപ്പെടെ പൂർണമായി ഓണ്‍ലൈനാക്കി. ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലും വകുപ്പുകളിലും ഈ മാസം 23 വരെ ക്ലാസുകൾ ഓൺലൈനാക്കിയതായി ഹരിയാന, ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു.
Also Read: ചെന്നൈ മെട്രോയ്ക്ക് 70 ഡ്രൈവറില്ലാ തീവണ്ടികള്‍കൂടി അനുവദിച്ചു
കനത്ത മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് നഗരത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, പുകമഞ്ഞ് കാരണം ദൂരക്കാഴ്ച കുറഞ്ഞതിനാൽ ഡൽഹിയിൽ നിന്ന് പുറപ്പെടുന്നതോ എത്തിച്ചേരുന്നതോ ആയ നിരവധി ട്രെയിനുകളും വിമാനങ്ങളും വൈകുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. ചൊവാഴ്ച രാവിലെ 22 ട്രെയിനുകള്‍ വൈകുകയും ഒമ്പത് ട്രെയിനുകൾ റദ്ദാക്കുകയും ചെയ്തതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
സംഭവത്തിൽ സുപ്രീം കോടതി സർക്കാരിനെ വിമർശിച്ചു. മലിനീകരണം നിയന്ത്രിക്കുന്നതിന് സർക്കാർ എന്ത് നടപടികളാണ് എടുത്തതെന്ന് സുപ്രിംകോടതി ഇന്നലെ ആരാഞ്ഞു. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ സ്റ്റേജ് – 3 നടപ്പിലാക്കാൻ വൈകിയതിനെ വിമർശിച്ച കോടതി ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിലവിലെ നിയന്ത്രണങ്ങൾ പിൻവലിക്കരുതെന്ന് താക്കീത് നൽകി.