ന്യൂഡല്‍ഹി: 2021-ല്‍ പൂര്‍ത്തിയാകേണ്ട ജനസംഖ്യാ സെന്‍സസ് സെപ്റ്റംബറില്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത മാസം ആരംഭിക്കുന്ന സര്‍വേ പൂര്‍ത്തിയാക്കാന്‍ ഏകദേശം 18 മാസമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസില്‍ നിന്ന് നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിനുള്ള അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് സെന്‍സസ് നടത്തുന്നതിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2021-ല്‍ പൂര്‍ത്തിയാകേണ്ട ജനസംഖ്യാ സെന്‍സസ് കോവിഡ്-19 പാന്‍ഡെമിക് കാരണം വൈകുകയായിരുന്നു. സാമ്പത്തിക ഡാറ്റ, പണപ്പെരുപ്പം, ജോലിയുടെ എസ്റ്റിമേറ്റ് എന്നിവയുള്‍പ്പെടെയുള്ള മറ്റ് നിരവധി സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വേകളുടെ ഗുണനിലവാരത്തെ ബാധിക്കുന്നതിനാല്‍ പുതിയ സെന്‍സസിന്റെ കാലതാമസത്തെ സര്‍ക്കാരിനകത്തും പുറത്തുമുള്ള സാമ്പത്തിക വിദഗ്ധര്‍ വിമര്‍ശിച്ചു.
2011ല്‍ പുറത്തിറങ്ങിയ ജനസം??ഖ്യാ സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്‌കീമുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും വിദഗ്ധര്‍ പറഞ്ഞു. സെന്‍സസ് നടത്തുന്നതിന് നേതൃത്വം നല്‍കുന്ന ആഭ്യന്തര മന്ത്രാലയവും സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയവും ഒരു സമയക്രമം തയ്യാറാക്കിയിട്ടുണ്ടെന്നും 2026 മാര്‍ച്ചോടെ ഫലം പുറത്തുവിടാനാണ് ലക്ഷ്യമിടുന്നതെന്നും അധികൃതര്‍ പറഞ്ഞു.