കണ്ണൂര്‍: ആത്മകഥ വിവാദത്തില്‍ മുതിര്‍ന്ന സിപിഐഎം നേതാവ് ഇ പി ജയരാജന്റെ മൊഴി രേഖപ്പെടുത്തി പൊലീസ്. കണ്ണൂര്‍ കീച്ചേരിയിലെ ജയരാജന്റെ വീട്ടില്‍ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്. ആത്മകഥ വിവാദത്തില്‍ വിശദമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് മൊഴിയെടുപ്പ്. ഡി സി ബുക്സിനെതിരെ ജയരാജന് നിയമ നടപടി സ്വീകരിച്ചിരുന്നു.
തന്റെ ആത്മകഥയുടെ ഭാഗങ്ങളെന്ന പേരില്‍ തെരഞ്ഞെടുപ്പ് ദിവസം ചില രേഖകള്‍ പ്രചരിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ പി ജയരാജന് പരാതി നല്‍കിയിരുന്നത്. ഇതിലാണ് പൊലീസ് ജയരാജന്റെ മൊഴിയെടുത്തത്.
Also Read: സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണമെന്ന് ഡബ്ല്യുസിസി ഹൈക്കോടതിയില്‍
കോട്ടയത്ത് നിന്നുള്ള പൊലീസ് സംഘമാണ് മൊഴിയെടുക്കാനായി എത്തിയത്. എഫ്ഐആറിടാതെ ഇ പി ജയരാജന്റെ മൊഴി രേഖപ്പെടുത്തുകയാണ് പൊലീസ് ചെയ്തത്. ഇ പിയുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ താന്‍ നിലവില്‍ കോണ്‍ട്രാക്ടുണ്ടാക്കിയിട്ടില്ലെന്നായിരുന്നു ഇ പി ജയരാജന്റെ വാദം. ഇതുള്‍പ്പെടെ പൊലീസ് വിശദമായി പരിശോധിക്കും.