സംസ്ഥാന പൊലീസ് ചീഫും വിജിലന്‍സ് ഡയറക്ടറും കഴിഞ്ഞാല്‍, ഏറ്റവും തന്ത്ര പ്രാധാനമായ മറ്റ് രണ്ട് തസ്തികകളാണ് ക്രമസമാധന ചുമതലയുള്ള എ.ഡി.ജി.പി, ഇന്റലിജന്‍സ് മേധാവി തസ്തികകള്‍. ഈ രണ്ട് തസ്തികകളിലും പുതിയ നിയമനം നടത്തിയ പിണറായി സര്‍ക്കാര്‍ വലിയ ഒരു മാറ്റത്തിനാണ് ഇപ്പോള്‍ തുടക്കമിട്ടിരിക്കുന്നത്. ഇതില്‍ എ.ഡി.ജി.പിയായ പി. വിജയന്റെ നിയമനം പൊലീസ് സേനക്കും രാഷ്ട്രീയ കേന്ദ്രങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും എല്ലാം തികച്ചും അപ്രതീക്ഷിതമാണ്.
കാരണം, പി. വിജയനെ സസ്‌പെന്റ് ചെയ്ത് ആറ് മാസത്തോളം മാറ്റി നിര്‍ത്തിയ സര്‍ക്കാര്‍ തന്നെയാണ് അദ്ദേഹത്തെ ഇപ്പോള്‍ തന്ത്ര പ്രധാനമായ ഇന്റലിജന്‍സ് മേധാവി തസ്തികയില്‍ നിയമിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ബാധിക്കുന്നതായ രഹസ്യവിവരങ്ങള്‍ ഉള്‍പ്പെടെ സകല വിവരങ്ങളും മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കേണ്ട തസ്തികയാണിത്. സംസ്ഥാന ഇന്റലിജന്‍സിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായാല്‍ മാത്രമേ ഏത് സര്‍ക്കാറുകള്‍ക്കും സുഗമമായി ഭരിക്കാന്‍ കഴിയൂ. അത്തരമൊരു തസ്തികയിലേക്കാണ് മനോജ് എബ്രഹാമിന്റെ പിന്‍ഗാമിയായി പി. വിജയന്‍ എത്തുന്നത്. ഈ നിയമനത്തോടെ, പിണറായി സര്‍ക്കാര്‍ വലിയ ഒരു തെറ്റു തിരുത്തല്‍ കൂടിയാണ് നടത്തിയിരിക്കുന്നത്.
എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതിയുടെ യാത്രാവിവരം മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തിനല്‍കിയെന്ന എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പി. വിജയനെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നത്. ഈ നടപടി കേരള പൊലീസിലെ സകല ഉദ്യോഗസ്ഥരെയും ഞെട്ടിച്ചിരുന്നു. സംസ്ഥാന പൊലീസില്‍ മികച്ച പ്രതിച്ഛായയുള്ള പി. വിജയനെതിരായ സസ്‌പെന്‍ഷന്‍ നടപടി സര്‍ക്കാറിന് പറ്റിയ വലിയ പിഴവാണെന്ന വിലയിരുത്തല്‍ ഭരണപക്ഷത്തു നിന്നു തന്നെ ഉയര്‍ന്നിരുന്നു. ഇതിനെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടാണ് പിന്നീട് സസ്‌പെന്‍ഷന് ആധാരമായ കാര്യങ്ങളെ കുറിച്ചുള്ള വിശദമായ അന്വേഷണ റിപ്പോര്‍ട്ടിലും ഉണ്ടായിരുന്നത്.
പി. വിജയന് എതിരായ ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവുകളൊന്നും ഇല്ലെന്നാണ് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതേ തുടര്‍ന്നാണ് പി. വിജയനെ സര്‍വ്വീസില്‍ തിരിച്ചെടുത്തിരുന്നത്. തുടര്‍ന്ന് എ.ഡി.ജി.പിയായി സ്ഥാനകയറ്റം നല്‍കി പൊലീസ് അക്കാദമി ഡയറക്ടറായി നിയമിക്കുകയായിരുന്നു. പി. വിജയന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ചീഫ് സെക്രട്ടറി മുന്‍പ് പല തവണ ശുപാര്‍ശ നല്‍കിയിരുന്നെങ്കിലും, സര്‍ക്കാര്‍ ആദ്യമെന്നും പരിഗണിച്ചിരുന്നില്ല.
വിജയനെ തിരിച്ചെടുത്ത ശേഷവും വകുപ്പുതല അന്വേഷണം തുടരുകയാണ് ഉണ്ടായത്. ഒടുവില്‍ ഈ റിപ്പോര്‍ട്ടിലും ക്ലീന്‍ ചിറ്റ് ലഭിച്ചതോടെയാണ് സ്ഥാനകയറ്റം നല്‍കിയിരുന്നത്. 1999 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് പി. വിജയന്‍. കോഴിക്കോട് സ്വദേശിയായ ഇദ്ദേഹമാണ് രാജ്യത്തിനു തന്നെ മാതൃകയായ സ്റ്റുഡന്റ് പൊലീസ് കാഡറ്റ് പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്. ശബരിമല തന്ത്രി കേസ്, കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്, ചേലേമ്പ്ര ബാങ്ക് കവര്‍ച്ച തുടങ്ങിയ നിരവധി കേസുകളില്‍ അന്വേഷണ സംഘത്തെ നയിച്ച് മികവ് തെളിയിച്ച ഉദ്യോഗസ്ഥന്‍ കൂടിയാണ് പി. വിജയന്‍.
സ്റ്റുഡന്റ് പൊലിസ് സംവിധാനത്തിലെന്ന പോലെ തന്നെ ശമ്പരിമല പുണ്യം പൂങ്കാവനം പദ്ധതിയുടെ സൃഷ്ടാവും ഈ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. വിജയനെ മാറ്റി നിര്‍ത്തിയതോടെ ഈ രണ്ട് പദ്ധതികളുടെയും ഇപ്പോഴത്തെ അവസ്ഥയും അതിദയനീയമാണ്. പുണ്യം പൂങ്കാവനം പദ്ധതി ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. സ്റ്റുഡന്റ് പൊലീസും ഇപ്പോള്‍ പഴയ പ്രതാപത്തിലല്ല മുന്നോട്ട് പോകുന്നതെന്നതും എടുത്തു പറയേണ്ട കാര്യമാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും നീണ്ട സര്‍വീസ് ജീവിതത്തില്‍ അടുത്തയിടെ ഉണ്ടായ കയ്‌പേറിയ അനുഭവങ്ങള്‍ക്കിടയിലും ഇപ്പോഴത്തെ പുതിയ നിയമനത്തില്‍ പി. വിജയന് തീര്‍ച്ചയായും അഭിമാനിക്കാം.
Staff Reporter