ന്യൂയോര്‍ക്ക്: ഭൗമകാന്തികമണ്ഡലത്തെ സൗരവാത പ്രവാഹം ശല്യപ്പെടുത്തുന്നതിന്റെ ഫലമായാണ് അറോറ രൂപപ്പെടുന്നത്. സൂര്യനിൽ നിന്നുള്ള ചാർജുള്ള കണങ്ങളുടെ അഥവാ അയോണുകളുടെ ശക്തമായ പ്രവാഹമാണ് സൗരവാതങ്ങൾ. അമേരിക്കയിലും കാനഡയിലും ഈ ആഴ്‌ച ഇത് ദൃശ്യമായിരുന്നു. എന്നാൽ ഓഗസ്റ്റ് 3, 4 ദിവസങ്ങളില്‍ അമേരിക്കയില്‍ നോർത്തേൺ ലൈറ്റ്സ് കാണാനാകും എന്നാണ് ശാസ്ത്രലോകത്തിന്‍റെ പ്രവചനം.
എന്നാല്‍ എത്രനേരം ഈ ആകാശക്കാഴ്‌ച ദൃശ്യമാകും എന്ന് വ്യക്തമല്ല. സൗരകൊടുങ്കാറ്റുകള്‍ സജീവമായി തുടരുകയാണ് എന്ന് അമേരിക്കന്‍ ബഹിരാകാശ കാലാവസ്ഥാ പ്രവചന കേന്ദ്രം അറിയിക്കുന്നു. ഇതിനാല്‍ ഓഗസ്റ്റ് 3, 4 തിയതികളിലേക്ക് മിതമായ തോതിലുള്ള ജിയോമാഗ്‌നറ്റിക് കൊടുങ്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നോര്‍ത്തേണ്‍ ലൈറ്റ്‌സ് കാണാനായി കാത്തിരിക്കുന്നവര്‍ക്ക് വളരെ ആകാംക്ഷ നല്‍കുന്ന വാര്‍ത്തയാണിത്.
ഓഗസ്റ്റ് 1ന് സംഭവിച്ച വളരെ ശക്തമായ M.8 ക്ലാസ് സൗരകൊടുങ്കാറ്റിനെ തുടര്‍ന്നുള്ള കൊറോണൽ മാസ് ഇജക്ഷൻ (സിഎംഇ) കളാണ് ഇന്നും നാളെയും ധ്രുവദീപ്തിക്ക് കാരണമാകുന്നത്. ന്യൂയോര്‍ക്കിലും ഐഡഹോ സംസ്ഥാനത്തുമാണ് നോര്‍ത്തേണ്‍ ലൈറ്റ്‌സ് ദൃശ്യമാവുക എന്നാണ് അമേരിക്കന്‍ ബഹിരാകാശ കാലാവസ്ഥാ പ്രവചന കേന്ദ്രത്തിന്‍റെ കണക്കുകൂട്ടല്‍.
ബഹിരാകാശത്ത് സൗരവാതങ്ങളും ഭൂമിയുടെ കാന്തികമണ്ഡലവും പ്രതിപ്രവര്‍ത്തിക്കുന്നതിന്‍റെ ഫലമായാണ് ധ്രുവദീപ്തി രൂപപ്പെടുന്നത്. സൗരവാതങ്ങളില്‍ നിന്നുള്ള ചാര്‍ജുള്ള കണങ്ങളെ ഭൂമിയുടെ കാന്തികവലയങ്ങള്‍ ആകര്‍ഷിക്കുകയും ഈ കണങ്ങൾ ഭൗമാന്തരീക്ഷത്തിലെ വാതക തൻമാത്രകളുമായി കൂട്ടിയിടിച്ച് ധ്രുവദീപ്തി ഉണ്ടാകുകയുമാണ് ചെയ്യുന്നത്. ഈ കൂട്ടിയിടികൾ പ്രകാശം ഉൽപ്പാദിപ്പിക്കുന്നു. യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷൻ പറയുന്നത് പ്രകാരം ഭൂമിയുടെ കാന്തികമണ്ഡലത്തിന് ധ്രുവപ്രദേശങ്ങളില്‍ ശക്തി കൂടുതലാണ്.