CMDRF

കാവഡ് വിവാദ ഉത്തരവിനെതിരെയുള്ള ഹർജി ഇന്ന് പരിഗണിക്കും

കാവഡ് വിവാദ ഉത്തരവിനെതിരെയുള്ള ഹർജി ഇന്ന് പരിഗണിക്കും
കാവഡ് വിവാദ ഉത്തരവിനെതിരെയുള്ള ഹർജി ഇന്ന് പരിഗണിക്കും

ഡൽഹി: വിവാദമായ കാവഡ് യാത്ര ഉത്തരവിനെതിരെയുള്ള ഹർജി ഇന്ന് പരിഗണിക്കും. എ. പി. സി. ആർ നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. കാവഡ് യാത്ര കടന്നുപോകുന്ന വഴികളിലുള്ള എല്ലാ ഭക്ഷണശാലകളിലും ഉടമകളുടെയും ജീവനക്കാരുടെയും പേരുകളടങ്ങിയ ബോർഡുകൾ പ്രദർശിപ്പിക്കണമെന്നായിരുന്നു വിവാദ ഉത്തരവ്.

ജസ്റ്റിസുമാരായ ഋഷികേഷ് റോയ്, എസ്.വി. എൻ ഭാട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന സംഘടനയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഉത്തരവ് പിൻവലിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. വിവാദ ഉത്തരവിനെതിരെ പ്രതിപക്ഷവും എൻ. ഡി. എയിലെ സഖ്യകക്ഷികളും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.

വിഷയത്തിൽ കോടതികൾ സ്വമേധയാ കേസെടുക്കണമെന്ന് യു.പി മുൻ മുഖ്യമന്ത്രിയും എസ്.പി നേതാവുമായ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ഭരണകൂടത്തിന്റെ പിന്തുണയോടെ വംശഹത്യ നടപ്പാക്കാനുള്ള നീക്കമാണിതെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേഡ പറഞ്ഞു. ഹിറ്റ്ലർ ജർമനിയിൽ ജൂതവ്യാപാരികളെ ബഹിഷ്‌കരിച്ചതിനെയാണ് യോഗി ഭരണകൂടത്തിന്റെ ഉത്തരവ് അനുസ്മരിപ്പിക്കുന്നതെന്നായിരുന്നു എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസി പ്രതികരിച്ചത്.

‘മനുഷ്യത്വം’ എന്നൊരു പേരുമാത്രമേ കടകൾക്കു മുന്നിൽ പാടുള്ളൂവെന്നായിരുന്നു ബോളിവുഡ് താരം സോനു സൂദിൻറെ പ്രതികരണം. എക്സിലൂടെയാണ് സോനു സൂദ് വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കിയത്. എല്ലാ കടകൾക്കും മുന്നിൽ ഒരൊറ്റ നെയിംപ്ലേറ്റ് മാത്രമേ പാടുള്ളൂ; മനുഷ്യത്വം എന്നാകണം അത് എന്നായിരുന്നു താരം കുറിച്ചത്.

Top