ഗാസയില്‍ ഇസ്രയേലിന് കൂട്ടക്കുരുതി നടത്താന്‍ ആയുധങ്ങള്‍ ഒഴുക്കിയ അമേരിക്കയ്ക്ക് റഷ്യയെ തൊടാന്‍ ശ്രമിച്ചപ്പോള്‍ തന്നെ വല്ലാതെ പൊള്ളിയിരിക്കുകയാണ്. റഷ്യയെ ആക്രമിക്കാന്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കാന്‍ യുക്രെ യിനെ അനുവദിച്ചത് തന്നെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ്. ഈ ബൈഡന്‍ തന്നെയാണ് റഷ്യ – യുക്രെയിന്‍ യുദ്ധത്തിന്റെ കാരണക്കാരന്‍ എന്നതും നാം ഓര്‍ക്കണം.
ഇസ്രയേല്‍ ഗാസ ആക്രമിച്ചതും ലെബനനില്‍ പേജര്‍ സ്‌ഫോടനം നടത്തിയതും ഇറാനില്‍ കയറി ഹമാസ് മേധാവിയെ വധിച്ചതുമെല്ലാം അമേരിക്കയുടെ അറിവോടെയാണ്. അമേരിക്ക ആയുധം സപ്ലൈ ചെയ്യുന്നത് നിര്‍ത്തിയാല്‍ ആ നിമിഷം തന്നെ യുദ്ധഭൂമിയില്‍ നിന്നും യുക്രെയിനും ഇസ്രയേലിനും പിന്‍വാങ്ങേണ്ടതായി വരും. അതായത് ലോകത്തെ ഭീതിയിലാഴ്ത്തി മൂന്നാംലോക യുദ്ധത്തിന്റെ പടിവാതില്‍ക്കല്‍ എത്തിച്ചത് ജോ ബൈഡന്‍ ഭരണകൂടമാണ്. ചരിത്രം അങ്ങനെ മാത്രമേ വിലയിരുത്തുകയുമുള്ളൂ. സ്ഥാനം ഒഴിയുന്നതിന് മുന്‍പ് തീയിട്ട് മടങ്ങുക എന്ന ദുഷ്ട ചിന്താഗതിയുടെ പുറത്താണ് ദീര്‍ഘദൂര മിസൈല്‍ ഉപയോഗിക്കാന്‍ ജോ ബൈഡന്‍ യുക്രെയിന് അനുമതി നല്‍കിയിരുന്നത്.
അമേരിക്കയ്ക്ക് പിന്നാലെ ബ്രിട്ടനും ഇത്തരം അനുമതി നല്‍കുകയും യുക്രെയിന്‍ അത് പ്രയോഗിക്കുകയും ചെയ്തതോടെയാണ് റഷ്യ ഇന്റര്‍മീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് തിരിച്ചടിക്കാന്‍ നിര്‍ബന്ധിതമായത്. ഇതോടെ അമേരിക്കയുടെയും നാറ്റോ സഖ്യ രാജ്യങ്ങളുടെയും അഹങ്കാരത്തിന്റെ മുനയാണ് ഒടിഞ്ഞിരിക്കുന്നത്. ആണവായുധം വഹിക്കാന്‍ രൂപകല്‍പ്പന ചെയ്ത ഈ മിസൈലില്‍ ഇത്തവണ ആണവായുധം ഉപയോഗിച്ചിട്ടില്ലെങ്കിലും അടുത്ത ഘട്ടത്തില്‍ അതായിരിക്കില്ല സ്ഥിതി എന്ന മുന്നറിയിപ്പാണ് ഇത്തരമൊരു തിരിച്ചടിയിലൂടെ റഷ്യ നല്‍കിയിരിക്കുന്നത്.
Also Read: അമേരിക്കയെ അസ്വസ്ഥമാക്കുന്ന പുടിന്‍-കിം സൗഹൃദം
പുടിന്‍ ചുമ്മാ പറയുന്നതല്ല, പറയുന്നത് ചെയ്യുമെന്ന കൃത്യമായ ബോധ്യമുള്ളതിനാലാണ് അമേരിക്കയും സഖ്യകക്ഷികളും ഭയന്നിരിക്കുന്നത്. ഇപ്പോള്‍ റഷ്യ പ്രയോഗിച്ച സാമ്പിള്‍ വെടിക്കെട്ടില്‍ തന്നെ യുക്രെയിനിന്റെ തന്ത്രപ്രധാന സൈനിക മേഖല ചാമ്പലായിരിക്കുകയാണ്. അനവധി സൈനികര്‍ മാത്രമല്ല നാറ്റോ സഖ്യകക്ഷികള്‍ നല്‍കിയ ആയുധ ശേഖരങ്ങളും റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നതായാണ് പുറത്ത് വരുന്ന വിവരം.
