ലക്നൗ: ബാബാ സിദ്ദിഖി കൊലപാതകക്കേസിലെ മുഖ്യപ്രതി ശിവകുമാര്‍ ഗൗതം അറസ്റ്റില്‍. ഉത്തര്‍പ്രദേശില്‍ നിന്നാണ് ശിവകുമാര്‍ ഗൗതം പിടിയിലായത്. നാലു കൂട്ടാളികളുമായി നേപ്പാളിലേക്ക് കടക്കാന്‍ തയാറെടുക്കുകയായിരുന്നു ശിവകുമാര്‍. ബഹ്റൈച്ചിലെ ഗന്ധാര സ്വദേശിയായ ശിവകുമാര്‍ കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്നു. ഇയാള്‍ക്കെതിരെ പൊലീസ് തിരച്ചില്‍ നോട്ടിസ് ഇറക്കിയിരുന്നു. ഉത്തര്‍പ്രദേശ് പൊലീസും മുംബൈ പൊലീസും സംയുക്തമായിട്ടായിരുന്നു ഓപ്പറേഷന്.
സിദ്ദിഖിക്കെതിരെ ശിവകുമാര്‍ 6 റൗണ്ട് വെടിവച്ചെന്നാണ് പൊലീസ് പറഞ്ഞത്. ഒക്ടോബര്‍ 12 നാണ് ബാബ സിദ്ദിഖി (66) വെടിയേറ്റ് കൊല്ലപ്പെട്ടത്. മകന്റെ ഓഫിസില്‍നിന്ന് ഇറങ്ങി കാറില്‍ കയറാന്‍ ശ്രമിക്കവെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ പിടിയിലായവര്‍ തങ്ങള്‍ ലോറന്‍സ് ബിഷ്ണോയിയുടെ സംഘത്തിലുള്ളവരാണെന്ന് പൊലീസിനോട് വെളിപ്പെടുത്തി. കൊലപാതക കേസുമായി ബന്ധപ്പെട്ട് ഇതുവരെ 19 പേര് അറസ്റ്റിലായി.
കൊലപാതകികള്‍ക്ക് 25 ലക്ഷം രൂപയും കാറും ഫ്ലാറ്റും ദുബായിലേക്കുള്ള യാത്രയും വാഗ്ദാനം ചെയ്തിരുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു. ഒക്ടോബറില്‍ അറസ്റ്റിലായ രാം ഫൂല്‍ചന്ദ് കനോജിയ (43), രൂപേഷ് മൊഹോള്‍ (22), ശിവം കൊഹാദ് (20), കരണ്‍ സാല്‍വെ (19), ഗൗരവ് അപുനെ (23) എന്നിവര്‍ക്കാണ് 25 ലക്ഷം രൂപയും ഫ്ലാറ്റും കാറും ദുബായ് യാത്രയും വാഗ്ദാനം ചെയ്തത്. ഒളിവില്‍ കഴിയുന്ന പ്രതിയായ സീഷാന്‍ അക്തറാണ് വാഗ്ദാനം നല്‍കിയത്. ഇയാള്‍ പഞ്ചാബിലെ ജലന്ധര്‍ സ്വദേശിയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് പത്ത് ബാങ്ക് അക്കൗണ്ട് ഇയാള്‍ ഉപയോഗിച്ചിരുന്നതായാണ് വിവരം.