CMDRF

മൊസാദിൻ്റെ കണ്ണ് വെട്ടിച്ച് ഇസ്രയേലിൽ ചാര പ്രവർത്തനം, നിരവധിപേർ അറസ്റ്റിൽ, രഹസ്യം അടിച്ചുമാറ്റി ഇറാൻ !

ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം പരിഹരിക്കപ്പെട്ടതോടെ ചൈനയ്ക്കെതിരായി ഇനി ഇന്ത്യയെ തിരിക്കാനും അമേരിക്കയ്ക്ക് കഴിയില്ല. മാത്രമല്ല, ഉത്തരകൊറിയക്ക് നേരെ പുതിയ ഉപരോധം കൊണ്ടുവരാനുള്ള അമേരിക്കന്‍ ശ്രമം ഉത്തര കൊറിയയുടെ കോപത്തിനും കാരണമായിട്ടുണ്ട്.

മൊസാദിൻ്റെ കണ്ണ് വെട്ടിച്ച് ഇസ്രയേലിൽ ചാര പ്രവർത്തനം, നിരവധിപേർ അറസ്റ്റിൽ, രഹസ്യം അടിച്ചുമാറ്റി ഇറാൻ !
മൊസാദിൻ്റെ കണ്ണ് വെട്ടിച്ച് ഇസ്രയേലിൽ ചാര പ്രവർത്തനം, നിരവധിപേർ അറസ്റ്റിൽ, രഹസ്യം അടിച്ചുമാറ്റി ഇറാൻ !

റാനിലെ ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ഇസ്രയേല്‍ ചാരനാണെന്ന വാര്‍ത്ത അടുത്തിടെയാണ് പുറത്ത് വന്നിരുന്നത്. ഇതോടൊപ്പം, ലെബനനില്‍ പേജറുകളും വാക്കി ടോക്കിയും പൊട്ടിത്തെറിച്ച് നിരവധി പേര്‍ കൊല്ലപ്പെടുക കൂടി ചെയ്തതോടെ ഇസ്രയേലിന്റെ ചാര സംഘടനയായ മൊസാദിന്റെ മിടുക്കായാണ് ഇതിനെ പാശ്ചാത്യമാധ്യമങ്ങള്‍ വാഴ്ത്തിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ പുറത്ത് വരുന്ന വിവരം മൊസാദിനെ വാഴ്ത്തിയവരുടെ വായ അടപ്പിക്കുന്നതാണ്.

ഇസ്രയേലിലെ സൈനിക താവളങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയും ഉന്നതരെ ഉള്‍പ്പെടെ നിരീക്ഷണം നടത്തുകയും ചെയ്‌തെന്ന് ആരോപിച്ച് ഇസ്രയേല്‍ പൗരന്മാരുടെ ഒരു വലിയ ശൃംഖലയെ തന്നെ ഇസ്രയേലി പോലീസും ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സിയും അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഈ സംഘം ഇറാന് വേണ്ടി ചാരപ്പണി നടത്തിയെന്നാണ് ഇസ്രയേല്‍ പറയുന്നത്.

Israel Flag

രണ്ട് വര്‍ഷമായി ഈ ശൃംഖല സജീവമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടപ്പോള്‍ അതുവരെ മൊസാദും മറ്റ് ഏജന്‍സികളും എന്ത് ചെയ്യുകയായിരുന്നുവെന്ന ചോദ്യമാണ് ഉയരുന്നത്. മാത്രമല്ല, ഇപ്പോള്‍ പിടികൂടപ്പെട്ട ഈ സംഘത്തിന് പുറമെ മറ്റ് എത്ര സംഘങ്ങള്‍ ഇസ്രയേലില്‍ രഹസ്യ ദൗത്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നതിനും നിലവില്‍ ഇസ്രയേല്‍ ഏജന്‍സികള്‍ക്ക് മുന്നില്‍ തെളിവുകളില്ല. പിടികൂടപ്പെട്ടവര്‍ക്ക് പോലും ഇതേക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്നതാണ് പുറത്ത് വരുന്ന വിവരം.

