മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ പിആർ പ്രതിനിധി മുൻ എസ്എഫ്ഐ നേതാവ്

വിവിധ പാർട്ടികൾക്കായി തിരഞ്ഞെടുപ്പു തന്ത്രമൊരുക്കുന്ന സംഘത്തിലും അംഗമായിരുന്ന വ്യക്തിയാണ് സുബ്രഹ്മണ്യൻ

മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ പിആർ പ്രതിനിധി മുൻ എസ്എഫ്ഐ നേതാവ്
മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ പിആർ പ്രതിനിധി മുൻ എസ്എഫ്ഐ നേതാവ്

ദി ഹിന്ദു പത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കൊടുത്ത അഭിമുഖം വിവാദത്തിൽ ആവുകയും, മുഖ്യമന്ത്രിയെ നയിക്കുന്നത് പി ആർ ഏജൻസികൾ ആണെന്ന വാർത്ത ചർച്ചകൾക്ക് വഴി വെയ്ക്കുകയും ചെയ്തിരുന്നു. അതേസമയം ഈ അഭിമുഖത്തിലെ ‘പിആർ പ്രതിനിധി’യായ ടി.ഡി.സുബ്രഹ്മണ്യൻ മുൻ എസ്എഫ്ഐ നേതാവും സിപിഎം നേതാവ് ടി.കെ.ദേവകുമാറിന്റെ മകനുമാണ്. ദേശീയ തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ സംഘാംഗമായിരുന്നു സുബ്രഹ്മണ്യൻ. പ്രശാന്ത് കിഷോറിന്റെ ഉടമസ്ഥതയിലുള്ള തിരഞ്ഞെടുപ്പു നയതന്ത്ര സ്ഥാപനമായ ഐ പാക്കിന്റെ സ്ട്രാറ്റർജി റിസർച്ച് ടീം മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. യുഡിഎഫ് വിട്ട കേരള കോൺഗ്രസ് (എം) നെ റീബ്രാൻഡ്’ ചെയ്ത് എൽഡിഎഫിലേക്ക് നയിച്ചതിൽ പ്രധാനിയാണ് സുബ്രഹ്മണ്യൻ. കേരള കോൺഗ്രസ്സിന് വേണ്ടി മാത്രമല്ല ദേശീയ പാർട്ടികൾക്ക് വേണ്ടിയും പ്രവർത്തിച്ചിട്ടുണ്ട്.

വിവിധ പാർട്ടികൾക്കായി തിരഞ്ഞെടുപ്പു തന്ത്രമൊരുക്കുന്ന സംഘത്തിലും അംഗമായിരുന്ന വ്യക്തിയാണ് സുബ്രഹ്മണ്യൻ. 2019 ൽ ഡൽഹിയിൽ അരവിന്ദ് കെജ്‌രിവാളിനൊപ്പം പ്രവർത്തിച്ചിട്ടുള്ള സുബ്രഹ്മണ്യൻ അത് കൂടാതെ ബംഗാളിൽ മമതാ ബാനർജിക്കായും തെലങ്കാനയിൽ ജഗൻ മോഹൻ റെഡ്ഡിയുടെ സംഘം, തമിഴ്നാട്ടിൽ ഡിഎംകെയ്ക്കു വേണ്ടിയും ഗോവ തിരഞ്ഞെടുപ്പിൽ എഎപിക്ക് ഒപ്പവും മഹാരാഷ്ട്രയിൽ ശിവസേനയ്ക്കു വേണ്ടിയും പ്രവർത്തിച്ചിരുന്നു. പ്രശാന്ത് കിഷോർ പാർട്ടി രൂപീകരിച്ചപ്പോൾ അതിന്റെ പ്രാരംഭ പ്രവർത്തനങ്ങളിലും സുബ്രഹ്മണ്യൻ ഉണ്ടായിരുന്നു. കൈസൻ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ വിനീത് ഹണ്ടയും സുബ്രഹ്മണ്യനും സുഹൃത്തുക്കളാണ്. കൈസൻ വൈസ് പ്രസിഡന്റ് നിഖിൽ പവിത്രൻ മാഹി സ്വദേശിയാണ്. പ്രശാന്ത് കിഷോർ കോൺഗ്രസിനു വേണ്ടി പുനരുജ്ജീവന പാക്കേജ് തയാറാക്കിയ വേളയിൽ സുബ്രഹ്മണ്യനും ഐപാക് സംഘാംഗമായിരുന്നു. പ്രശാന്ത് കിഷോർ പാർട്ടി രൂപീകരിച്ചതോടെ ഐപാക് വിട്ട സുബ്രഹ്മണ്യൻ റിലയൻസ് കമ്യൂണിക്കേഷൻസ് വിഭാഗത്തിലേക്ക് മാറുകയായിരുന്നു.

അതേസമയം, ഐപാക്കിൽ പ്രവർത്തിക്കുന്ന സമയത്ത് വിവിധ രാഷ്ട്രീയ പാർട്ടികളുമായി ബന്ധം നിലനിർത്തിയിരുന്നു. മുൻ ഹരിപ്പാട് എംഎൽഎയായ ടി.കെ. ദേവകുമാറിന്റെ മകൻ എന്ന നിലയിൽ സിപിഎം നേതാക്കളുമായി സുബ്രഹ്മണ്യന് അടുപ്പമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊളിറ്റ് ബ്യൂറോ യോഗത്തിന് എത്തിയ മുഖ്യമന്ത്രിയുടെ അഭിമുഖം ലഭിച്ചതെന്നാണ് അറിവ്. സെക്കന്ദരാബാദ് ‘എഫ്ളുവിൽ’ എസ്എഫ്ഐ യുണിറ്റ് സെക്രട്ടറിയായിരുന്നു അദ്ദേഹം യൂണിറ്റ് സ്ഥാപനത്തിലും മുൻനിരയില്‍ പ്രവർത്തിച്ചു. കേരള കോൺഗ്രസിന്റെ മുന്നണിമാറ്റ നീക്കങ്ങൾ നടക്കുന്ന വേളയിൽ സുബ്രഹ്ണ്യൻ സജീവമായിരുന്നു. പിന്നീടാണ് ദേശീയ രാഷ്ട്രീയത്തിലേക്കും പിആർ മേഖലയിലേക്കും സുബ്രഹ്മണ്യൻ ചുവടു മാറുന്നത്.

Top