നിരവധി വാഹനങ്ങളുമായി ഇന്ത്യയിലെത്തിയ ജാപ്പനീസ് വാഹന നിര്‍മാതാക്കളായിരുന്നു നിസാന്‍. എന്നാല്‍, ഓരോ വാഹനങ്ങളായി പിന്‍വലിച്ച് ഇപ്പോള്‍ മാഗ്നൈറ്റ് എന്ന ഒരൊറ്റ മോഡലുമായാണ് വിപണിയിലെ ഏറ്റുമുട്ടി നില്‍ക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ വീണ്ടും കരുത്താര്‍ജിക്കുന്നതിന്റെ ഭാഗമായി മറ്റൊരു വാഹനത്തെ കൂടി നിരത്തുകളില്‍ എത്തിക്കാനുള്ള നീക്കത്തിലാണ് നിസാന്‍. എക്സ്-ട്രെയില്‍ എന്ന എസ്.യു.വിയാണ് നിസാന്‍ വാഹനനിരയിലേക്ക് എത്തുന്നത്. ആഗോള വിപണിയിലെ നാലാം തലമുറ എക്സ്-ട്രെയിലായിരിക്കും ഇന്ത്യയില്‍ എത്തുന്നത്. 2022 ഒക്ടോബറില്‍ ഈ വാഹനം പ്രദര്‍ശനത്തിന് എത്തിച്ചിരുന്നെങ്കിലും അവതരണം സംബന്ധിച്ച് സൂചനകള്‍ നല്‍കിയിരുന്നില്ല. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അസരിച്ച് ജൂണിലോ ജൂലായിലോ ഈ വാഹനം അവതരിപ്പിക്കുമെന്നാണ് വിവരം. ഇന്ത്യയില്‍ നിര്‍മിക്കുന്നതിന് പകരം വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്തായിരിക്കും എക്‌സ് -ട്രെയില്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത് എത്തുന്നതിനാല്‍ തന്നെ എക്‌സ്- ട്രെയിലിന്റെ 2500 യൂണിറ്റ് മാത്രമായിരിക്കും പ്രതിവര്‍ഷം ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുകയെന്നാണ് വിലയിരുത്തല്‍.
ഇന്ത്യയിലെ ഏഴ് സീറ്റര്‍ എസ്.യു.വി. ശ്രേണിയിലേക്കാണ് എക്സ് ട്രെയില്‍ എത്തുന്നത്. 1.5 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഈ എന്‍ജിന്‍ 204 ബി.എച്ച്.പി. പവറും 305 എന്‍.എം. ടോര്‍ക്കുമായിരിക്കും ഉത്പാദിപ്പിക്കുക. സി.വി.ടി. ഗിയര്‍ബോക്‌സായിരിക്കും ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുക. സ്‌കോഡ കോഡിയാക് ഉള്‍പ്പെടെയുള്ള പ്രീമിയം എസ്.യു.വിയുമായായിരിക്കും ഈ വാഹനം മത്സരിക്കുന്നത്. 4680 എം.എം. നീളം, 2065 എം.എം. വീതി, 1725 എം.എം. ഉയരം, 2705 എം.എം. വീല്‍ബേസ് എന്നിങ്ങനെയായിരിക്കും ഈ വാഹനത്തിന്റെ അളവുകള്‍. ഏഴ് സീറ്ററായി ഉപയോഗിച്ചാല്‍ 456 ലിറ്ററിന്റെയും അഞ്ച് സീറ്ററാകുമ്പോള്‍ 585 ലിറ്ററിന്റെയും ബൂട്ട് സ്‌പേസാണ് ഈ വാഹനം നല്‍കുക. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റന്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഹെഡ്സ് അപ്പ് ഡിസ്‌പ്ലേ, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിങ്ങനെ നിരവധി ഫീച്ചറുകളും ഈ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.