റോം: ആകാശത്തുവെച്ച് എഞ്ചിനില്‍ തീപ്പിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. ഇറ്റലിയിലെ റോമിലുള്ള ഫിയുമിസിനോ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ഹൈനാന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിനാണ് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം തീപ്പിടിച്ചത്.
ചൈനയിലെ ഷെന്‍ഷെനിലേക്ക് പോവുകയായിരുന്ന വിമാനം പക്ഷി ഇടിച്ച് എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്ന് തീപിടിക്കുകയായിരുന്നു. വിമാനത്തിലെ 249 യാത്രക്കാര്‍ക്കും 16 ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്ന് ഇറ്റാലിയന്‍ കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ അറിയിച്ചു. ഷെന്‍ഷെനിലേക്ക് പുറപ്പെട്ട ഡ്രീംലൈനര്‍ 787-9 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പ്രാദേശിക സമയം രാവിലെ 9:55നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യങ്ങളില്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് എയര്‍ലൈന്‍ അറിയിച്ചു.
Also Read: ജനുവരി മുതൽ സ്വിറ്റ്സർലാൻഡിൽ ബുർഖയ്‌ക്ക് നിരോധനം
ബോയിംഗ് 787 ഡ്രീംലൈനര്‍ കടലില്‍ ഇന്ധനം ഒഴുക്കിയ ശേഷം സുരക്ഷിതമായി ഫിയുമിസിനോയിലേക്ക് മടങ്ങി തിരിച്ചിറക്കി. വിമാനം ഉയര്‍ന്നുപൊങ്ങിയതിന് ശേഷം വലത് എഞ്ചിനില്‍ തീജ്വാലകള്‍ കാണുകയായിരുന്നു. തുടര്‍ന്ന് തിരിച്ചിറക്കാനുള്ള നടപടി സ്വീകരിച്ചു. നാശനഷ്ടത്തിന്റെ വ്യാപ്തി വിലയിരുത്താന്‍ സമഗ്രമായ പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.