ബെംഗളൂരു: ജെ.ഡി.യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിൻറെയും ടി.ഡി.പി നേതാവും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവുവിൻറേയും നിലപാടുകൾ നിർണായകം. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷവും തുടരുന്ന നിതീഷിൻറെ മൗനത്തിൽ ബിജെപിക്ക് ആശങ്കയുണ്ട്.
വൻ വിജയത്തിൻറെ പശ്ചാത്തലത്തിൽ കിങ് മേക്കർ ചന്ദ്രബാബു നായിഡുവും നിർണായക ഉപാധികൾ മുന്നോട്ട് വയ്ക്കുമെന്നത് ബിജെപിയ്ക്ക് സർക്കാർ രൂപീകരണമെന്നത് അത്ര എളുപ്പമാകില്ല. ആന്ധ്ര പ്രദേശിന് പ്രത്യേക പദവി ഉൾപ്പടെ വിലപേശി വാങ്ങാനാണ് ചന്ദ്രബാബു നായിഡുവിൻറെ നീക്കം. സുപ്രധാന ക്യാബിനറ്റ് പദവികൾ ടിഡിപിക്കും ജനസേനയ്ക്കും ആയി ആവശ്യപ്പെടുമെന്നും എൻഡിഎ കൺവീനർ സ്ഥാനം ഉറപ്പിക്കുമെന്നുമാണ് റിപ്പോർട്ട്.
എൻഡിഎ യോഗത്തിൽ പങ്കെടുക്കാൻ ചന്ദ്രബാബു നായിഡു ഇന്ന് 11 മണിക്ക് ഡൽഹിയിലേക്ക് തിരിക്കും. ഇന്നത്തെ എൻഡിഎ യോഗത്തിൽ പവൻ കല്യാണും പങ്കെടുക്കും. കേന്ദ്രമന്ത്രിസഭാ യോഗം ഇന്ന് രാവിലെ 11.30 ന് ചേരുമെന്നാണ് റിപ്പോർട്ട്. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകും. എൻഡിഎ യോഗത്തിന് ശേഷം പുതിയ സർക്കാരിനുള്ള അവകാശവാദം ഉന്നയിക്കും.
അതേസമയം നിതീഷിനേയും നായിഡുവിനേയും മറുകണ്ടംചാടിക്കാൻ ഇന്ത്യസഖ്യത്തെ നയിക്കുന്ന കോൺഗ്രസും ശ്രമം തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. നേരത്തെ സഖ്യകക്ഷികളായിരുന്ന ജെ.ഡി.യു.വിനേയും ടി.ഡി.പി.യേയും ഒപ്പംചേർത്ത് സർക്കാരുണ്ടാക്കാനുള്ള സാധ്യതകൾ കോൺഗ്രസ് തള്ളുന്നില്ല. മുന്നണികൾ മാറാൻ യാതൊരുമടിയും കാണിക്കാത്ത നിതീഷിന്റെ ചരിത്രം ബിജെപിയിലും ആശങ്കയുണർത്തുന്നുണ്ട്.