തിരുവനന്തപുരം: കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് ശരിവച്ച ഹൈക്കോടതി വിധി ജനാധിപത്യത്തിന്റെ വിജയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 2021-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ കെ ബാബു പൊരുതി നേടിയ വിജയത്തെ അപഹസിക്കാനാണ് തുടക്കം മുതല്‍ക്കെ എല്‍ഡിഎഫും സിപിഐഎമ്മും ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഏതുവിധേനയും കെ ബാബുവിനെ അയോഗ്യനാക്കാന്‍ എല്ലാ അടവുകളും സിപിഐഎം പയറ്റി. ആരോപണങ്ങള്‍ തെളിയിക്കാന്‍ ഹാജരാക്കിയ രേഖകളുടെ വിശ്വസനീയത കോടതിയെ ബോധ്യപ്പെടുത്താന്‍ പോലും ഹര്‍ജിക്കാര്‍ക്കായില്ല. വ്യാജരേഖ ഉണ്ടാക്കിയാണോ കോടതിയെ സമീപിച്ചതെന്ന സംശയം പോലും നിലനില്‍ക്കുന്നുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.
ജനകീയ കോടതിയുടെ വിധി ഹൈക്കോടതി ശരിവച്ചത് ജനാധിപത്യത്തെ ശക്തിപ്പെടുത്തും. കെ ബാബുവിനേയും യുഡിഎഫിനെയും ബോധപൂര്‍വ്വം അപഹസിക്കാന്‍ ശ്രമിച്ചവരുടെ മുഖത്തേറ്റ അടിയാണ് ഹൈക്കോടതി വിധിയെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.