ഡല്‍ഹി: രാജ്യത്ത് മുസ്ലിം ജനസംഖ്യയില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടായെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ നിഗമനം വസ്തുതാവിരുദ്ധം. 2011ലെ സെന്‍സസും ദേശീയ കുടുംബാരോഗ്യ സര്‍വേ വിവരങ്ങളും അടിസ്ഥാനമാക്കി വാഷിങ്ടണ്‍ ഡിസി ആസ്ഥാനമായ പ്യൂ റിസര്‍ച്ച് സെന്റര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന് നേര്‍വിപരീതമാണ് ഈ ആഖ്യാനം. രാജ്യത്ത് 1992ല്‍ മുസ്ലിം കുടുംബങ്ങളിലെ കുട്ടികളുടെ ശരാശരി എണ്ണം 4.4 ആയിരുന്നെങ്കില്‍ 2015ല്‍ ഇത് 2.6 ആയി ചുരുങ്ങിയെന്ന് പ്യൂ റിപ്പോര്‍ട്ട് വെളിപ്പെടുത്തി. ഹിന്ദു കുടുംബങ്ങളില്‍ ഇത് യഥാക്രമം 3.3ഉം 2.1ഉം ആണ്. ക്രൈസ്തവ കുടുംബങ്ങളില്‍ 2.9, രണ്ട് എന്ന ക്രമത്തിലും. പൊതുശരാശരിയായ 2.2നോട് അടുത്തുനില്‍ക്കുന്നതാണ് മൂന്ന് പ്രധാന മതവിഭാഗങ്ങളിലെയും നിരക്ക്.
മുസ്ലിം ജനസംഖ്യാ വളര്‍ച്ചനിരക്കും കുറഞ്ഞുവരികയാണ്. 1951-61 കാലത്ത് ജനസംഖ്യ 21.6 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ മുസ്ലിം ജനസംഖ്യ വളര്‍ച്ച 32.7 ശതമാനമായിരുന്നു. 20012011ല്‍ പൊതു ജനസംഖ്യ 17.7 ശതമാനവും മുസ്ലിം ജനസംഖ്യ 24.7 ശതമാനവും വളര്‍ന്നു. ഇവ തമ്മിലുള്ള വ്യത്യാസം 1951-61ലെ 11.1 ശതമാനത്തില്‍നിന്ന് 2001-2011 എത്തിയപ്പോഴേക്കും ഏഴു ശതമാനമായി ചുരുങ്ങി. അതേസമയം, പാഴ്സികള്‍ ഒഴികെയുള്ള എല്ലാ മതവിശ്വാസികളുടെയും എണ്ണം വര്‍ധിക്കുകയാണ്.
രാജ്യത്തെ 80 ലക്ഷത്തോളം പേര്‍ ആറ് പ്രധാന മതങ്ങളില്‍പെടുന്നവരല്ല. ഇവരില്‍ ഏറിയപങ്കും ആദിവാസികളാണ്. 50 ലക്ഷം ആദിവാസികള്‍ ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ചുള്ള ശര്‍ണവിഭാഗമാണ്. 10 ലക്ഷത്തോളം പേര്‍ ഗോണ്ടുകളും. 2019, 2021 വര്‍ഷങ്ങളിലായി രണ്ടു ഘട്ടമായാണ് അഞ്ചാമത് കുടുംബാരോഗ്യ സര്‍വേ നടത്തിയത്. 2021ല്‍ നടക്കേണ്ട സെന്‍സസ് നീട്ടിക്കൊണ്ടുപോവുകയാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വര്‍ഗീയവിഷം കുത്തിവയ്ക്കാനാണ് തട്ടിക്കൂട്ടിയ സാമ്പത്തിക ഉപദേശക സമിതി റിപ്പോര്‍ട്ട്.