ഇറാനും ഹിസ്ബുള്ളയ്ക്കും ഹമാസിനും എല്ലാമെതിരെ അവരുടെ പാളയത്തിലെ ചാരന്‍മാരെ ഉപയോഗിച്ച് പകവീട്ടുന്ന ഇസ്രയേലിന് അതേ നാണയത്തില്‍ തന്നെയാണ് ഇറാന്‍ അനുകൂല സംഘടനകള്‍ ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്. ഈ ഘട്ടത്തില്‍ അങ്ങനെ മാത്രമേ വിലയിരുത്താന്‍ കഴിയുകയുള്ളൂ. ഏത് പ്രതിസന്ധിയിലും ഒറ്റക്കെട്ടായി നില്‍ക്കുന്ന പൗരന്മാരുള്ള രാജ്യം എന്ന് ലോകം വിലയിരുത്തുന്ന ഇസ്രയേലിലാണ് അവരുടെ പൗരന്മാരെ തന്നെ ഇറാന്‍ ചാരന്മാരാക്കി പണി കൊടുത്തിരിക്കുന്നത്. ഈ സംഭവം ലോക രാജ്യങ്ങളെയും അമ്പരപ്പിച്ചിട്ടുണ്ട്.

Iran Flag

ഇസ്രയേല്‍ പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കിരിയ എന്നറിയപ്പെടുന്ന ടെല്‍ അവീവിലെ പ്രതിരോധ ആസ്ഥാനവും നെവാറ്റിം, റമാത് ഡേവിഡ് എന്നീ എയര്‍ബേസുകള്‍ ഉള്‍പ്പെടെ ഇസ്രയേലിന്റെ തന്ത്രപ്രധാനമായ താവളങ്ങളെയും സൗകര്യങ്ങളെയും കുറിച്ചുള്ള ഫോട്ടോഗ്രാഫുകളും മറ്റ് വിവരങ്ങളും ശേഖരിച്ചു എന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ വര്‍ഷം ഇറാന്റെ രണ്ട് മിസൈല്‍ ആക്രമണങ്ങള്‍ നെവാറ്റിം ബേസ് ലക്ഷ്യമാക്കിയാണ് നടന്നിരുന്നത് റമാത് ഡേവിഡിനെ ആകട്ടെ ഹിസ്ബുള്ളയും ലക്ഷ്യമിട്ടിരുന്നു. ഇറാന്‍ ചേരിക്ക് വിവരം നല്‍കിയത് സ്വന്തം പൗരന്മാര്‍ തന്നെയാണെന്ന വിവരം ഇസ്രയേല്‍ ഭരണകൂടത്തിനും നാണക്കേടായിട്ടുണ്ട്.

രണ്ട് വര്‍ഷത്തിനിടെ ഈ ചാരസംഘം 600 ദൗത്യങ്ങള്‍ നടത്തിയതായാണ് ഇസ്രയേല്‍ പോലീസ് പറയുന്നത്. അടുത്ത കാലത്തന്വേഷിച്ച ഏറ്റവും ഗുരുതരമായ സുരക്ഷാ കേസുകളില്‍ ഒന്നാണിതെന്നാണ് ഉന്നത ഉദ്യോഗസ്ഥരും, സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍മാരും പറയുന്നത്. ഇറാനുവേണ്ടി ചാരവൃത്തി നടത്തിയതിന് ഒരു ഇസ്രയേലി വ്യവസായിയെ കഴിഞ്ഞ സെപ്തംബറില്‍ ഇസ്രയേല്‍ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ രണ്ട് പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടുന്ന ശൃംഖലയെക്കുറിച്ചുള്ള വാര്‍ത്തകളും പുറത്ത് വന്നിരുന്നു.

