കണ്ണൂര്‍: സ്റ്റീല്‍ ബോംബ് പൊട്ടി വയോധികന്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. സംഘര്‍ഷ സാധ്യത മേഖലകളില്‍ പരിശോധന നടത്തും. തലശ്ശേരി, പാനൂര്‍, മട്ടന്നൂര്‍, ചൊക്ലി എന്നിവിടങ്ങളില്‍ പൊലീസ് പ്രത്യേക പരിശോധന നടത്തും. അതേസമയം വിഷയം നിയമസഭയില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. ബോംബ് സ്‌ഫോടനം വ്യാപകമാകുമ്പോഴും പൊലീസ് നോക്കുകുത്തിയായെന്ന് പ്രതിപക്ഷം ആരോപിച്ചു.
ബോംബ് എവിടെ നിന്ന് എത്തിയെന്ന അന്വേഷണമാണിപ്പോള്‍ പൊലീസ് ഊര്‍ജിതമാക്കിയിരിക്കുന്നത്. അതേ സമയം പാര്‍ട്ടി ശക്തികേന്ദ്രത്തില്‍ ബോംബ് സൂക്ഷിച്ചത് സിപിഐഎം അറിവൊടെയെന്നാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ആരോപണം. ബോംബ് സ്‌ക്വാഡ് പറമ്പിലും വീട്ടിലും പരിശോധന നടത്തിയെങ്കിലും കൂടുതല്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയില്ല. കണ്ണൂര്‍ എരഞ്ഞോലിയി കുടക്കളം സ്വദേശി വേലായുധന്‍(75) ആണ് കഴിഞ്ഞ ദിവസം ബോംബ് പൊട്ടി മരിച്ചത്. ഒഴിഞ്ഞ പറമ്പില്‍ തേങ്ങയെടുക്കാന്‍ പോകുന്നതിനിടെയായിരുന്നു അപകടം.