ദില്ലി: ബജറ്റ് സമ്മേളനം സര്‍ഗാത്മകമായിരിക്കുമെന്നും ജനങ്ങളുടെ ആവശ്യങ്ങളുടെ പൂര്‍ത്തികരണത്തിന് ഒന്നിച്ച് നീങ്ങണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോദി. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെയാണ് അവതരിപ്പിക്കുക. മൂന്നാമത് അധികാരത്തിലെത്താനും ബജറ്റ് അവതരിപ്പിക്കാനുമുള്ള ഭാഗ്യം ലഭിച്ചുവെന്നും ജനകീയ ബജറ്റായിരിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.
ജനങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്ന ബജറ്റായിരിക്കും. അമൃതകാലത്തെ സുപ്രധാന ബജറ്റായിരിക്കുമിത്. ബജറ്റ് സമ്മേളനം സുഗമമായി കൊണ്ടുപോകാന്‍ എല്ലാ ജനപ്രതിനിധികളും സഹകരിക്കണം. 2047ലേക്കുള്ള റോഡ് മാപ്പ് കൂടിയാണ് ഈ ബജറ്റ്. വിദ്വേഷം മാറ്റിവെച്ച് പ്രതിപക്ഷം സഹകരിക്കണം. പഴയകാല വൈരാഗ്യങ്ങള്‍ മറക്കണം. രാജ്യത്തിന്റെ വികസനം കൂട്ടുത്തരവാദിത്തമാണ്. ചില കക്ഷികള്‍ പ്രതിലോമരാഷ്ട്രീയമാണ് പിന്തുടരുന്നത്.
ചില പാര്‍ട്ടികള്‍ പാര്‍ലമെന്റിന്റെ വിലയേറിയ സമയം നഷ്ടപ്പെടുത്തുകയാണ്. പരാജയം മറച്ചുവെയ്ക്കാന്‍ ബഹളം വെച്ച് അന്തരീക്ഷം മോശമാക്കുന്നു. ജനങ്ങളുടെ അംഗീകാരത്തോടെയാണ് വീണ്ടും അധികാരത്തിലെത്തിയത്. ജനവിധി മായ്ച്ച് കളയാനാവില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.