തിരഞ്ഞെടുപ്പ് നടപടികളിൽ മാറ്റം വരുത്തി ബി.ജെ.പി

ശോഭാ സുരേന്ദ്രനും സന്ദീപ് വാര്യരും ഉയർത്തിയ സമീപകാല വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം

തിരഞ്ഞെടുപ്പ് നടപടികളിൽ മാറ്റം വരുത്തി ബി.ജെ.പി
തിരഞ്ഞെടുപ്പ് നടപടികളിൽ മാറ്റം വരുത്തി ബി.ജെ.പി

കൊല്ലം: ബി.ജെ.പി. സംഘടനാ തിരഞ്ഞെടുപ്പ് നടപടികളിൽ മാറ്റം. ഇനി ജില്ലാ പ്രസിഡന്റുമാരുടെ പ്രഖ്യാപനം കേന്ദ്രനേതൃത്വം ഏറ്റെടുക്കുന്നു. ജില്ലയിലെ നേതാക്കളിൽനിന്ന് അഭിപ്രായം സ്വീകരിച്ച് സംസ്ഥാന കോർ കമ്മിറ്റിയും വരണാധികാരിയും ആർ.എസ്.എസ്. നിയോഗിക്കുന്ന സംസ്ഥാന സംഘടനാ സെക്രട്ടറിയും ചേർന്നാണ് ഇതുവരെ ജില്ലാ പ്രസിഡന്റുമാരെ തീരുമാനിച്ചിരുന്നത്. നേരത്തേ കേന്ദ്ര നേതൃത്വം ഇടപെട്ടിരുന്നത് സംസ്ഥാന പ്രസിഡന്റ് മുതൽ മുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മാത്രമായിരുന്നു.

ശോഭാ സുരേന്ദ്രനും സന്ദീപ് വാര്യരും ഉയർത്തിയ സമീപകാല വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 20 ശതമാനം വോട്ടുനേടിയ സംസ്ഥാനം എന്നനിലയിൽ കേരളത്തെ ഗൗരവത്തിൽ തന്നെയാണ് ദേശീയനേതൃത്വം കാണുന്നത്. അതുകൊണ്ടുതന്നെയാണ് കേന്ദ്രം കേരളത്തിൽ കൂടുതൽ ശ്രദ്ധകൊടുക്കുന്നതും.

സംഘടനാ തിരഞ്ഞെടുപ്പ് നടപടി എന്നനിലയിൽ നാമനിർദേശമാണെങ്കിലും ജില്ലകളിലെ നേതാക്കളിൽനിന്ന് അഭിപ്രായം സ്വീകരിച്ചുതന്നെയാകും പ്രഖ്യാപനം ഉണ്ടാവുക. സംസ്ഥാന അധ്യക്ഷനെയും ആർ.എസ്.എസ്. നേതൃത്വത്തിൽനിന്നുള്ള അഭിപ്രായം തേടിയശേഷം ഈ രീതിയിൽ നാമനിർദേശം ചെയ്യും. ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറിയായിരുന്ന മുതിർന്ന പ്രചാരകൻ കെ.സുഭാഷിനെ അടുത്തിടെ ആർ.എസ്.എസ്. പിൻവലിച്ചിരുന്നു. പകരം ആളെ നൽകാത്തതിനാൽ ബി.ജെ.പി. കേരള ഘടകത്തിന് പൂർണസമയ സംഘടനാ സെക്രട്ടറിയില്ലാത്ത സ്ഥിതിയാണ് ഉള്ളത്.

Top