Benjamin Netanyahu

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പ്രതിരോധ മന്ത്രി, ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സിയുടെ തലവന്‍, എന്നിവരെ വധിക്കാനുള്ള സാധ്യതയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഈ വ്യവസായി രണ്ടുതവണ ഇറാനില്‍ പോയിരുന്നതായാണ് ഇസ്രയേല്‍ കണ്ടെത്തിയിരുന്നത്. ഇപ്പോള്‍ അറസ്റ്റിലായവര്‍ അസര്‍ബൈജാനില്‍ നിന്നുള്ള ജൂത കുടിയേറ്റക്കാരാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇവരുമായി ബന്ധപ്പെട്ട ചിലരാണ് ഒരു മാസം മുമ്പ് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നത്. യുദ്ധസമയത്ത് ശത്രുവിനെ സഹായിച്ചതിനുള്ള കുറ്റമാണ് ഇസ്രയേല്‍ വ്യവസായിയടക്കം പിടികൂടപ്പെട്ട എല്ലാ ഇസ്രയേലികള്‍ക്കും മീതെ ചുമത്തിയിരിക്കുന്നത്.

അതേസമയം, ഇസ്രയേല്‍ ഏജന്‍സി ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഒക്ടോബര്‍ 21ന് പിടികൂടപ്പെട്ട ഏഴ് ഇസ്രയേലി പൗരന്‍മാര്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ താവളങ്ങളിലെയും… ഊര്‍ജ -അടിസ്ഥാന സൗകര്യങ്ങളെയും കുറിച്ചുള്ള… തന്ത്രപ്രധാനമായ വിവരങ്ങളും… ശേഖരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. തെക്കന്‍ ഇസ്രയേലിലെ സെന്‍സിറ്റീവ് സൈറ്റുകള്‍ ചിത്രീകരിക്കുന്നതിനിടെയാണ് മൂന്ന് പ്രതികളെ പിടികൂടിയിരുന്നത്. അവരുടെ കൈവശത്ത് നിന്നും ഡസന്‍ കണക്കിന് രേഖകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Also Read: ‘യുക്രൈന്‍ യുദ്ധം ചര്‍ച്ചയിലൂടെ പരിഹരിക്കണം’; വ്‌ലാഡിമര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി

‘അല്‍ഖാന്‍’, ‘ഓര്‍ഖാന്‍’ എന്നറിയപ്പെടുന്ന രണ്ട് ഇറാനിയന്‍ ഇന്റലിജന്‍സ് ഏജന്റുമാരുടെ നേതൃത്വത്തില്‍ രണ്ട് വര്‍ഷത്തിലേറെയായി പ്രതികള്‍ ഒന്നിലധികം സുരക്ഷാ ദൗത്യങ്ങള്‍ നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധമായി കൂടുതല്‍ അന്വേഷണങ്ങള്‍ നടന്ന് വരികയാണെന്നാണ് പറയുന്നത്.

”തങ്ങള്‍ നല്‍കുന്ന രഹസ്യവിവരങ്ങള്‍ ദേശീയ സുരക്ഷയെ ബാധിക്കുമെന്നും ശത്രുവിന്റെ മിസൈല്‍ ആക്രമണങ്ങളെ സഹായിക്കാന്‍ കഴിയുമെന്നും… ചാരപ്പണി നടത്തിയവര്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു എന്നാണ് അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നത്. എയര്‍ഫോഴ്‌സ്, നേവി ഇന്‍സ്റ്റാളേഷനുകള്‍, തുറമുഖങ്ങള്‍, അയണ്‍ ഡോം സിസ്റ്റത്തിന്റെ ലൊക്കേഷനുകള്‍, ഹദേര പവര്‍ പ്ലാന്റ് പോലുള്ള ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍… എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്… രാജ്യവ്യാപകമായി നിരീക്ഷണം നടത്തിയതിന് പിന്നില്‍ ഇറാന്‍ മാത്രമാണോ അവരുടെ ഏതെങ്കിലും സൗഹൃദ രാജ്യത്തിന്റെ പങ്കുണ്ടോ എന്നത് അമേരിക്കന്‍ ഏജന്‍സികളും അന്വേഷിക്കുന്നുണ്ട്.

