കേരളത്തില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. തലസ്ഥാന മണ്ഡലമായതിനാല്‍ ദേശീയ ശ്രദ്ധേയും കൂടുതലാണ്. ഇവിടെ സിറ്റിംഗ് എം.പിയായ ശശി തരൂരിനെ തന്നെയാണ് കോണ്‍ഗ്രസ്സ് ഒരിക്കല്‍ കൂടി നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് എത്തിയ ബി.ജെ.പിയാകട്ടെ മണ്ഡലം പിടിച്ചെടുക്കുമെന്ന വാശിയില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ഇടതുപക്ഷത്തിന് രാഷ്ട്രീയ മേല്‍ക്കോയ്മയുള്ള മണ്ഡലം ഇത്തവണയെങ്കിലും പിടിച്ചെടുക്കണമെന്ന വാശിയില്‍ മുന്‍ എം.പി കൂടിയായ പന്ന്യന്‍ രവീന്ദ്രനെയാണ് ഇടതുപക്ഷം രംഗത്തിറക്കിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥികളില്‍ ദരിദ്രനെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്നതും പന്ന്യന്‍ രവീന്ദ്രന്‍ തന്നെയാണ്. പാര്‍ട്ടി ഓഫീസില്‍ താമസിച്ച് ബസിലും ട്രെയിനിലും ഓട്ടോയിലും യാത്ര ചെയ്തും നടന്നുമാണ് ഇന്നും പന്ന്യന്‍ രവീന്ദ്രന്‍ തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്.
വാക്കില്‍ മാത്രമല്ല, പ്രവര്‍ത്തിയിലും ഒരു തികഞ്ഞ കമ്യൂണിസ്റ്റാണ് സി.പി.ഐയുടെ പ്രമുഖ നേതാവ് കൂടിയായ പന്ന്യന്‍ രവീന്ദ്രന്‍. വിജയിച്ചാലും തോറ്റാലും രാജീവ് ചന്ദ്രശേഖറിനെ പോലെ ഒരിക്കലും പന്ന്യന്‍ കേന്ദ്രമന്ത്രിയാകാന്‍ പോകുന്നില്ല. തരൂരിനെ പോലെ ലോകം അറിയുന്ന ആളായി മാറാനും പോകുന്നില്ല. എന്നാല്‍, മറ്റൊരു കാര്യം ഉറപ്പാണ്. അദ്ദേഹം വിജയിച്ചു കഴിഞ്ഞാലും ഇല്ലെങ്കിലും ഇവിടെ തന്നെയുണ്ടാകും. ഇപ്പോള്‍ കാണുന്നതു പോലെ ഏതെങ്കിലും തട്ടുകടയുടെ കസേരയിലും പാര്‍ട്ടി ഓഫീസിലും തെരുവിലു ഒക്കെയായി ജനങ്ങളുടെ ഇടയില്‍ അദ്ദേഹം കാണും. സമ്പന്നരുടെ സഹായം വേണ്ടന്ന് പരസ്യമായി പറയാന്‍ അദ്ദേഹത്തിന് ഒരു മടിയും ഇല്ല. അതുകൊണ്ടു തന്നെ രാഷ്ട്രീയ എതിരാളികള്‍ക്ക് പോലും ഇന്നുവരെ ഒരു അഴിമതി ആരോപണം പോലും ഉന്നയിക്കാനും സാധിച്ചിട്ടില്ല. ആര്‍ക്കും എപ്പോഴും എളുപ്പത്തില്‍ സമീപിക്കാന്‍ കഴിയുന്ന പൊതുപ്രവര്‍ത്തകന്‍ കൂടിയാണ് പന്ന്യന്‍ രവീന്ദ്രന്‍.
2005-ല്‍ തിരുവനന്തപുരം ലോകസഭ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പന്ന്യന്‍ രവീന്ദ്രന് വിജയിക്കാന്‍ സാധിച്ചതിനു പിന്നിലും അദ്ദേഹത്തിന്റെ എളിമ വലിയ പങ്കു വഹിച്ചിട്ടുണ്ട്. കാലം മാറിയെങ്കിലും പന്ന്യന്‍ മാറിയിട്ടില്ല. അയാള്‍ ഇന്നും പഴയ പോലെ തന്നെയാണുള്ളത്. നിയമസഭാ മണ്ഡലങ്ങളുടെ എണ്ണത്തില്‍ ഇടതുപക്ഷത്തിനാണ് ഭൂരിപക്ഷമെങ്കിലും 2009- മുതല്‍ തിരുവനന്തപുരം ലോകസഭ മണ്ഡലത്തില്‍ നിന്നും വിജയിച്ചു വരുന്നത് ശശി തരൂരാണ്. അന്താരാഷ്ട്ര തലത്തിലുള്ള തരൂരിന്റെ പ്രതിച്ഛായയും അദ്ദേഹത്തിന്റെ വിജയത്തില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. പന്ന്യനെ പോലെ സാധാരണക്കാരനല്ല തരൂര്‍ അസാധാരണ ശേഷിയുള്ള വ്യക്തിത്വമാണ് അദ്ദേഹത്തിനുള്ളത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖറാകട്ടെ ദേശീയ തലത്തില്‍ അറിയപ്പെടുന്ന മന്ത്രിമാത്രമല്ല പ്രമുഖ മാധ്യമ സ്ഥാപനങ്ങളുടെ ഉടമ കൂടിയാണ്. ഈ രണ്ട് കാരണങ്ങളാല്‍ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്പെയ്സ് ലഭിക്കുന്നതും രാജീവ് ചന്ദ്രശേഖറിനും ശശി തരൂരിനുമാണ്.
കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളില്‍ രണ്ടാം സ്ഥാനത്തെത്തിയെന്നതാണ് ബി.ജെ.പിയുടെ ആത്മവിശ്വാസത്തിന്റെ അടിത്തറ. പക്ഷേ ഇതൊന്നും തന്നെ പന്ന്യന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടില്ലന്നതാണ് യാഥാര്‍ത്ഥ്യം. എം.പി എന്ന നിലയിലെ ശശി തരൂരിന്റെ മണ്ഡലത്തിലെ അസാന്നിദ്ധ്യമാണ് അദ്ദേഹത്തിന്റെ മുഖ്യ പോരായ്മയായി ബി.ജെ.പിയും ഇടതുപക്ഷവും ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 99,989 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തരൂര്‍ വിജയിച്ചിരിക്കുന്നത്. നാലാം ജയത്തില്‍ കുറഞ്ഞൊന്നും തരൂര്‍ ഇപ്പോള്‍ പ്രതീക്ഷിക്കുന്നില്ലങ്കിലും അദ്ദേഹത്തിന് കാര്യങ്ങള്‍ എളുപ്പമല്ല. ക്രൈസ്തവ വിഭാഗത്തിനിടയില്‍ തരൂര്‍ കടുത്ത എതിര്‍പ്പ് നേരിടുന്നുണ്ട്. ഇതിനു പുറമെ, നേരത്തെ അദ്ദേഹം പ്രഖ്യാപിച്ചിരുന്ന ഇരട്ടനഗരം പദ്ധതി ഉള്‍പ്പെടെ യാഥാര്‍ത്ഥ്യമായില്ലെന്നത് അടക്കമുള്ള ചില ആക്ഷേപങ്ങളും വോട്ടിംഗില്‍ പ്രതിഫലിക്കാന്‍ സാധ്യതയുണ്ട്. കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പാണ് മറ്റൊരു പ്രശ്നം. പഴയ ഗ്ലാമര്‍ പരിവേഷമൊന്നും നിലവില്‍ തരൂരിനില്ല. ഇതും ഒരു അട്ടിമറി സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണ്.
തലസ്ഥാന മണ്ഡലത്തിന്റെ 70 ശതമാനത്തിലധികം പ്രദേശവും നഗരമേഖലയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്തെ കണക്ക് പ്രകാരം 13,34,665 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. കഴക്കൂട്ടം, കോവളം, തിരുവനന്തപുരം, നേമം, പാറശ്ശാല എന്നീ തീരദേശ അസംബ്ലി മണ്ഡലങ്ങളും നെയ്യാറ്റിന്‍കര, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളും ഉള്‍പ്പെട്ടതാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലം. ഹിന്ദു വിഭാഗത്തിനാണ് ഇവിടെ മുന്‍തൂക്കമുള്ളത്. ക്രിസ്ത്യന്‍, മുസ്ലീം വോട്ടുകളാണ് തൊട്ടുപിന്നില്‍. ചെറിയൊരു ശതമാനം പട്ടികജാതി, പട്ടികവര്‍ഗ്ഗ വോട്ടുകളുമുണ്ട്.കഴിഞ്ഞ 18 തിരഞ്ഞെടുപ്പു ഫലങ്ങള്‍ പരിശോധിച്ചാല്‍ അല്പം മുന്‍തൂക്കം യു.ഡി.എഫിനാണുള്ളത്. എന്നാല്‍ ഈ ചരിത്രം എപ്പോള്‍ വേണമെങ്കിലും മാറി മറിയാവുന്നതുമാണ്.
നാലു തവണ സ്വതന്ത്രരും ഒരിക്കല്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയും തിരുവനന്തപുരത്ത് വിജയിച്ചിട്ടുണ്ട്. ഇടതുപക്ഷം ജയിച്ചത് നാലു തവണയാണ്. ശേഷിക്കുന്ന ഫലങ്ങളെല്ലാം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കുള്ളതാണ്. 2009-ല്‍ ഒരു ലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തിലാണ് ശശിതരൂര്‍ ആദ്യമായി ഇവിടെ ജയിച്ചത്. 2014-ല്‍, ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍ പ്രധാന പ്രതിയോഗിയായപ്പോള്‍ തരൂരിന്റെ ഭൂരിപക്ഷം 15,470 വോട്ടുകളായി കുത്തനെ കുറഞ്ഞിരുന്നു. എന്നാല്‍, രാഹുല്‍ ഇഫക്ട് പ്രകടമായ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍, വീണ്ടും ഭൂരിപക്ഷം ഒരു ലക്ഷത്തിനടുത്തെത്തുകയാണ് ഉണ്ടായത്. നേമം അസംബ്ളി മണ്ഡലത്തില്‍ മാത്രമാണ് തരൂരിന് രണ്ടാം സ്ഥാനത്തേക്ക് പോകേണ്ടിവന്നിരുന്നത്. ഇടതു പക്ഷത്തിനാവട്ടെ മൂന്ന് മണ്ഡലങ്ങളില്‍ മാത്രമാണ് രണ്ടാം സ്ഥാനം കിട്ടിയത്. എന്നാല്‍, 2021 -ലെ അസംബ്ലി തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ തിരുവനന്തപുരം ലോകസഭ മണ്ഡലം മൊത്തത്തില്‍ ഇടതുപക്ഷത്തിന് അനുകൂലമാണ്. കോവളത്ത് മാത്രമാണ് യു.ഡി.എഫിന് ജയിക്കാന്‍ കഴിഞ്ഞിരിക്കുന്നത്. ഇടതുപക്ഷത്തിന്റെ സകല പ്രതീക്ഷയും ഈ കണക്കുകളില്‍ തന്നെയാണ്.
EXPRESS KERALA VIEW