തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ റോഡുകള്‍ സ്മാര്‍ട്ടാക്കി മാറ്റുന്ന പദ്ധതി അന്തിമഘട്ടത്തിലേക്ക്. ഉപരിതല നവീകരണം പൂ ര്‍ത്തിയാക്കിയ സ്‌പെന്‍സര്‍ ജംഗ്ഷന്‍-ഗ്യാസ് ഹൗസ് റോഡ് ഇന്നലെ ഗതാഗതത്തിന്തുറന്നുകൊടുത്തു. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ദ്രുതഗതിയില്‍ പണി പൂര്‍ത്തിയാക്കുന്നത്.
ബാക്കിറോഡുകളില്‍ ദ്രുതഗതിയില്‍ ജോലികള്‍ പുരോഗമിക്കുകയാണ്. സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ കെ.ആര്‍.എഫ്.ബി മുഖേന നടപ്പിലാക്കുന്ന നിര്‍മ്മാണങ്ങളാണ് അന്തിമഘട്ടത്തിലെത്തിയത്. മാനവീയം വീഥി,കലാഭവന്‍ മണി റോഡ്, അയ്യങ്കാളി ഹാള്‍ റോഡ് എന്നിവ നവീകരണം പൂര്‍ത്തിയാക്കി നേരത്തെ ഗതാഗതത്തിന് തുറന്നുനല്‍കിയിരുന്നു.ഇപ്പോള്‍ നിര്‍മ്മാണം നടക്കുന്ന ഭൂരിഭാഗം റോഡുകളും രണ്ടാഴ്ചയ്ക്കുള്ളില്‍ തുറക്കാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്. തലസ്ഥാനത്തെ റോഡുകള്‍ മികച്ച നിലവാരത്തില്‍ നവീകരിക്കുന്നതിന്റെ ഭാഗമായാണ് സ്മാര്‍ട്ട്‌സിറ്റി പദ്ധതിതയ്യാറാക്കിയത്.
യൂട്ടിലിറ്റിക്കായി പ്രത്യേക കഡക്ട്, മികച്ച ഡ്രെയിനേജ് സംവിധാനം തുടങ്ങിയവയോടെ ആകര്‍ഷകമായ റോഡുകള്‍ നിര്‍മ്മിക്കുന്ന പദ്ധതിയാണിത്. റോഡുകള്‍ ഇടയ്ക്കിടെ കുത്തിപ്പൊളിക്കുന്നത് ഒഴിവാക്കാനുള്ള സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് സ്മാര്‍ട്ട് റോഡുകള്‍. നേരത്തെ ആരംഭിച്ച പദ്ധതിയുടെ കരാറുകാരന്‍ ഇടയ്ക്കുവച്ച് നിര്‍മ്മാണം നിറുത്തിയത് പ്രതിസന്ധിയുണ്ടാക്കിയിരുന്നു. തുടര്‍ന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇടപെട്ടകയും കരാറുകാര്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദ്ദേശിക്കുകയും ചെയ്തു. കരാറുകാരില്‍ നിന്ന് 15 കോടി രൂപ പിടിച്ചെടുക്കുകയും റിസ്‌ക് ആന്‍ഡ് കോസ്റ്റില്‍ ഒഴിവാക്കുകയും ചെയ്തു. പിന്നീട് ഓരോ റോഡുകള്‍ക്കും പ്രത്യേകം ടെന്‍ഡര്‍ വിളിച്ചാണ് കരാറുകാരെ കണ്ടെത്തിയത്.
മഴയ്ക്കുമുമ്പ് റോഡുകള്‍ ഗതാഗതയോഗ്യമാക്കണമെന്ന നഗരവാസികളുടെ ആവശ്യം കൂടി പരിഗണിച്ചാണ് എല്ലാറോഡു കളും ഒന്നിച്ച് പ്രവൃത്തി നടത്താന്‍ തിരുമാനിച്ചത്. ചിലയിടങ്ങളില്‍ അടിക്കടിയുണ്ടായ പൈപ്പ് പൊട്ടലും സ്വീവേജ് ലൈന്‍ പ്രശ്നങ്ങളും കാരണം ഭൂരിഭാഗം റോഡുകളിലും നിര്‍മ്മാണം തടസപ്പെട്ടിരുന്നു. പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പ്രവൃത്തികള്‍ വേഗത്തിലാക്കിയത്.