അമേരിക്കയുടെ എന്നല്ല ലോകത്തെ നിലവിലുള്ള ഒരു പ്രതിരോധ സംവിധാനത്തിനും റഷ്യയുടെ പുതിയ ഇന്റര്‍മീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലിനെ തടയാന്‍ കഴിയില്ലെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോള്‍ പ്രയോഗിച്ച മിസൈല്‍ ഇതാദ്യമായാണ് റഷ്യ പ്രയോഗിക്കുന്നത് എന്നതും ലോക രാജ്യങ്ങളെ വല്ലാതെ ഞെട്ടിച്ചു കളഞ്ഞിട്ടുണ്ട്. ഈ ആക്രമണത്തിന് ശേഷം ലോകത്ത് നിന്നും പ്രത്യേകിച്ച് നാറ്റോ രാജ്യങ്ങളില്‍ നിന്നു പോലും റഷ്യക്ക് എതിരെ ഒരു പ്രതികരണവും വരാത്തത് യുക്രെയിനെ മാത്രമല്ല അമേരിക്കയെയും വല്ലാതെ അമ്പരപ്പിച്ചിട്ടുണ്ട്. യുക്രെയിന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുടെ പ്രതികരണത്തില്‍ തന്നെ നിരാശ വ്യക്തമാണ്.
റഷ്യയുടെ പരീക്ഷണാത്മക ബാലിസ്റ്റിക് മിസൈല്‍ പ്രയോഗം യുദ്ധത്തില്‍ വ്യക്തവും കഠിനവുമായ വര്‍ദ്ധനവിന് തുല്യമാണെന്നും ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ശക്തമായി അപലപിക്കണമെന്നുമാണ് വൊളോഡിമിര്‍ സെലെന്‍സ്‌കി ആവശ്യപ്പെട്ടിരിക്കുന്നത്. പുടിന്‍ യുക്രെയിന്റെ സഖ്യകക്ഷികളെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചിട്ടുണ്ട്. റഷ്യന്‍ ആക്രമണത്തെത്തുടര്‍ന്ന് സുരക്ഷാ പ്രശ്നങ്ങള്‍ കാരണം യുക്രെയിന്‍ പാര്‍ലമെന്റ് സമ്മേളനവും മാറ്റിവച്ചിട്ടുണ്ട്. റഷ്യയുടെ ദീര്‍ഘദൂര RS-26 Rubezh ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലിന്റെ രൂപകല്‍പ്പനയെ അടിസ്ഥാനമാക്കിയാണ് റഷ്യ തൊടുത്തുവിട്ട പുതിയ മിസൈലിന്റെ രൂപകല്‍പനയെന്നാണ് അമേരിക്കന്‍ സൈന്യം പറയുന്നത്.
പരമ്പരാഗത വാര്‍ഹെഡ് ഉപയോഗിച്ചാണ് മിസൈല്‍ തൊടുത്തതെന്നാണ് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയമായ പെന്റഗണ്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ റഷ്യയ്ക്ക് എപ്പോള്‍വേണമെങ്കിലും ഇത് പരിഷ്‌കരിക്കാന്‍ കഴിയും. അതായത് ‘വ്യത്യസ്ത തരത്തിലുള്ള പരമ്പരാഗത ആയുധങ്ങളും അതല്ലെങ്കില്‍ ആണവ പോര്‍മുനകള്‍ വഹിക്കാനും പറ്റുന്ന തരത്തില്‍ ഇത് പുനഃസ്ഥാപിക്കാനാകുമെന്നാണ് ‘പെന്റഗണ്‍ വക്താവ് സബ്രീന സിംഗ് വ്യക്തമാക്കിയിരിക്കുന്നത്. ‘യുദ്ധഭൂമിയില്‍ പ്രയോഗിക്കാന്‍ പോകുന്ന ഏതൊരു ആയുധവും യുക്രെയിന് തികച്ചും ഭീഷണിയാണ്’. തീര്‍ച്ചയായും റഷ്യയുടെ പുതിയ ആയുധത്തില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും അവര്‍ മാധ്യമ പ്രവര്‍ത്തകരോട് തുറന്ന് പറയുകയുണ്ടായി.യഥാര്‍ത്ഥത്തില്‍ അമേരിക്കയുടെ ഭയമാണ് ഈ വാക്കുകളിലൂടെ പുറത്ത് വന്നിരിക്കുന്നത്.
റഷ്യയുടെ പുതിയ ഇന്റര്‍മീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിക്കുന്നത് ”വളരെ ആശങ്കാജനകമായ വികസനമാണ്”എന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് അഭിപ്രായപ്പെട്ടിരിക്കുന്നത്. റഷ്യയുടെ പുതിയ മിസൈലുകളുടെ വികസനം നാറ്റോ രാജ്യങ്ങളില്‍ എന്ത് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വാങ്ങണം ഏതൊക്കെ ആക്രമണ ശേഷികള്‍ പിന്തുടരണം എന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങളെ സ്വാധീനിച്ചേക്കാമെന്നാണ് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസിലെ തിമോത്തി റൈറ്റ് അഭിപ്രായപ്പെട്ടിരിക്കുന്നത്.
