എസ്.എഫ്.ഐ എന്ന വിദ്യാര്‍ത്ഥി സംഘടനയെ ഒരു ഭീകര സംഘടന ആയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ചിത്രീകരിച്ച് വരുന്നത്. യൂണിവേഴ്സിറ്റി കോളജിലെ ചാപ്പകുത്തല്‍ വിവാദം മുതല്‍ വയനാട്ടിലെ സിദ്ധാര്‍ത്ഥിന്റെയും നൃത്താദ്ധ്യാപകന്റെയും ആത്മഹത്യയില്‍ വരെ കോണ്‍ഗ്രസ്സും ബി.ജെ.പിയും മുസ്ലീംലീഗുമെല്ലാം ഈ ഭീകര പ്രയോഗം തുടരുകയാണ്. ഈ തിരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷത്തിനെതിരെ പ്രയോഗിക്കാന്‍ ബി.ജെ.പിയും യു.ഡി.എഫും മത്സരിച്ചാണ് എസ്.എഫ്.ഐക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവല്‍ക്കരിച്ച് നടക്കുന്ന ഈ പ്രചരണങ്ങള്‍ക്കിടെയും താന്‍ പഴയ എസ്.എഫ്.ഐക്കാരനാണെന്ന് ആവര്‍ത്തിച്ച് തുറന്നു പറഞ്ഞു കൊണ്ടിരിക്കുകയാണ് നടന്‍ സുരേഷ് ഗോപി.
താന്‍ ഒരു മുന്‍ എസ്.എഫ്.ഐക്കാരന്‍ ആണെന്നത് സി.പി.എം നേതാവ് എം.എ ബേബിക്ക് അറിയാമെന്നും ഇക്കാര്യം ബേബിയോട് ചോദിക്കാനുമാണ് സുരേഷ് ഗോപി പറയുന്നത്. എസ്.എഫ്.ഐ എന്ന വാക്ക് പറയാന്‍ പോലും നാണക്കേടാണെന്ന് പ്രതിപക്ഷ നേതാക്കള്‍ പറയുമ്പോഴാണ് തൃശൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി താന്‍ മുന്‍ എസ്.എഫ്.ഐക്കാരന്‍ ആണെന്ന് തുറന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത്. സുരേഷ് ഗോപി സംഘിയാണെങ്കിലും സംഘി പാളയത്തില്‍ ഇരുന്ന് പഴയ ആ യാഥാര്‍ത്ഥ്യം വിളിച്ചു പറയുന്നത് എസ്.എഫ്.ഐയ്ക്കുള്ള അംഗീകാരം തന്നെയാണ്. ഒരു എസ്.എഫ്.ഐക്കാരന്‍ ആയിരുന്നു എന്ന് സുരേഷ് ഗോപി പോലും പറയുന്നുണ്ടെങ്കില്‍ ആ സംഘടനയുടെ പ്രസക്തി എന്താണെന്നും എസ്.എഫ്.ഐയുടെ നാള്‍ വഴികള്‍ എങ്ങനെയൊക്കെ ആയിരുന്നു എന്നതും എസ്എഫ്‌ഐ വിരുദ്ധ തിമിരം ബാധിച്ചവര്‍ മനസ്സിലാക്കുന്നത് നല്ലതാണ്.
ഇത് സുരേഷ് ഗോപിയുടെ മാത്രം അനുഭവമല്ല. സിനിമാ മേഖലയില്‍ ഇന്ന് മുന്‍ നിരയിലുള്ള താര രാജാക്കന്‍മാര്‍ മുതല്‍ പുതുമുഖ താരങ്ങള്‍ വരെ അവരുടെ പഠനകാലത്ത് എസ്.എഫ്.ഐ ആയിരുന്നു എന്നത് ഏതൊരാള്‍ക്കും പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുന്ന കാര്യമാണ്. ഇതേ മേധാവിത്വം മാധ്യമ മേഖലയിലും പ്രകടമാണ്. കേരളത്തിലെ എല്ലാ വാര്‍ത്താ ചാനലുകളിലെയും മാധ്യമ പ്രവര്‍ത്തകരില്‍ ബഹുഭൂരിപക്ഷവും പഴയ എസ്.എഫ്.ഐ പ്രവര്‍ത്തകരാണ്. എന്നാല്‍ അവര്‍ ചെന്ന് പെട്ട ഇടം സുരേഷ് ഗോപിയെ പോലെ തന്നെ മറ്റൊരു കമ്യൂണിസ്റ്റ് വിരുദ്ധ താവളമായതിനാല്‍ പ്രധാനമായും ഇടതുപക്ഷ വിരുദ്ധ പ്രവര്‍ത്തനമാണ് നടത്തി വരുന്നത്. വിപ്ലവ മുദ്രാവാക്യം വിളിച്ച നാവുകളില്‍ നിന്നും ഒരു ദയാദാക്ഷിണ്യവും ഇല്ലാതെയാണ് ഇടതുവിരുദ്ധ നിലപാടുകള്‍ പുറത്ത് വരുന്നത്.
