തൃശൂരില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പൊതു ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര ഉള്‍പ്പെടെ നിരോധിച്ചു. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും വിനോദസഞ്ചാരികള്‍ക്ക് വിലക്കുണ്ട്.
ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വാഴച്ചാല്‍ , മലക്കപ്പാറ ചെക്ക് പോസ്റ്റ് വഴി ഇതര സംസ്ഥാനങ്ങളിലേക്കുള്ള വാഹനങ്ങള്‍ രാവിലെ 6 മുതല്‍ 4 മണി വരെ മാത്രം പ്രവേശനമുള്ളു. വിനോദസഞ്ചാര വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. കെഎസ്ആര്‍ടിസിക്കും നിയന്ത്രണമുണ്ട്. ബജറ്റ് ടൂറിസം വാഹനങ്ങള്‍ക്കും നിരോധനമുണ്ട്. മഴ മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ നിയന്ത്രണം തുടരും. അതേസമയം, സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും വ്യാഴാഴ്ച വരെ മഴകനക്കും. ഇടുക്കി, പത്തനംതിട്ട, കോട്ടയം, ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.
കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും കാസറഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. നാളെ അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും 6 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുമുണ്ട്. വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരും എന്നാണ് പ്രവചനം.