CMDRF

കേരളത്തിലെ ജനങ്ങള്‍ കിറ്റിന് അടിമകളായി; സുരേഷ് ഗോപി

കേരളത്തിലെ ജനങ്ങള്‍ കിറ്റിന് അടിമകളായി; സുരേഷ് ഗോപി
കേരളത്തിലെ ജനങ്ങള്‍ കിറ്റിന് അടിമകളായി; സുരേഷ് ഗോപി

തൃശൂര്‍: കേരളത്തിലെ ജനങ്ങള്‍ കിറ്റിന് അടിമകളായെന്നും അതില്‍ നിന്നും മോചനം വേണമെന്നും തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍. ഇന്ന് ഓശാന ഞായറിനോട് അനുബന്ധിച്ച് ക്രൈസ്തവ ദേവാലയങ്ങളും സ്ഥാനാര്‍ത്ഥികള്‍ സന്ദര്‍ശിച്ചു. പ്രാര്‍ത്ഥനകളിലും ശുശ്രൂഷകളിലും വിവിധ സ്ഥാനാര്‍ത്ഥികള്‍ പങ്കെടുത്തു. ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് മാത്രമായിരുന്നു മിക്ക സ്ഥാനാര്‍ത്ഥികളുടെയും രാവിലത്തെ പര്യടനം. സുരേഷ് ഗോപിയും പള്ളികള്‍ സന്ദര്‍ശിച്ചു.

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ രാവിലെ 7 മണി മുതല്‍ 9 വരെയുള്ള സമയം നീക്കിവെച്ചത് വിവിധ ക്രൈസ്തവ ദേവാലയങ്ങള്‍ സന്ദര്‍ശിക്കാന്‍. ആദ്യമെത്തിയത് പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍. കുരുത്തോല പ്രദക്ഷിണത്തിലും പങ്കെടുത്തു. പിന്നാലെ പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ പ്രാര്‍ത്ഥനയ്ക്ക് ഒപ്പം ചേര്‍ന്നു. സ്‌പെന്‍സറിലെ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലും , യാക്കോബായ പള്ളിയിലും , ലൂര്‍ദ് പള്ളിയിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് മറ്റു പരിപാടികളിലേക്ക് ശശി തരൂര്‍ കടന്നത്.

എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍ കുടുംബസമേതം എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലിലെ കുര്‍ബാനയില്‍ പങ്കെടുത്തു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ ജെ ഷൈന്‍ വടക്കന്‍ പറവൂര്‍ സെന്റ് ജോസഫ് കൊത്ത ലെന്‍ഗോ ചര്‍ച്ചിലാണ് പ്രാര്‍ത്ഥനയില്‍ പങ്കെടുത്തത്. കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എസ്.എച്ച് മൗണ്ടിലുള്ള ഇടവക പള്ളിയില്‍ ശുശ്രൂഷകളില്‍ പങ്കെടുത്തു. ഭാര്യക്ക് ഒപ്പമായിരുന്നു പ്രാര്‍ത്ഥനയ്ക്ക് എത്തിയത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജ് അതിരമ്പുഴ പള്ളിയില്‍ രാവിലെ 5.30 മുതല്‍ ചടങ്ങുകളില്‍ പങ്കെടുത്തു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി വിവിധ ദേവാലയങ്ങളില്‍ സന്ദര്‍ശനം നടത്തി. ആലപ്പുഴ ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ എം ആരിഫ് പൂങ്കാവ്, തുമ്പോളി പള്ളികളില്‍ ഓശാന തിരുന്നാളിന് എത്തി.

Top