ജറസലേം: ഇസ്രായേല്‍ സുരക്ഷാ സേനയായ ഷിന്‍ ബെറ്റിന്റെ തലവനെ പിരിച്ചുവിടണമെന്ന ദേശീയ സുരക്ഷാ മന്ത്രിയും തീവ്ര വലതുപക്ഷക്കാരനുമായ ഇറ്റമര്‍ ബെന്‍ ഗ്വിറിന്റെ വാട്‌സാപ്പ് സന്ദേശം പുറത്ത്. മന്ത്രിസഭയിലെ മറ്റ് അംഗങ്ങളുമായുള്ള സ്വകാര്യ വാട്ട്സ്ആപ്പ് സംഭാഷണത്തിലാണ് ഷിന്‍ ബെറ്റ് സുരക്ഷാ സേന ഡയരക്ടര്‍ റോണന്‍ ബാറിനെ പുറത്താക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടത്.
ഏഴുമാസം മുമ്പ് ഇസ്രായേല്‍ അധിനിവേശ സേന പിടിച്ചുകൊണ്ടുപോയി അജ്ഞാത കേന്ദ്രത്തില്‍ പാര്‍പ്പിച്ച ഗസയിലെ അല്‍ശിഫ ആശുപത്രി മേധാവി ഡോ. മുഹമ്മദ് അബു സാല്‍മിയ ഉള്‍പ്പെടെ 50 തടവുകാരെ മോചിപ്പിച്ചതിന് പിന്നാലെയാണ് ബെന്‍ ഗ്വിറിന്റെ പരാമര്‍ശം. ‘ഷിന്‍ ബെറ്റിന്റെ തലവനെ വീട്ടിലേക്ക് തിരിച്ചയക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’ -എന്നാണ് ബെന്‍ഗ്വിര്‍ വാട്‌സ്ആപ്പ് ചാറ്റില്‍ പറഞ്ഞതെന്ന് കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി സംശയിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡോ. മുഹമ്മദ് അബു സാല്‍മിയയെ മോചിപ്പിച്ചതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മോചനത്തിനെതിരെ ഇസ്രായേല്‍ മന്ത്രിസഭയിലെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.