Also Read: നാറ്റോ സൈനിക സഖ്യത്തിലെ തുർക്കിയും ബ്രിക്സിലേക്ക്, റഷ്യയുടെ തന്ത്രത്തിൽ അടിപതറുന്നത് അമേരിക്ക

”ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികമായി നഷ്ടപരിഹാരം ലഭിച്ചത് ലക്ഷക്കണക്കിന് ഡോളറുകളാണെന്നാണ് ഇസ്രയേല്‍ പൊലീസ് പറയുന്നത്. ശേഖരിച്ച ഡാറ്റകളെല്ലാം ഇറാനിയന്‍ ഏജന്റുമാര്‍ക്ക് കൈമാറിയ ചാരന്‍മാര്‍ അവരുടെ മാര്‍ഗനിര്‍ദേശപ്രകാരം ചാരപ്രവര്‍ത്തിക്കായി പ്രത്യേകം വാങ്ങിയ നൂതന ഉപകരണങ്ങളാണ് ഉപയോഗിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ടാര്‍ഗെറ്റ് ചെയ്ത ഉന്നത വ്യക്തികളില്‍ ഒരാളെ നിരീക്ഷിക്കുന്നതിനിടെയാണ് ഒരു ഇസ്രയേലി ചാരന്‍ പിടികൂടപ്പെട്ടിരിക്കുന്നത്. ഉന്നതനെ ഉപദ്രവിക്കാന്‍ ഇറാന് പദ്ധതികള്‍ ഉണ്ടായിരുന്നതായാണ് ഇത് സംബന്ധമായ സുരക്ഷാ വിലയിരുത്തലുകളിലും സൂചിപ്പിച്ചിരിക്കുന്നത്.

ഈ പുതിയ അറസ്റ്റുകള്‍ ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജന്‍സികളുടെ കഴിവുകളല്ല ദൗര്‍ബല്യമാണ് ചൂണ്ടിക്കാട്ടുന്നത്. ഇത്രയും നാള്‍ ഇവര്‍ ചാരപ്രവര്‍ത്തനം നടത്തിയിട്ടും കണ്ടെത്താന്‍ പറ്റാതിരുന്നത് വലിയ വീഴ്ച തന്നെയാണ്. ഇസ്രയേല്‍ നന്നായി വികസിപ്പിച്ചെടുത്ത അവരുടെ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ക്കും മീതെ ശത്രുക്കള്‍ പറന്നു എന്നു തന്നെ വേണം കരുതാന്‍. അതായത്, ഇറാന്റെയും അവരുടെ അനുകൂലികളുടെയും നേതൃത്വത്തില്‍ നിരവധി സംഘങ്ങള്‍ ഇസ്രയേലില്‍ ചാരപ്രവര്‍ത്തനം നടത്തുന്നുണ്ട് എന്നത് ഇതില്‍ നിന്നും വ്യക്തമാണ്.

Also Read: പ്ലസ് ടു കോഴക്കേസ്; മുഴുവന്‍ മൊഴികളും ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം

