CMDRF

മോഷ്ടിച്ച സ്‌കൂട്ടറിന്റെ നമ്പര്‍ തിരുത്തി കറക്കം , പിടികൂടി എ.ഐ. ക്യാമറ

മോഷ്ടിച്ച സ്‌കൂട്ടറിന്റെ നമ്പര്‍ തിരുത്തി കറക്കം , പിടികൂടി എ.ഐ. ക്യാമറ
മോഷ്ടിച്ച സ്‌കൂട്ടറിന്റെ നമ്പര്‍ തിരുത്തി കറക്കം , പിടികൂടി എ.ഐ. ക്യാമറ

ഹരിപ്പാട്: മോഷ്ടിച്ച സ്‌കൂട്ടറിന്റെ നമ്പര്‍ തിരുത്തി ഉപയോഗിച്ചിരുന്നയാള്‍ ഹെല്‍മെറ്റില്ലാതെ യാത്രചെയ്യുന്നതിനിടെ എ.ഐ. ക്യാമറയില്‍ കുടുങ്ങി. സൈക്കിള്‍ മോഷണത്തിന് അടുത്തിടെ ഹരിപ്പാട്ട് അറസ്റ്റിലായ കണ്ണൂര്‍ നാറാത്ത് ദേവാനുരാഗി വീട്ടില്‍ വെള്ളംകുളങ്ങര കുന്നത്രവടക്കതില്‍ താമസിക്കുന്ന രാജപ്പനാ(61)ണു കുടുങ്ങിയത്. സൈക്കിള്‍ മോഷണക്കേസില്‍ ഇയാള്‍ റിമാന്‍ഡിലാണ്. അറസ്റ്റിലാകുന്നതിനു മുന്‍പ് മേയ് 17, ജൂലായ് ഒന്‍പത് തീയതികളിലായി ഹരിപ്പാട്ടെയും വീയപുരത്തെയും എ.ഐ. ക്യാമറകളിലാണ് ഇയാള്‍ ഹെല്‍മെറ്റില്ലാതെ യാത്രചെയ്യുന്ന ചിത്രം പതിഞ്ഞത്.

ആലപ്പുഴ ആര്‍.ടി.ഒ. ഓഫീസ് ജീവനക്കാരന്‍ വെണ്മണി സ്വദേശി മണിക്കുട്ടന്റെ കെ.എല്‍. 30 സി. 5682 നമ്പര്‍ സ്‌കൂട്ടര്‍ കഴിഞ്ഞ ഏപ്രിലില്‍ ഹരിപ്പാട് റെയില്‍വേ സ്റ്റേഷനു സമീപത്തുനിന്നു മോഷണം പോയിരുന്നു. രാവിലെ ഓഫീസില്‍ പോയപ്പോള്‍ സ്റ്റേഷന്റെ കിഴക്കുഭാഗത്തു സൂക്ഷിച്ചിരുന്ന സ്‌കൂട്ടര്‍ വൈകുന്നേരം മടങ്ങിയെത്തിയപ്പോള്‍ കണ്ടില്ല. മണിക്കുട്ടന്‍ അന്നുതന്നെ ഹരിപ്പാട് പോലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.

സ്‌കൂട്ടറിന്റെ നമ്പരിലെ അവസാന അക്കം മായിച്ചുകളഞ്ഞാണ് പ്രതി ഉപയോഗിച്ചുവന്നത്. എ.ഐ. ക്യാമറയില്‍ ഇയാള്‍ ഹെല്‍മെറ്റില്ലാതെ യാത്രചെയ്യുന്ന ചിത്രം ലഭിച്ചതിനാല്‍ ഈ നമ്പരിലെ സ്‌കൂട്ടറിന്റെ ഉടമയ്ക്ക് പിഴയടയ്ക്കാനുള്ള നോട്ടീസ് അയച്ചു. തന്റെ സ്‌കൂട്ടറല്ലെന്നും ഓടിക്കുന്ന ആളിനെ അറിയില്ലെന്നും കാണിച്ച് ഉടമ മോട്ടോര്‍വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിനു പരാതി നല്‍കി.

വിശദമായ പരിശോധനയില്‍ നമ്പരിലെ അവസാന അക്കം മായിച്ചതായി ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്നാണ് യഥാര്‍ഥ നമ്പര്‍ തിരിച്ചറിയുന്നതും മണിക്കുട്ടന്റെ നഷ്ടപ്പെട്ട സ്‌കൂട്ടറാണിതെന്നു സ്ഥിരീകരിക്കുന്നതും. മോഷ്ടാവ് തന്റെ സ്‌കൂട്ടറില്‍ യാത്രചെയ്യുന്നതിന്റെ എം.വി.ഡി. നല്‍കിയ ചിത്രവുമായി മണിക്കുട്ടന്‍ ഹരിപ്പാട് പോലീസിനെ സമീപിച്ചപ്പോഴാണ് ജൂലായ് 18-ന് സൈക്കിള്‍ മോഷണത്തിനു പിടിയിലായ പ്രതിയാണിതെന്നറിയുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ സ്‌കൂട്ടര്‍ പിടികൂടിയിട്ടുണ്ട്. സ്‌കൂട്ടര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സൂക്ഷിച്ചിട്ടാണ് പ്രതി സൈക്കിള്‍ മോഷണത്തിനിറങ്ങിയിരുന്നത്. റിമാന്‍ഡില്‍ കഴിയുന്ന പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

Top