നെറ്റ്ഫ്‌ളിക്‌സിനെതിരെ പരാതിയുമായി നിർമാതാവ്

നെറ്റ്ഫ്‌ളിക്‌സ് പണം തരാതെ വഞ്ചിച്ചെന്നാണ് ആരോപണം

നെറ്റ്ഫ്‌ളിക്‌സിനെതിരെ പരാതിയുമായി നിർമാതാവ്
നെറ്റ്ഫ്‌ളിക്‌സിനെതിരെ പരാതിയുമായി നിർമാതാവ്

പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിനെതിരെ പരാതിയുമായി പ്രമുഖ നിർമാതാവ് വാഷു ഭഗ്‌നാനി. താൻ നിർമിച്ച ചിത്രങ്ങളുടെ ഡിജിറ്റൽ അവകാശം വാങ്ങിയ നെറ്റ്ഫ്‌ളിക്‌സ് പണം തരാതെ വഞ്ചിച്ചെന്നാണ് ആരോപണം. 47.37 കോടി രൂപ നെറ്റ്ഫ്‌ളിക്‌സ് തനിക്ക് നൽകാനുണ്ടെന്നും ഈ തുക നൽകാതെ തന്നെ വഞ്ചിക്കുകയാണെന്നുമാണ് വാഷു ഭഗ്‌നാനി നൽകിയ പരാതി.

തന്റെ നിർമാണ കമ്പനിയായ പൂജ എന്റർടെയ്ൻമെന്റ്‌സ് നിർമിച്ച ഹീറോ നമ്പർ 1, മിഷൻ റാണിഗഞ്ച്, ബഡേ മിയാൻ ഛോട്ടേ മിയാൻ എന്നീ മൂന്ന് ഹിന്ദി ചിത്രങ്ങളുടെ അവകാശം സ്വന്തമാക്കിയ നെറ്റ്ഫ്‌ളിക്‌സ് തുക പൂർണമായി നൽകിയില്ലെന്നാണ് ആരോപണം.

കേസിൽ മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) അന്വേഷണം ആരംഭിച്ചു. അതേസമയം ഭഗ്നാനിയുടെ ആരോപണങ്ങൾ നെറ്റ്ഫ്‌ളിക്‌സ് തള്ളി. ഭഗ്‌നാനിയുടെ പൂജ എന്റർടെയ്ൻമെന്റസ് തങ്ങൾക്കാണ് പണം നൽകാനുള്ളതെന്നും നെറ്റ്ഫ്‌ളിക്‌സ് പറഞ്ഞു. അന്വേഷണത്തിനോട് പൂർണമായി സഹകരിക്കുമെന്നും നെറ്റ്ഫ്‌ളിക്‌സിന്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

Also Read:ബസ്മതി ഇതര വെള്ള അരി കയറ്റുമതി നിരോധനം നീക്കി കേന്ദ്രസര്‍ക്കാര്‍

അതേസമയം നിർമാതാവ് വാഷു ഭഗ്‌നാനിക്കെതിരെ ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ സംവിധായകൻ അലി അബ്ബാസ് സഫർ പരാതി നൽകിയിട്ടുണ്ട്. വാഷു ഭഗ്‌നാനി തനിക്ക് 7.30 കോടി രൂപ നൽകാനുണ്ടെന്ന് ആരോപിച്ചാണ് അലി അബ്ബാസ് സഫർ ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യൻ സിനി എംപ്ലോയീസ് എന്ന സംഘടനയിൽ പരാതി നൽകിയത്.

ചിത്രത്തിന്റെ പല സാങ്കേതിക പ്രവർത്തകരും നിർമാതാവിനെതിരെ സമാനമായ പരാതികളുമായി എത്തിയിട്ടുണ്ട്. 2024 ഏപ്രിലിൽ ഈദ് ദിനത്തിൽ തിയേറ്ററുകളിലെത്തിയ ബഡേ മിയാൻ ഛോട്ടേ മിയാൻ 350 കോടിയോളം ബജറ്റിലാണ് ഒരുക്കിയത്.എന്നാൽ 95 കോടി രൂപ മാത്രമാണ് ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് ലഭിച്ചത്. അക്ഷയ് കുമാർ, ടൈഗർ ഷ്റോഫ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രത്തിൽ പൃഥ്വിരാജാണ് പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. സോനാക്ഷി സിൻഹ, മാനുഷി ചില്ലർ, അലയ എഫ് എന്നിവരായിരുന്നു ചിത്രത്തിലെ നായികമാർ.

Top