റിയാദ്: സൗദി ശൂറാ കൗൺസിലിന്റെ ഒമ്പതാം സമ്മേളനകാലത്തിന്റെ ആദ്യവർഷ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യ്ത് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര പലസ്തീൻ സ്ഥാപിക്കാതെ ഇസ്രായേലുമായി സൗദി അറേബ്യ നയതന്ത്രബന്ധം സ്ഥാപിക്കില്ലെന്ന് ഉദ്ഘാടന വേളയിൽ അദ്ദേഹെ പറഞ്ഞു.
അന്താരാഷ്ട്ര, മാനുഷിക നിയമങ്ങളെ അവഗണിച്ചുകൊണ്ട് പലസ്തീൻ ജനതക്കെതിരായ ഇസ്രായേൽ അതോറിറ്റിയുടെ കുറ്റകൃത്യങ്ങളെ സൗദി ശക്തമായി അപലപിക്കുകയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പലസ്തീൻ പ്രശ്നം രാജ്യത്തിന്റെ ആശങ്കയുടെ മുൻപന്തിയിലാണ്. അന്താരാഷ്ട്ര നിയമസാധുതയുടെ മൂർത്തീഭാവമായി പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച രാജ്യങ്ങൾക്ക് നന്ദിയുണ്ട്. സമാനനടപടികൾ സ്വീകരിക്കാൻ മറ്റ് രാജ്യങ്ങളോട് ആവശ്യപ്പെടുകയാണെന്നും കിരീടാവകാശി പറഞ്ഞു.
Also Read: ഇക്കുറി വിമാന’യാത്ര’ റോഡിലൂടെ! 11 ദിവസമെടുത്ത് 3 വിമാനങ്ങൾ റിയാദിലെത്തി
ഭരണസ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിൽ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിലും അപ്ഡേറ്റ് ചെയ്യുന്നതിലും ശൂറാ കൗൺസിൽ ഫലപ്രദമായ പങ്കു വഹിച്ചതായി കിരീടാവകാശി എടുത്തുപറഞ്ഞു. ‘വിഷൻ 2030’ ആരംഭിച്ചത് മുതൽ തന്റെ മേൽനോട്ട ചുമതലകളും അംഗീകൃത തന്ത്രങ്ങളും പദ്ധതികളും നടപ്പാക്കുന്നതിനുള്ള തുടർച്ചയായ നടപടികളും കിരീടാവകാശി സൂചിപ്പിച്ചു.