CMDRF

ജോയിയെ കണ്ടെത്താന്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം മഹത്തായത്: എം ബി രാജേഷ്

ജോയിയെ കണ്ടെത്താന്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം മഹത്തായത്: എം ബി രാജേഷ്
ജോയിയെ കണ്ടെത്താന്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം മഹത്തായത്: എം ബി രാജേഷ്

തിരുവനന്തപുരം: ജോയിയെ കണ്ടെത്താന്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം മഹത്തായതെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രക്ഷാദൗത്യത്തില്‍ പങ്കെടുത്തവരെ അഭിനന്ദിക്കുന്നു. ഒരു തരത്തിലും സംഭവിക്കാന്‍ പാടില്ലാത്ത, ആവര്‍ത്തിക്കാന്‍ പാടില്ലാത്ത ദുരന്തമാണ് ആനയിഴഞ്ചാല്‍ അപകടത്തിലൂടെ സംഭവിച്ചത്. ആവര്‍ത്തിക്കില്ല എന്ന് ഉറപ്പ് വരുത്താനുള്ള നടപടികള്‍ എല്ലാവരുടെയും ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. റെയില്‍വേ ഭൂമിയിലാണ് അപകടം നടന്നത്.

റെയില്‍വേ ഭൂമിയില്‍ നഗരസഭക്ക് ഇടപെടാന്‍ കഴിയില്ല. ഒരിക്കല്‍ ശ്രമിച്ചപ്പോള്‍ റെയില്‍വേ ആക്ട് ഉയര്‍ത്തിക്കാട്ടിയാണ് അധികൃതര്‍ എതിര്‍ത്തത്. കോര്‍പ്പറേഷന് അധികാരമില്ലെന്ന് റെയില്‍വേ തന്നെ പറയുന്നുണ്ട്. റെയില്‍വേ ആക്ട് പ്രകാരം മാലിന്യ നിര്‍മാര്‍ജനമടക്കം റെയില്‍വേയുടെ ചുമതലയിലാണ്. തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് റെയില്‍വേ തന്നെ അംഗീകരിക്കുന്നുണ്ട്. ഈ സന്ദര്‍ഭം ആരെയും പഴി ചാരാന്‍ ഉള്ളതായിരുന്നില്ല. സര്‍ക്കാര്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. ജീവന്‍ രക്ഷിക്കാനും ആളിനെ കണ്ടെത്തുന്നതിലും ആയിരുന്നു സര്‍ക്കാരിന്റെ ശ്രദ്ധ. എന്നാല്‍, പ്രതിപക്ഷ നേതാവടക്കം തുടക്കം മുതലേ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് നടത്തിയത്.

അപകടത്തില്‍പ്പെട്ടയാളെ കിട്ടുന്നത് വരെ കാത്തിരിക്കാനുള്ള വിവേകം പോലും പ്രതിപക്ഷ നേതാവില്‍ നിന്ന് ഉണ്ടായില്ല.ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ അതിലെ രാഷ്ട്രീയ ലാഭം കണ്ട് ചാടി വീഴുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതാണോ എന്ന് എല്ലാവരും ചിന്തിക്കണം. മാലിന്യ സംസ്‌കരണം സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണ്. എല്ലാവര്‍ക്കും മാലിന്യം പ്രശ്നം പരിഹരിക്കുന്നതിന് ഉത്തരവാദിത്തമുണ്ട്. പരസ്പരം പഴിചാരുകയല്ല വേണ്ടത്. ഒരു അപകടം സംഭവിക്കുമ്പോള്‍ രാഷ്ട്രീയ ലാഭത്തിനുള്ള പ്രതികരണമല്ല വേണ്ടതെന്നും മന്ത്രി രാജേഷ് പറഞ്ഞു.

Top