എസ്.എഫ്.ഐയിലൂടെ ആര്‍ജിച്ചെടുത്ത നിലപാടുകളുടെ കരുത്തും ചങ്കുറപ്പുമാണ് തങ്ങളെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കു വഹിച്ച എസ്.എഫ്.ഐക്ക് എതിരെ തന്നെ, ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകര്‍ പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളെ മാത്രമല്ല ചാനല്‍ ഉടമകളെ വരെ ഹരം പിടിപ്പിക്കുന്ന കാഴ്ചകളാണിത്. പഴയ എസ്.എഫ്.ഐക്കാരനാണെങ്കില്‍ ജോലി ഉറപ്പ് എന്നതാണ് ചാനലുകളിലെ ഇപ്പോഴത്തെ അവസ്ഥ. അവസരവാദ നിലപാടാണിത്. അതെന്തായാലും പറയാതെ വയ്യ.
പഴയ എസ്.എഫ്.ഐ. പുതിയ എസ്.എഫ്.ഐ എന്നൊക്കെ വേര്‍തിരിക്കുന്നവര്‍ പഴയ മനുഷ്യരുടെ ചിന്താഗതിയാണോ ഇപ്പോഴത്തെ മനുഷ്യരുടെ ചിന്താഗതി എന്നതിനും മറുപടി പറയേണ്ടതുണ്ട്. കാലം മാറുന്നതിന് അനുസരിച്ചുള്ള മാറ്റം എല്ലാ രംഗത്തും വരും അത് എസ്.എഫ്.ഐയിലും പ്രകടമാകും.കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ അണിചേര്‍ന്ന സംഘടനയാണ് എസ്.എഫ്.ഐ. സംഘടനയില്‍ അംഗത്വമെടുക്കുന്ന എല്ലാവരുടെയും സ്വഭാവം മുന്‍കൂട്ടി തിരിച്ചറിയാനുള്ള യന്ത്രമൊന്നും എസ്.എഫ്.ഐയുടെ കൈവശമില്ലാത്തതിനാല്‍ സ്വാഭാവികമായും പല സ്വഭാവക്കാരും സംഘടനയില്‍ എത്തും. അങ്ങനെ ഉള്ളവര്‍ തനിസ്വഭാവം കാണിക്കുമ്പോള്‍ നടപടി എടുക്കുക എന്നതു മാത്രമാണ് അത്തരം ഘട്ടങ്ങളില്‍ ചെയ്യാന്‍ കഴിയുക.
സിദ്ധാര്‍ത്ഥ് വിഷയത്തില്‍ ഉള്‍പ്പെടെ എസ്.എഫ്.ഐ നടപടി സ്വീകരിച്ചിട്ടുമുണ്ട്. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ പോഷക സംഘടനകള്‍ ഇപ്പോഴും കൊലക്കേസ് പ്രതികളെ ഉള്‍പ്പെടെ ന്യായീകരിക്കുകയാണ് ചെയ്യുന്നത്.മറ്റു സംഘടനകളും എസ്.എഫ്.ഐയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളില്‍ ഇതും ഉള്‍പ്പെടും.ഈ തിരഞ്ഞെടുപ്പ് കാലത്ത് എസ്.എഫ്.ഐയെ മുന്‍ നിര്‍ത്തി ഇടതുപക്ഷത്തെ പ്രതിപക്ഷം ടാര്‍ഗറ്റ് ചെയ്യുന്നതു കൊണ്ടാണ് ഇക്കാര്യവും സൂചിപ്പിക്കേണ്ടി വരുന്നത്.
EXPRESS KERALA VIEW