ന്യൂഡൽഹി: ഭാര്യക്ക് വരുമാനമുണ്ടെങ്കിലും കുട്ടിക്ക് ചെലവിന് കൊടുക്കാൻ ഭർത്താവിന് ബാധ്യതയുണ്ടെന്ന് പഞ്ചാബ്-ഹരിയാന ഹൈകോടതി. ദമ്പതിമാരുടെ വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് ഭർത്താവ് നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.പ്രായപൂർത്തിയാകാത്ത മകൾക്ക് 7,000 രൂപ ഇടക്കാല ജീവനാംശം നൽകണമെന്ന കുടുംബ കോടതിയുടെ ഉത്തരവിനെതിരെയാണ് ഭർത്താവ് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നത്.
ഭാര്യക്ക് ജോലിയുള്ളതിനാൽ കുട്ടിക്ക് താൻ ചെലവിന് നൽകേണ്ടതില്ലെന്ന ഭർത്താവിന്‍റെ വാദമാണ് കോടതി നിരസിച്ചത്. 22,000 രൂപ മാത്രമാണ് തന്‍റെ വരുമാനമെന്നും ആറ് പേർ തന്നെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും ഭർത്താവ് കോടതിക്ക് മുമ്പാകെ പറഞ്ഞു.
ALSO READ: ബിബേക് ദെബ്രോയ് അന്തരിച്ചു
ഭാര്യക്ക് വരുമാനമുള്ള ജോലിയുള്ളത് കുട്ടിയോടുള്ള ഭർത്താവിന്‍റെ ബാധ്യത ഇല്ലാതാക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. മാതാപിതാക്കളെ ആശ്രയിച്ചുകഴിയുന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് മാന്യമായ ജീവിതനിലവാരം ഉറപ്പാക്കാൻ പിതാവിനും ബാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി.