ഇന്ത്യയിലെ കൊട്ടാരങ്ങളിൽ രാജാക്കൻമാരുടെ ചിത്രങ്ങൾ വരച്ച ഒരു പോളിഷ് കലാകാരനുണ്ട്. അദ്ദേഹത്തിൻ്റെ പേരാണ് സ്റ്റെഫാൻ നോർബ്ലിൻ. ലോക പ്രശസ്തനായ ഈ കലാകാരനെ കുറിച്ചും ഇന്ത്യയിലെ അദ്ദേഹത്തിൻ്റെ കലാ ജീവിതത്തെ കുറിച്ചും , ബി.ബി.സി ഇപ്പോൾ ഒരു പ്രത്യേക റിപ്പോർട്ട് തന്നെ പുറത്ത് വിട്ടിട്ടുണ്ട്. അത് എന്താണെന്ന് നമുക്ക് പരിശോധിക്കാം…
1939 ൽ ജർമ്മനി പോളണ്ടിന് നേരെ അക്രമണം കടുപ്പിച്ചപ്പോൾ അവിടെ നിന്നും പാലായനം ചെയ്ത് ഇന്ത്യയിലെത്തിയതാണ് ലോകപ്രശസ്ത ചിത്രകാരനൻ സ്റ്റെഫാൻ നോർബ്ലിനും ഭാര്യ ലെനയും. കയ്യിലുള്ള ആഭരണങ്ങളെല്ലാം വിറ്റ് തങ്ങളുടെ സ്വപ്നഭവനവും ഉപേക്ഷിച്ച് രാജ്യം വിട്ട അവർ അഭയം തേടി റൊമാനിയ, തുർക്കി, ഇറാഖ് എന്നിവിടങ്ങളിലെല്ലാം അലഞ്ഞാണ് ഇന്ത്യയിലെത്തുന്നത്. സ്വന്തം നാടും, വീടും പൈതൃകവുമെല്ലാം ഉപേക്ഷിച്ച് വന്ന സ്റ്റെഫാൻ ഇന്ത്യയിലെത്തിയപ്പോഴും തന്റെ കലയെ ഉപേക്ഷിച്ചിരുന്നില്ല. ഇന്ത്യയിലെ മഹാരാജാക്കൻമാരും, ഭരണാധികാരികളുമൊക്കെയായി പെട്ടെന്ന് തന്നെ അദ്ദേഹം സൗഹൃദം സ്ഥാപിച്ചു. പാശ്ചാത്യ സൗന്ദര്യശാസ്ത്രത്തെ ഇന്ത്യൻ ഐക്കണോഗ്രഫിയുമായി സമന്വയിപ്പിക്കുന്ന ഏറ്റവും മികച്ച കലാസൃഷ്ടികൾക്കും അദ്ദേഹം ഇന്ത്യയിൽ നിന്ന് ജീവൻകൊടുത്തു. 1941 നും 1946 നും ഇടയിൽ ഇന്ത്യയിലെ മിക്ക രാജകൊട്ടാരങ്ങളും സ്റ്റെഫാന്റെ പെയിൻ്റിംഗുകൾ കൊണ്ട് അലങ്കരിക്കപ്പെട്ടു. ഇൻ്റീരിയർ ആർട്ട് ഡെക്കോ ശൈലിയിൽ രൂപകൽപ്പന ചെയ്താണ് അതെല്ലാം സ്റ്റെഫാൻ കൂടുതൽ മനോഹരമാക്കിയിരുന്നത്. ഇന്ത്യന്‍ ക്ഷേത്ര കലകളെ വിവരിക്കുന്ന ഡോക്യുമെന്ററിയായ ചിത്രാഞ്ജലിയില്‍ ക്ലോസ്-ഉള്‍റിച്ച് സൈമണ്‍, നോര്‍ബ്ലിന്റെ സൃഷ്ടികളെ വിവരിക്കുന്നുണ്ട്.
