പുതുതായി എത്തുന്ന കോംപാക്ട് എസ്.യു.വിയുടെ പേര് പ്രഖ്യാപിച്ചു. കൈലാഖ് എന്ന പേരിലായിരിക്കും കോംപാക്ട് എസ്.യു.വി. ഒരുങ്ങുന്നത്. 2025 മാര്‍ച്ച് മാസത്തോടെ ഈ വാഹനം നിരത്തുകളില്‍ എത്തുമെന്ന സൂചനയാണ് നിര്‍മാതാക്കള്‍ നല്‍കിയിരിക്കുന്നത്.
സ്ഫടികം എന്ന് അര്‍ഥം വരുന്ന ക്രിസ്റ്റല്‍ എന്ന വാക്കിന്റെ സംസ്‌കൃത പദമാണ് കൈലാഖ് എന്നാണ് വാഹന നിര്‍മാതാക്കളായ സ്‌കോഡ അറിയിച്ചിരിക്കുന്നത്.പുതുതായി എത്തുന്ന കോംപാക്ട് എസ്.യു.വിക്ക് പേര് നിര്‍ദേശിക്കാനുള്ള അവസരം സ്‌കോഡ ഉപയോക്താക്കള്‍ക്ക് നല്‍കിയിരുന്നു. കെ എന്ന അക്ഷരത്തില്‍ ആരംഭിച്ച് ക്യൂ എന്ന ഇംഗ്ലീഷ് അക്ഷരത്തില്‍ അവസാനിക്കുന്ന പേര് വേണം നിര്‍ദേശിക്കാന്‍ എന്നതായിരുന്നു നിബന്ധന. ഇതിനായി നെയിം യുവര്‍ സ്‌കോഡ എന്ന വെബ്‌സൈറ്റും സ്‌കോഡ ആരംഭിച്ചിരുന്നു. ആകര്‍ഷകമായ പേര് നിര്‍ദേശിക്കുന്ന പത്തുപേര്‍ക്ക് പ്രാഗിലെ സ്‌കോഡ സന്ദര്‍ശിക്കാനുള്ള അവസരവും കമ്പനി ഉറപ്പുനല്‍കിയിരുന്നു.
കൈലാസ പര്‍വ്വതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ കോംപാക്ട് എസ്.യു.വി. ഒരുക്കുന്നതെന്നാണ് സ്‌കോഡ നല്‍കിയിരിക്കുന്ന വിശദീകരണം. നിലവില്‍ ഇന്ത്യയിലെ സ്‌കോഡയുടെ എസ്.യു.വികളുടെയെല്ലാം പേരുകള്‍ കെയില്‍ ആരംഭിച്ച് ക്യുവില്‍ അവസാനിക്കുന്നവയാണ്. 24,000 പേരുകളാണ് ഈ വാഹനത്തിന് നല്‍കുന്നതിനായി ആളുകള്‍ നിര്‍ദേശിച്ചത്. വാഹനത്തിന് നല്‍കുന്ന പേര് നിര്‍ദേശിക്കുന്ന ആള്‍ക്ക് ഈ വാഹനം സ്വന്തമാക്കി നല്‍കുമെന്നായിരുന്നു സ്‌കോഡയുടെ ഉറപ്പ്.
സ്‌കോഡയുടെ വിവിധ മോഡലുകളില്‍ കരുത്തേകുന്ന 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്നീ എന്‍ജിനുകള്‍ തന്നെയായിരിക്കും ഇന്ത്യ 2.5 മോഡലുകളിലും പ്രവര്‍ത്തിക്കുക. പുതുതായി ഒരുങ്ങുന്ന മോഡലില്‍ 120 ബി.എച്ച്.പി. പവറുള്ള 1.0 ലിറ്റര്‍ എന്‍ജിന്‍ മോഡലിനൊപ്പം മാനുവല്‍, ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നീ ട്രാന്‍സ്മിഷനുകള്‍ ഒരുങ്ങും. 1.5 എന്‍ജിനിലും ഈ വാഹനം എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.