രാജ്യതലസ്ഥാനത്ത് ജൂണ്‍ 28ന് രേഖപ്പെടുത്തിയത് 1936ന് ശേഷമുള്ള ഏറ്റവും കനത്ത മഴ

രാജ്യതലസ്ഥാനത്ത് ജൂണ്‍ 28ന് രേഖപ്പെടുത്തിയത് 1936ന് ശേഷമുള്ള ഏറ്റവും കനത്ത മഴ

ന്യൂഡല്‍ഹി: കനത്ത മഴ തുടരുന്ന തലസ്ഥാനത്ത് വെള്ളിയാഴ്ച മാത്രം രേഖപ്പെടുത്തിയത് 228.1 മില്ലിമീറ്റര്‍ മഴ. 1936ന് ശേഷം ജൂണിലെ ഒരൊറ്റ ദിവസത്തില്‍ പെയ്യുന്ന ഏറ്റവും ഉയര്‍ന്ന മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വാരാന്ത്യത്തില്‍ ഇതില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഡല്‍ഹിയിലെ പ്രാഥമിക കാലാവസ്ഥാ കേന്ദ്രമായ സഫ്ദര്‍ജംഗ് ഒബ്‌സര്‍വേറ്ററിയുടെ കണക്കുകള്‍ അനുസരിച്ച്, ജൂണ്‍ 28ന് 24 മണിക്കൂര്‍ നീണ്ടുനിന്ന മഴയുടെ അളവ് 228.1 മില്ലിമീറ്റര്‍ ആണ്. പുലര്‍ച്ചെ 4 മുതല്‍ 7 വരെ മൂന്ന് മണിക്കൂറിനുള്ളില്‍ മാത്രം 15 സെന്റീമീറ്റര്‍ മഴ ലഭിച്ചു. വെള്ളിയാഴ്ച രാവിലെ 8.30 വരെയുളള കണക്കിന്റെ അടിസ്ഥാനത്തിലാണിത്. ജൂണിലെ ശരാശരി മഴയായ 74.1 മില്ലിമീറ്ററിന്റെ മൂന്നിരട്ടിയിലധികവും കുറഞ്ഞത് 16 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴയുമാണ് വെള്ളിയാഴ്ച മാത്രം രേഖപ്പെടുത്തിയത്.

വെള്ളിയാഴ്ച ഡല്‍ഹിയിലെ ഏറ്റവും കൂടിയ താപനില 32.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ഇത് സാധാരണയേക്കാള്‍ അഞ്ച് ഡിഗ്രി കുറവാണ്. കഴിഞ്ഞ ദിവസം വരെ ഇത് 35.4 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ഡല്‍ഹിയിലെ കുറഞ്ഞ താപനില 24.7 ഡിഗ്രി സെല്‍ഷ്യസാണ്. സാധാരണയില്‍ നിന്ന് മൂന്ന് ഡിഗ്രി കുറവാണ് ഇത്. വാരാന്ത്യത്തില്‍ ഡല്‍ഹിയിലെ പരമാവധി താപനില ഇനിയും കുറയുമെന്നും 30 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാകുമെന്നും പ്രവചിച്ചിട്ടുണ്ട്. കുറഞ്ഞ താപനില 23-25° C എങ്കിലും ആയിരിക്കണം. ജൂണില്‍ 23.45 സെന്റീമീറ്റര്‍ പ്രതിമാസ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് സാധാരണ പ്രതിമാസ ശരാശരിയായ 7.41 സെന്റിമീറ്ററിന്റെ മൂന്നിരട്ടി കൂടുതലാണ്. കാലാവസ്ഥാ വകുപ്പ് അടുത്ത രണ്ട് ദിവസത്തേക്ക് ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഞായറാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചിച്ചിട്ടുണ്ട്.

Top