ഹൈന്ദവ ദൈവങ്ങളുടെ മനോഹരമായ ചുവർ ചിത്രങ്ങളും, ഹിന്ദു പുരാണമായ മഹാഭാരതത്തിലെയും രാമായണത്തിലെയും ഇതിഹാസ താരങ്ങളെയും തന്റേതായ ശൈലിയിൽ സ്റ്റെഫാൻ സൃഷ്ടിച്ചു. ഇപ്പോഴും രാജസ്ഥാനിലെ ഉമൈദ് ഭവൻ കൊട്ടാരത്തിൽ, സ്റ്റെഫാന്റെ കലാസൃഷ്ടികൾ കാണാം. 60 ഓളം ചുവർചിത്ര സ്മാരകങ്ങളും ഓയിൽ പെയിൻ്റിംഗുകളും ഉൾക്കൊള്ളുന്ന കലയും രൂപകൽപ്പനയും ഇന്ത്യയ്ക്കായി സംഭാവന ചെയ്ത സ്റ്റെഫാന്റെ കലാസൃഷികൾ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പെയിന്റിങ്ങുകളിൽപ്പെട്ടവയാണ്. യൂറോ-അമേരിക്കൻ ശൈലിയിലൂടെ ലളിതമായി ഇന്ത്യൻ സംസ്കാരത്തെ ലയിപ്പിച്ച സംയോജിത ദൃശ്യരൂപമായിരുന്നു സ്റ്റെഫാൻ്റെ ചിത്രങ്ങൾ. ഇന്ത്യയിലെ മികച്ച കലാകാരൻമാരുടെ സൃഷികൾ രേഖപ്പെടുത്തുന്ന ചിത്രാഞ്ജലിയിൽ സ്റ്റെഫാന്റെ ചുവർച്ചിത്രങ്ങളപറ്റി എടുത്ത് പറഞ്ഞിട്ടുണ്ട്. ഹിന്ദു ദൈവങ്ങളുടെ സവിശേഷതകളും ഭാവങ്ങളും ഉൾപ്പെടെ പരമ്പരാഗത ഇന്ത്യൻ ചിത്രങ്ങളുടെ നൂതനമായ വ്യാഖ്യാനങ്ങളോട് നീതി പുലർത്തുന്ന ചിത്രങ്ങളായാണ് ഇവ കരുതപ്പെടുന്നത്.
Also Read: കർക്കശക്കാരൻ, ക്രിമിനലുകളുടെ പേടി സ്വപ്നം… മനോജ് എബ്രഹാമിൻ്റേത് സിനിമയെ വെല്ലുന്ന ജീവിതം
ഫ്രഞ്ച് വംശജനായ ജൂലിയസ് സ്റ്റെഫാൻ നോർബ്ലിൻ ഡി ലാ ഗോർഡെയ്ൻ ഒരു പ്രമുഖ വാർസോ ബിസിനസ്സ് കുടുംബത്തിലാണ് ജനിച്ചത്. 1910-കളിൽ പടിഞ്ഞാറൻ യൂറോപ്പിൽ കല പഠിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. സ്റ്റെഫാൻ ഒരു ബിസിനസുകാരനാകണമെന്നായിരുന്നു പിതാവ് ആഗ്രഹിച്ചത്. അതിനായി ബെൽജിയത്തിലെ ആൻ്റ്‌വെർപ്പിൽ കൊമേഴ്‌സ് പഠിക്കാനയച്ചു. എന്നാൽ നോർബ്ലിൻ്റെ താൽപ്പര്യങ്ങൾ ചിത്രകലയിലായിരുന്നു. ഒരു പ്രശസ്ത ഫ്രഞ്ച് ചിത്രകാരൻ്റെ പിൻഗാമിയായിരുന്ന തൻ്റെ മുത്തച്ഛനിൽ നിന്ന് അദ്ദേഹത്തിന് പാരമ്പര്യമായി ലഭിച്ച ജീനായിരുന്നു അതിന് പ്രോത്സാഹനം. പിന്നീട് പഠനം ഉപേക്ഷിച്ച് യൂറോപ്പിലേക്ക് പുറപ്പെട്ടു. അവിടെ അദ്ദേഹം നിരവധി ഗാലറികൾ സന്ദർശിക്കുകയും ബെൽജിയം, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ മാസികകൾക്കായി ചിത്രീകരണങ്ങൾ നടത്തുകയും ചെയ്തു. അതായിരുന്നു കലാ ജീവിതത്തിന്റെ തുടക്കം.
പിന്നീട് പോർട്രെയ്റ്റിസ്റ്റ്, സീനോഗ്രാഫർ, കലാസംവിധായകൻ, വസ്ത്രാലങ്കാരം എന്നീ നിലകളിൽ പ്രശസ്തിയും വിജയവും നേടി. ഇൻ്റീരിയർ ഡെക്കറേറ്റർ, പരസ്യ നിർമ്മാണം, പോസ്റ്ററുകൾ, ലഘുലേഖകൾ, പുസ്തക കവറുകൾ എന്നിവ സൃഷ്ടിക്കുന്നതിൽ കഴിവ് തെളിയിച്ചു. 1933-ൽ രണ്ടാം ഭാര്യയായ ലെനയെ വിവാഹം കഴിച്ചു. അതിനിടയിലാണ് രണ്ടാം ലോക മഹായുദ്ധക്കാലം സ്റ്റെഫാനെയും ഭാര്യയെയും ഇന്ത്യയിലെത്തിച്ചത്. ഇന്ത്യയിലെ സംസ്കാരങ്ങളുടെയും മതങ്ങളുടെയും ഭാഷകളുടെയും വൈവിധ്യത്തിൽ ആകൃഷ്ടനായിരുന്നു സ്റ്റെഫാൻ. ഇന്ത്യൻ സംസ്കാരത്തെ കാൻവാസിൽ പകർത്തിയ അദ്ദേഹത്തിന്റെ സൃഷികൾ ഗാലറികളിൽ പ്രദർശിപ്പിക്കുകയും അത് സമ്പന്നരായ ഭരണാധികരികളുടെ പ്രശംസയ്ക്ക് കാരണമാവുകയും ചെയ്തു.
Also Read: ഇറാൻ വ്യോമ പാത ഒഴിവാക്കാൻ അമേരിക്കൻ നിർദ്ദേശം, ഇറാനെ ആക്രമിച്ചാൽ തിരിച്ചടി ഭയാനകമാകുമെന്ന് ആശങ്ക
ആർട്ട് ഡെക്കോ ശൈലികൾ ഇന്ത്യൻ സംസ്കാരം ഏറ്റെടുത്ത് തുടങ്ങിയിട്ടില്ലാത്ത കാലത്തായിരുന്നു സ്റ്റെഫാന്റെ പരീക്ഷണം. ഇതിൽ ആകൃഷ്ടനായ മഹാരാജ മഹേന്ദ്രസിൻഹ്ജിയുടെ മകൻ മോർവിയിൽ തന്റെ പുതിയ കാെട്ടാരം ആർട്ട് ഡെക്കോ ശൈലിയിൽ രൂപകൽപ്പന ചെയ്ത് സജ്ജീകരിക്കാൻ സ്റ്റെഫാനെ ചുമതലപ്പെടുത്തി. കൊട്ടാരത്തിന്റെ മുഖച്ഛായ തന്നെ മാറ്റും വിധത്തിൽ കൂറ്റൻ ചുവർച്ചിത്രങ്ങൾ സ്റ്റെഫാൻ വരച്ചു. ഹിന്ദു ദൈവമായ ശിവൻ, ഭരണാധികാരിയുടെ പൂർവ്വികരുടെ ഛായാചിത്രങ്ങൾ, പ്രദേശത്തെ സസ്യജന്തുജാലങ്ങൾ, നിഗൂഢത നിറഞ്ഞ മനുഷ്യ രൂപങ്ങൾ തുടങ്ങിയവയൊക്കെ അദ്ദേഹം സൃഷ്ടിച്ചു. ജോധ്പൂരിലെ രാജകീയ വസതിയുടെ ഇൻ്റീരിയറുകൾ അലങ്കരിക്കാനും രൂപകൽപ്പന ചെയ്യാനും നോർബ്ലിനെ ക്ഷണിച്ച ഉമൈദ് സിങ്ങിൽ നിന്നാണ് അദ്ദേഹം വീണ്ടും ഇന്ത്യയ്ക്ക് പരിചിതനാകുന്നത്. വിശാലമായ ഉമൈദ് ഭവൻ കൊട്ടാരത്തിൽ നോർബ്ലിൻ്റെ ചില മികച്ച സൃഷ്ടികൾ പിറന്നു. ദുർഗ്ഗാ ദേവിയുടെ ചുവർചിത്രങ്ങളാണ് അവിടുത്തെ ഏറ്റവും വലിയ ആകർഷണം. നോർബ്ലിൻ വരച്ച ദുർഗ്ഗയുടെ ചിത്രങ്ങളിലൊന്നിൽ, ദേവി ഈജിപ്ഷ്യൻ രാജകുമാരിയെപ്പോലെയാണ്.
കെട്ടാരത്തിലെ ദി ഓറിയൻ്റൽ റൂം എന്ന് വിളിക്കപ്പെടുന്ന മുറികളിലൊന്നിൽ, രാമായണത്തിലെ പ്രധാന രംഗങ്ങൾ ചിത്രീകരിക്കുന്ന ആറ് ചുവർച്ചിത്രങ്ങളുടെ ഒരു പരമ്പര നോർബ്ലിൻ വരച്ചിട്ടുണ്ട്. അസുരരാജാവായ രാവണൻ സീതയെ തട്ടിക്കൊണ്ടുപോയതും ഭർത്താവായ ശ്രീരാമന്റെ മുമ്പിൽ തൻ്റെ വിശുദ്ധി തെളിയിക്കാൻ അവൾ അഗ്നിയിലേക്ക് നടന്നതും ഉൾപ്പെടെ. രാമായണം ഓർക്കപ്പെടുന്ന തരത്തിലുള്ള പല സൃഷ്ടികളും അദ്ദേഹം മെനഞ്ഞെടുത്തു. രാജാവിൻ്റെയും രാജ്ഞിയുടെയും സ്യൂട്ടുകൾ, സിറ്റിംഗ് റൂം, ഡൈനിംഗ് ഏരിയകൾ എന്നിവയുൾപ്പെടെ കൊട്ടാരത്തിലെ മുഴുവൻ മുറികളും നോർബ്ലിൻ രൂപകൽപ്പന ചെയ്തിട്ടുണ്ട്.
