കൊച്ചി: സേലം-കൊച്ചി ദേശീയപാതയില്‍ മലയാളികളെ ആക്രമിച്ചത് 11 അംഗ സംഘമെന്ന് പൊലീസ്. മൂന്ന് വാഹനങ്ങളിലെത്തിയ അക്രമിസംഘം വാഹനങ്ങളില്‍ ഉപയോഗിച്ചിരുന്നത് വ്യാജ നമ്പര്‍ പ്ലേറ്റുകളാണെന്നും കവര്‍ച്ചാ കേസുകളില്‍ സ്ഥിരം പ്രതിയായ പാലക്കാട് സ്വദേശിയാണ് കേസിലെ മുഖ്യ പ്രതിയെന്നും പൊലീസ് സ്ഥിരീകരിച്ചു. മറ്റൊരു പ്രതി ലഹരിക്കേസുകളിലും പ്രതിയാണ്. ദേശീയപാത കേന്ദ്രീകരിച്ച് കുഴല്‍പ്പണം, സ്വര്‍ണം എന്നിവയുമായി വരുന്നവരെ ലക്ഷ്യമിട്ടായിരുന്നു ഇവരുടെ ആക്രമണ പദ്ധതികള്‍. ഇത്തരത്തില്‍ ഒരു വാഹനത്തെ ലക്ഷ്യമിട്ടാണ് ഇവര്‍ വെള്ളിയാഴ്ചയും ആക്രമണത്തിനിറങ്ങിയതെങ്കിലും വാഹനം മാറിപ്പോകുകയായിരുന്നു.
ആക്രമണത്തിനുശേഷം, പ്രതികള്‍ ഉപയോഗിച്ചിരുന്ന കാറുകള്‍ മലമ്പുഴ ഡാം പരിസരത്താണ് ഒളിപ്പിച്ചിരുന്നത്. ഇവിടെനിന്ന് കാറുകള്‍ മാറ്റുന്നതിനിടെ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചതോടെയാണ് പ്രതികള്‍ പിടിയിലായത്. മറ്റു പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. ഏതാനും പേര്‍ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. തമിഴ്നാട് മധുക്കര പൊലീസും പാലക്കാട് കസബ പൊലീസും സംയുക്തമായാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിനായി ഡിഎസ്പിയുടെ നേതൃത്വത്തില്‍ 3 പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചതായി മധുക്കര പൊലീസ് അറിയിച്ചു.
അതേസമയം, ആക്രമണത്തിനിരയായ യുവാക്കളുടെ പരാതി പരിഗണിക്കാന്‍ വിസമ്മതിച്ച കുന്നത്തുനാട് പൊലീസിനെതിരെ അന്വേഷണത്തിന് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയെ റൂറല്‍ എസ്പി ചുമതലപ്പെടുത്തി. ബുധനാഴ്ച ഡിവൈഎസ്പി ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികളുണ്ടായേക്കും. പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ ശിവദാസ് (29), രമേഷ് ബാബു (27), കുന്നത്തുപാളയം സ്വദേശി വിഷ്ണു (28), മല്ലപ്പള്ളി അജയ് കുമാര്‍ (24) എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. മദ്രാസ് റജിമെന്റില്‍ സൈനികനാണ് അറസ്റ്റിലായ വിഷ്എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്ലം സിദ്ദിഖ്, ചാള്‍സ് റജി എന്നിവരും സഹപ്രവര്‍ത്തകരുമാണ്ആ ക്രമണത്തിനിരയായത്. മധുക്കര സ്റ്റേഷന്‍ പരിധിയിലെ എല്‍ ആന്‍ഡ് ടി ബൈപ്പാസിനു സമീപമായിരുന്നു ആക്രമണം. ബെംഗളൂരുവില്‍നിന്ന് കമ്പനിയിലേക്കുള്ള കംപ്യൂട്ടറുകള്‍ വാങ്ങിയ ശേഷം മടങ്ങിവരും വഴിയാണ് ആക്രമണത്തിന് ഇരയായത്.