തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കാണാതായ ആസാമീസ് പെണ്‍കുട്ടി തസ്മിദ് തംസുമിനായി തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. കന്യാകുമരി റെയില്‍വേ സ്റ്റേഷനില്‍ പെണ്‍കുട്ടിയെത്തിയതായി സ്ഥിരീകരിച്ചു. ദൃശ്യങ്ങള്‍ ആര്‍പിഎഫിന് ലഭിച്ചു. പെണ്‍കുട്ടിക്കായുള്ള അന്വേഷണം അസമിലേക്ക് നീണ്ടേക്കും. ഐലന്‍ഡ് എക്സ്പ്രസില്‍ വന്നിറങ്ങിയ പെണ്‍കുട്ടി വിവേക് എക്സ്പ്രസില്‍ കയറിയെന്നാണ് സംശയം. വിവേക് എക്സ്പ്രസില്‍ പരിശോധന നടത്തുന്നുണ്ട്. ആര്‍പിഎഫ് സംഘമാണ് പരിശോധന നടത്തുന്നത്. കന്യാകുമാരിയില്‍ നിന്നും അസമിലേക്കുള്ള ട്രെയിനാണ് വിവേക് എക്സ്പ്രസ്സ്.
ഐലന്‍ഡ് എക്സ്പ്രസ് കന്യാകുമാരിയില്‍ മൂന്നരയോടെയാണ് എത്തിയത്. വിവേക് എക്സ്പ്രസ് പുറപ്പെട്ടത് അഞ്ചരയോടെയും. നാലും അഞ്ചും പ്ലാറ്റ്ഫോമുകള് കേന്ദ്രീകരിച്ചുള്ള കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. ഇന്നലെ പുറപ്പെട്ട വിവേക് എക്സ്പ്രസ് വിജയവാഡയിലേക്ക് അടുക്കുന്നതായാണ് വിവരം. നാഗര്‍കോവിലില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ രണ്ടാമത്തെ പ്ലാറ്റഫോമില്‍ പെണ്കുട്ടിയിറങ്ങിയതായും പൊലീസ് സ്ഥരീകരിച്ചു. പ്ലാറ്റ്ഫോമിലിറങ്ങിയ പെണ്‍കുട്ടി കുപ്പിയില്‍ വെള്ളമെടുത്ത് തിരികെ കയറി. നാഗര്‍കോവില്‍ സ്റ്റേഷനില്‍ 3.3 നാണ് ഇറങ്ങിയത്. കന്യാകുമാരിയില്‍ നിന്ന് പുറപ്പെടുന്ന വിവേക് എക്സ്പ്രസ് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം തുടരുന്നത്.