വടക്കന്‍ പോളണ്ടിലെ ഒരു പുതിയ അമേരിക്കന്‍ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ താവളം ഇതിനകം തന്നെ റഷ്യയുടെ ടാര്‍ഗറ്റ് ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. അതേസമയം, അമേരിക്കയും ബ്രിട്ടനും ദീര്‍ഘദൂര മിസൈല്‍ പ്രയോഗിക്കാന്‍ സമ്മതിച്ചതിന് ശേഷം റഷ്യ ഒരു ഇന്റര്‍മീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈല്‍ (ഐആര്‍ബിഎം) വികസനം പൂര്‍ത്തിയാക്കുമെന്ന് പുടിന്‍ നേരത്തെ സൂചന നല്‍കിയിരുന്നതായി കാലിഫോര്‍ണിയയിലെ മിഡില്‍ബറി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ നോണ്‍-പ്രൊലിഫറേഷന്‍ വിദഗ്ധന്‍ ജെഫ്രി ലൂയിസ് പറഞ്ഞു.
അമേരിക്കയുടെ സര്‍വ്വ അഹങ്കാരങ്ങളും ഒറ്റ മിസൈല്‍ കൊണ്ട് തകര്‍ത്ത റഷ്യ ഇനി അമേരിക്കന്‍ ആയുധം റഷ്യന്‍ മണ്ണില്‍ വീണാല്‍ ആദ്യം പോളണ്ടിലെ അമേരിക്കന്‍ താവളം ആക്രമിക്കുമെന്നാണ് സി.ഐ.എ കരുതുന്നത്. റഷ്യയോട് അടുത്ത് കിടക്കുന്ന അമേരിക്കന്‍ പ്രദേശമായ അലാസ്‌കയും നിലവില്‍ റഷ്യയില്‍ നിന്നും വലിയ സുരക്ഷാ ഭീഷണി നേരിടുന്നുണ്ട്. അമേരിക്കയ്ക്ക് ഒപ്പം നില്‍ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളും വലിയ ആശങ്കയിലാണ് ഉള്ളത്. ഇന്നുവരെ ഒരു യുദ്ധത്തിലും പ്രയോഗിക്കാത്ത ആയുധം റഷ്യ പുറത്തെടുത്ത സ്ഥിതിക്ക് ഇനിയും റഷ്യയെ പ്രകോപിപ്പിച്ചാല്‍ പൊടി പോലും കാണില്ലെന്ന ഭീതിയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുള്ളത്. വല്ലാത്തൊരു അരക്ഷിതാവസ്ഥയിലേക്കാണ് നിലവില്‍ അമേരിക്കന്‍ ചേരി മാറിയിരിക്കുന്നത്.അമേരിക്കന്‍ നിലപാടിനൊപ്പം നിന്ന് റഷ്യയെ പ്രകോപിപ്പിച്ച ബ്രിട്ടനും റഷ്യന്‍ പ്രതികാരത്തെ ഭയപ്പെടുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, റഷ്യയുടെ പുതിയ നീക്കം റഷ്യന്‍ ചേരിക്ക് വലിയ ആവേശമാണ് നല്‍കിയിരിക്കുന്നത്. ഇറാനും ഉത്തര കൊറിയയും വലിയ ആത്മവിശ്വാസത്തിലാണ് ഉള്ളത്. റഷ്യ തുടങ്ങിയാല്‍ ഒപ്പം നിന്ന് ഏതറ്റംവരെയും പോരാടാന്‍ തയ്യാറാണെന്ന നിലപാടാണ് ഈ രാജ്യങ്ങള്‍ക്കുള്ളത്. റഷ്യന്‍ ആണവ അന്തര്‍വാഹിനികളും യുദ്ധക്കപ്പലുകളും ഉള്‍പ്പെടെ യുദ്ധ സജ്ജമായി നിലയുറപ്പിച്ച് കഴിഞ്ഞതായ റിപ്പോര്‍ട്ടുകളും പുറത്ത് വന്ന് തുടങ്ങിയിട്ടുണ്ട്. ഏത് രാജ്യത്തിന്റെ ആയുധം റഷ്യയില്‍ പതിച്ചാലും ആ രാജ്യത്തെ ആക്രമിക്കുമെന്ന് റഷ്യന്‍ ടെലിവിഷനിലൂടെ അവസാന വാണിംഗ് ആണ് റഷ്യന്‍ പ്രസിഡന്റ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
Express View
വീഡിയോ കാണുക