ന്യൂഡൽഹി: ഫിസിഷ്യന്മാർ നിർദേശിക്കപ്പെടുന്ന മരുന്നുമായി ബന്ധപ്പെട്ട എല്ലാത്തരം അപകടസാധ്യതകളും പാർശ്വഫലങ്ങളും രോഗികളോട് വ്യക്തമാക്കാൻ മെഡിക്കൽ പ്രൊഫഷണലുകളെ നിർബന്ധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീംകോടതി.
സുപ്രീംകോടതി പരിഗണിച്ചത് ഹർജി തള്ളിയ ഡൽഹി ഹൈകോടതിയുടെ മേയ് 15ലെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയാണ്. അതേസമയം ഇത് പ്രായോഗികമല്ലെന്ന് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
ഹർജിക്കാരനായ ജേക്കബ് വടക്കുംചേരിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറയുന്നത് നിർദേശിക്കുന്ന മരുന്നുകളുടെ പാർശ്വഫലങ്ങളെക്കുറിച്ച് രോഗികളെ അറിയിക്കാൻ ഡോക്‌ടർമാർ ബാധ്യസ്ഥരാണ് എന്ന സുപ്രധാന പ്രശ്‌നമാണ്. എന്നാൽ, ഇത്തരത്തിൽ ഇത് പാലിച്ചാൽ ഒരു ജനറൽ പ്രാക്ടീഷണർക്ക് 10 മുതൽ 15 വരെ രോഗികളെ പരിചരിക്കാൻ കഴിയില്ലെന്നും ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം കേസുകൾ ഉണ്ടാകാമെന്നും ബെഞ്ച് നിരീക്ഷിച്ചു.
Also Read : പ്രതിഷേധത്തിന് ഫലമുണ്ടായി; നരഭോജി പുള്ളിപ്പുലിക്ക് ജീവപര്യന്തം ശിക്ഷ
പ്രശാന്ത് ഭൂഷൺ അഭിപ്രായപ്പെടുന്നത് മെഡിക്കൽ അശ്രദ്ധകൊണ്ടുണ്ടാവുന്ന ഉപഭോക്തൃ സംരക്ഷണ കേസുകൾ ഒഴിവാക്കാൻ ഇത് ഏറെ സഹായിക്കുമെന്നാണ്. അതോടൊപ്പം നിർദേശിക്കപ്പെടുന്ന മരുന്നുകളുടെ പാർശ്വഫലങ്ങളെക്കുറിച്ച് പ്രിന്‍റ് ചെയ്ത കുറിപ്പ് ഡോക്ടർമാർക്ക് ലഭ്യമാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ഒരു ഡോക്ടർ വിവിധ രോഗികൾക്ക് വ്യത്യസ്ത മരുന്നുകൾ ആണ് നൽകുന്നതെന്ന് ബെഞ്ച് പറഞ്ഞു. കൂടാതെ തെറ്റായ മരുന്നുകൾ നിർദേശിക്കുന്നത് മൂലം രോഗികൾക്ക് ഉണ്ടാകുന്ന ദോഷത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന പറഞ്ഞിട്ടുണ്ടെന്നും ഭൂഷൺ വാദിച്ചു. ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിധിയിൽ മെഡിക്കൽ പ്രൊഫഷനെ കൊണ്ടുവന്ന സുപ്രീംകോടതി വിധിയിൽ ഡോക്ടർമാർ അതൃപ്തരാണെന്ന് ഹർജി തള്ളിക്കൊണ്ട് ബെഞ്ച് സൂചിപ്പിച്ചു.
രാജ്യത്ത് പ്രാക്ടീസ് ചെയ്യുന്ന എല്ലാ മെഡിക്കൽ പ്രൊഫഷണലുകളും രോഗിക്ക്, ഒരു മരുന്ന് അല്ലെങ്കിൽ ഒരു ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നവുമായി ബന്ധപ്പെട്ട അപകടസാധ്യതകളും പാർശ്വഫലങ്ങളും പ്രാദേശിക ഭാഷയിൽ അധിക കുറിപ്പിന്റെ രൂപത്തിൽ വ്യക്തമാക്കാൻ കേന്ദ്രത്തിനും ദേശീയ മെഡിക്കൽ കമ്മീഷൻ നിർദേശം നൽകണമെന്നായിരുന്നു ഹർജിക്കാരൻ ഹൈകോടതിയിൽ ആവശ്യപ്പെട്ടത്.