CMDRF

വിലങ്ങ് അഴിച്ച് ഓടിയ പ്രതിയെ ഒടുവിൽ പിടികൂടി പോലീസ്

പോലീസ് സ്റ്റേഷനില്‍ നിന്നും കോടതിയിലേക്ക് കൊണ്ടു പോകവെ തടവ് ചാടിയയാളെ പാടത്തിട്ട് സാഹസീകമായി പിടികൂടിയിരിക്കുകയാണ് ബീഹാര്‍ പോലീസ്

വിലങ്ങ് അഴിച്ച് ഓടിയ പ്രതിയെ ഒടുവിൽ പിടികൂടി പോലീസ്
വിലങ്ങ് അഴിച്ച് ഓടിയ പ്രതിയെ ഒടുവിൽ പിടികൂടി പോലീസ്

കുറ്റവാളികളെ അറസ്റ്റ് ചെയ്ത് കഴിഞ്ഞാല്‍ പിന്നെ അവരുടെ സംരക്ഷണം പോലീസിന്‍റെ ചുമതലയാണ്. ജയിലിലോ കോടതിയിലോ എത്തിക്കുന്നതിന് മുമ്പ് തടവുകാരന്‍ തടവ് ചാടിയാല്‍ പിന്നെ പോലീസിന് പൊല്ലാപ്പാണ്. സസ്പെന്‍ഷന്‍ വരെ ലഭിക്കാം. അതുകൊണ്ട് അത്തരമൊരു നീക്കം തടവുകാരന്‍റെ ഭാഗത്ത് നിന്നും ഉണ്ടായാല്‍ എന്ത് ത്യാഗം സഹിച്ചും പോലീസ് ഉദ്യോഗസ്ഥര്‍ അയാളെ പിടികൂടാന്‍ ശ്രമിക്കും. അത്തരത്തില്‍ പോലീസ് സ്റ്റേഷനില്‍ നിന്നും കോടതിയിലേക്ക് കൊണ്ടു പോകവെ തടവ് ചാടിയയാളെ പാടത്തിട്ട് സാഹസീകമായി പിടികൂടിയിരിക്കുകയാണ് ബീഹാര്‍ പോലീസ്.

കഴിഞ്ഞ ശനിയാഴ്ച ബീഹാറിലെ മുംഗറിലെ ധാർഹാര പോലീസ് സ്റ്റേഷനില്‍ നിന്നും മറ്റൊരു തടവുകാരനോടൊപ്പം ഓട്ടോറിക്ഷയിൽ മുംഗേർ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സൂരജ് (കരിവ) എന്ന തടവുകാരനാണ് രക്ഷപ്പെട്ടത്. ഓട്ടോ റിക്ഷ, പെട്രോള്‍ അടിക്കാനായി പമ്പില്‍ നിര്‍ത്തിയിട്ടിരുന്ന സമയത്ത്. കൂടെയുണ്ടായിരുന്ന നാല് പോലീസ് കോൺസ്റ്റബിൾമാരുടെയും ഒരു പോലീസ് ഓഫീസറുടെയും ശ്രദ്ധ മാറിയപ്പോള്‍ ഇയാള്‍ ഓട്ടോയില്‍ വച്ച് തന്നെ തന്‍റെ വിലങ്ങ് വിദഗ്ദമായി അഴിക്കുകയും പിന്നാലെ ഇറങ്ങി ഓടുകയുമായിരുന്നു.

റോഡിന് സമീപത്തെ പാടത്തേക്ക് രക്ഷപ്പെടാനായി ഇയാള്‍ ഇറങ്ങി ഓടിയെങ്കിലും പാടത്ത് സാധാരണയില്‍ കവിഞ്ഞ് വെള്ളമുണ്ടായിരുന്നതിനാല്‍ വേഗം നഷ്ടപ്പെട്ടു. ഇതോടെ പിന്നാലെ പാഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടുകയായിരുന്നു. ഈ സമയം ദൃക്സാക്ഷികള്‍ പകര്‍ത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പോലീസ് കോൺസ്റ്റബിൾമാരുടെ സമയോജിതമായ പ്രവര്‍ത്തിയാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചതെന്ന് ധർഹാര പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Top