കോട്ടയം: ദല്ലാള്‍ നന്ദകുമാറുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് ഉന്നയിക്കുന്നത്. വാക്കുകള്‍ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് സ്വയം തെളിയിച്ചയാളാണ് പി.സി. ജോര്‍ജ്. തെളിവുണ്ടെങ്കില്‍ പി.സി. ജോര്‍ജ് ഹാജരാക്കട്ടെയെന്നും സ്റ്റീഫന്‍ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. കെ.എം.മാണിയെ മുഖ്യമന്ത്രിയാക്കാന്‍ സി.പി.എം. ശ്രമം നടത്തിയെന്ന ദല്ലാള്‍ നന്ദകുമാറിന്റെയും ഇതിനായി ചര്‍ച്ച നടത്തിയെന്ന പി.സി. ജോര്‍ജിന്റെയും പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു സ്റ്റീഫന്‍ ജോര്‍ജ്.
മുഖ്യമന്ത്രിയാകാന്‍ കെ.എം. മാണി ശ്രമിച്ചിട്ടില്ലെന്നും ആരോപണങ്ങളില്‍ വാസ്തവമില്ലെന്നും സ്റ്റീഫന്‍ ജോര്‍ജ്. എല്‍.ഡി.എഫും സി.പി.എമ്മും ഒരു അട്ടിമറിക്ക് ശ്രമിച്ചെന്ന് കരുതുന്നില്ലെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. രണ്ടുപേരുടെ ഭൂരിപക്ഷത്തിലാണ് അന്നത്തെ യു.ഡി.എഫ്. സര്‍ക്കാര്‍ ഭരിച്ചത്. മുഖ്യമന്ത്രിയാകണമെന്നുണ്ടായിരുന്നെങ്കില്‍ മാണിക്ക് നേരത്തേ ചെയ്യാമായിരുന്നല്ലോ. അദ്ദേഹം ഒരിക്കലും അതിന് ശ്രമിച്ചിട്ടില്ല. ആരെങ്കിലും വ്യക്തിപരമായി എവിടെയെങ്കിലും ചര്‍ച്ച നടത്തിയെങ്കില്‍ പാര്‍ട്ടി ഉത്തരവാദിയല്ലെന്നും സ്റ്റീഫന്‍ ജോര്‍ജ് വ്യക്തമാക്കി.