കാലക്രമേണ പല കാലാസൃഷ്ടികൾക്കും കേടുപാടുകൾ സംഭവിച്ചു. എങ്കിലും കുറെയൊക്കെ പോളിഷ് ചെയ്ത് പുനഃസ്ഥാപിച്ചു. അദ്ദേഹത്തിൻ്റെ കൃതികൾ പോളണ്ടിലും ഇന്ത്യയിലും ഇപ്പോഴും പ്രദർശിപ്പിച്ചിട്ടുണ്ട്. പക്ഷേ, പലർക്കും ഇന്നും നോർബ്ലിൻ എന്നൊരു ഇതിഹാസം നിലനിന്നിരുന്നതിനെ പറ്റി അറിവില്ല. അതൊരുപക്ഷേ ഇന്ത്യ വിട്ട് തിരിച്ച് അമേരിക്കയിലെത്തിയപ്പോൾ അദ്ദേഹത്തിന് ഇതേ അംഗീകാരം ലഭിക്കാത്തത് കാെണ്ടാകാം. സ്വന്തം നാട്ടിൽ അദ്ദേഹത്തിന് വേണ്ടത്ര പരിഗണന ലഭിച്ചില്ല. പിന്നീട് ഗ്ലോക്കോമ ബാധിച്ച് കാഴ്ച മങ്ങാൻ തുടങ്ങിയതിനാൽ അദ്ദേഹത്തിന് പെയിൻ്റിംഗ് ഉപേക്ഷിക്കേണ്ടി വന്നു. ഒരുകാലത്ത് പ്രശസ്ത നടിയായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ ലെന പിന്നീടൊരു ബ്യൂട്ടി സലൂണിൽ മാനിക്യൂറിസ്റ്റായി ജോലിക്ക് കയറി. പതിയെ പേരും പ്രശസ്തിയും എല്ലാം ഭൂതകാലത്തേക്ക് മറഞ്ഞു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന വേവലാതിയിൽ അദ്ദേഹം പതിയെ വിഷാദത്തിലേക്ക് വീണു. ദാരിദ്ര്യം കടന്നുപിടിക്കുമെന്ന ഭയവും, കുടുംബത്തിന് ഭാരമാകുമെന്ന തോന്നലും സ്വയം ജീവനെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. അങ്ങനെ ജീവിച്ചിരിക്കെ ലഭിക്കേണ്ട അർഹത ലഭിക്കാതെ ആ കലാകാരൻ ലോകത്തോട് വിടപറഞ്ഞു.
Also Read: യുദ്ധത്തിൽ ഇടനിലക്കാരൻ, ലക്ഷ്യം ലോകത്തിന്റെ നാശം, അമേരിക്ക എന്നു൦ വില്ലൻ
2007-ൽ പോളിഷ് ഗവൺമെൻ്റിൻ്റെ പിന്തുണയോടെ ഉമൈദ് ഭവൻ കൊട്ടാരത്തിലെ ചുവർചിത്രങ്ങൾ പുനഃസ്ഥാപിച്ചു. കഴിഞ്ഞ പതിനഞ്ച് വർഷമായി, സ്റ്റെഫാൻ നോർബ്ലിൻ 1892-1952 എന്ന പേരിൽ ഒരു ഷോ ഉൾപ്പെടെ നോർബ്ലിൻ കൃതികളുടെ നിരവധി ഡോക്യുമെൻ്ററികളും സ്ഥിരമായ ഇൻസ്റ്റലേഷനുകളും പ്രദർശനങ്ങളും അദ്ദേഹത്തോടുള്ള ആദര സൂചകമായി നടത്തപ്പെടുന്നു. ഉമൈദ് ഭവൻ കൊട്ടാരം സന്ദർശിക്കാനെത്തിയ ഗവേഷകരിൽ ഒരാളായ ഉൾറിച്ച് സൈമൺ എന്നയാളാണ് സ്റ്റെഫാൻ നോർബ്ലിൻ എന്നയാളെക്കുറിച്ച് ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തിയത് എന്നുതന്നെ പറയാം. സൈമൺ എഴുതിയ ലേഖനത്തിൽ സ്റ്റെഫാനെ കുറിച്ച് പറഞ്ഞതുപോലെ ഇത്രയധികം അദ്ദേഹത്തെ പറ്റി ആരും എവിടെയും പ്രതിപാദിച്ചിട്ടില്ല.
REPORT: ANURANJANA KRISHNA