ഇസ്രയേലിനെ സംബന്ധിച്ച് വന്‍ സുരക്ഷാ വീഴ്ച തന്നെയാണിത്. ഗാസയിലും ലെബനനിലും സൈനിക നടപടിയുമായി ഇസ്രയേല്‍ മുന്നോട്ട് പോകുമ്പോള്‍ ഇറാന്‍, ഇസ്രയേല്‍ പൗരന്മാരെ ഉപയോഗിച്ച് അവരുടെ രാജ്യത്തിനുള്ളില്‍ തന്നെ വലിയ പണിയാണ് നടത്തിയിരിക്കുന്നത്. അതിന്റെ പ്രത്യക്ഷ തെളിവ് കൂടിയാണ് ഈ അറസ്റ്റ്. ഇറാന്‍ അയച്ച മിസൈലുകള്‍ ഇസ്രയേലിന്റെ വ്യോമതാവളം തകര്‍ത്തതും ഈ ഘട്ടത്തില്‍ നാം ഓര്‍ക്കേണ്ടതുണ്ട്.

ഇറാനെതിരായി ഇസ്രയേല്‍ തിരിച്ചടിക്കുമെന്ന രഹസ്യ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കെ റഷ്യന്‍ ചേരിയും ബദല്‍ നീക്കവുമായി ഇപ്പോള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ഇറാനെ ശക്തമായി പിന്തുണയ്ക്കുന്ന റഷ്യയും ചൈനയും ഉത്തര കൊറിയയും സംഘര്‍ഷത്തില്‍ അമേരിക്ക ഇടപെട്ടാല്‍ സ്ഥിതി സങ്കീര്‍ണ്ണമാകുമെന്ന മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഇസ്രയേലിനെ സഹായിക്കാന്‍ അമേരിക്ക സൈനിക സന്നാഹം ശക്തമാക്കിയതോടെ തായ് വാനെ വളഞ്ഞാണ് ചൈന മറുപടി നല്‍കിയിരിക്കുന്നത്. അമേരിക്ക സംരക്ഷിക്കുന്ന തായ് വാനെ ഏത് നിമിഷവും ചൈന പിടിച്ചെടുക്കുമെന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതാകട്ടെ അമേരിക്കയുടെ സകല കണക്കുകൂട്ടലുകളും തെറ്റിക്കുന്ന നീക്കവുമാണ്.

India-China

ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം പരിഹരിക്കപ്പെട്ടതോടെ ചൈനയ്ക്കെതിരായി ഇനി ഇന്ത്യയെ തിരിക്കാനും അമേരിക്കയ്ക്ക് കഴിയില്ല. മാത്രമല്ല, ഉത്തരകൊറിയക്ക് നേരെ പുതിയ ഉപരോധം കൊണ്ടുവരാനുള്ള അമേരിക്കന്‍ ശ്രമം ഉത്തര കൊറിയയുടെ കോപത്തിനും കാരണമായിട്ടുണ്ട്. അവര്‍ അമേരിക്കയുടെ മറ്റൊരു സഖ്യരാജ്യമായ ദക്ഷിണ കൊറിയയുമായി യുദ്ധം ചെയ്യാനാണ് തയ്യാറെടുപ്പുകള്‍ നടത്തുന്നത്. ഈ രണ്ട് കമ്യൂണിസ്റ്റ് രാജ്യങ്ങളുടെ രോഷം എങ്ങനെ പൊട്ടിത്തെറിക്കുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങളും ഇപ്പോഴുള്ളത്. ഈ സാഹചര്യത്തില്‍ ഇസ്രയേല്‍… ഇറാനെ കൂടി ആക്രമിച്ചാല്‍ അമേരിക്കയ്ക്ക് സഖ്യരാജ്യങ്ങളെ എല്ലാം സഹായിക്കാന്‍ പറ്റാത്ത സാഹചര്യമാണ് സംജാതമാകുക. ‘എന്തുകൊണ്ട്, ഇസ്രയേല്‍ ഇറാനെതിരെ തിരിച്ചടിക്കുന്നില്ല എന്ന് ചോദിക്കുന്നവര്‍ ഈ യാഥാര്‍ത്ഥ്യങ്ങള്‍ കൂടി തിരിച്ചറിയുന്നത് നല്ലതാണ്.

Express Kerala Network

വീഡിയോ കാണാം

Top