രാഹുല്‍ ഗാന്ധിയുടെ ഒറ്റ പ്രതികരണത്തോടെ, കോണ്‍ഗ്രസ്സിന്റെ മുഖമൂടിയാണിപ്പോള്‍ അഴിഞ്ഞു വീണിരിക്കുന്നത്. കേരള മുഖ്യമന്ത്രിയെ ഇഡിയും സി.ബി.ഐയും ജയിലില്‍ ആക്കാത്തതിലാണ്, രാഹുല്‍ ഗാന്ധി രോക്ഷം കൊണ്ടിരിക്കുന്നത്. രണ്ട് മുഖ്യമന്ത്രിമാര്‍ ജയിലിലാണെന്നും, എന്നാല്‍ പിണറായിക്ക് ഒന്നും സംഭവിക്കുന്നില്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.
ഈ ചോദ്യം ഉന്നയിച്ച രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ മാതാവ് സോണിയ ഗാന്ധിയും, എന്തുകൊണ്ടാണ് അഴിക്കുള്ളില്‍ ആകാതെ ഇരിക്കുന്നത് എന്നതിനാണ് , രാഹുല്‍ ഗാന്ധി ആദ്യം മറുപടി പറയേണ്ടത്. നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍, ചോദ്യം ചെയ്യലിന് വിധേയരായെങ്കിലും, ഇതുവരെ ഇരുവരെയും കേന്ദ്ര ഏജന്‍സികള്‍ അറസ്റ്റ് ചെയ്തിട്ടില്ല. അത് ഏതെങ്കിലും രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണോ എന്നതിനാണ്, ആദ്യം രാഹുല്‍ ഗാന്ധി മറുപടി പറയേണ്ടത്. മോദിയുടെ ഔദാര്യം കൊണ്ടാണ് അമ്മയും മകനും അകത്ത് കിടക്കാത്തതെന്ന് പറഞ്ഞാല്‍, ആ വാദം തള്ളിക്കളയാന്‍ , രാഷ്ട്രീയ ഇന്ത്യയ്ക്ക് കഴിയുകയില്ല.
രണ്ട് മുഖ്യമന്ത്രിമാരെ അകത്താക്കിയ പോലെ, രാഷ്ട്രീയ പകപോക്കല്‍ മുന്‍ നിര്‍ത്തി, കേരള മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ, എളുപ്പത്തില്‍ ഒരു ഏജന്‍സിക്കും കഴിയുകയില്ല. അതിനുള്ള ഭൗതിക സാഹചര്യമല്ല കേരളത്തില്‍ ഉള്ളത്. ആ ധൈര്യം ഉള്ളതു കൊണ്ട് തന്നെയാണ് , ഇടതുപക്ഷം ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകുന്നത്. പ്രധാനമന്ത്രി മോദി പോലും നേരിട്ട് മുഖ്യമന്ത്രിയ്ക്ക് എതിരെ പരസ്യമായ നിലപാട് സ്വീകരിച്ചിട്ടും , സി.പി.എമ്മോ ഇടതുപക്ഷമോ , ഒരടി പോലും പിന്നോട്ട് പോയിട്ടില്ല. അതാകട്ടെ, അവരുടെ ആത്മധൈര്യം വെളിവാക്കുന്നതുമാണ്.
എന്തിനേറെ, മുഖ്യമന്ത്രിയുടെ മകള്‍ വീണയെ ഇഡി ചോദ്യം ചെയ്യുമെന്ന അഭ്യൂഹം നിലനില്‍ക്കെ തന്നെയാണ്, അവരുടെ ഭര്‍ത്താവ് കൂടിയായ മന്ത്രി മുഹമ്മദ് റിയാസ് , രൂക്ഷമായി ഇഡിക്ക് എതിരെ ആഞ്ഞടിച്ചിരിക്കുന്നത്. ഇതാകട്ടെ ബി.ജെ.പി നേതാക്കളെ മാത്രമല്ല, കോണ്‍ഗ്രസ്സ് നേതാക്കളെ പോലും ശരിക്കും ഞെട്ടിച്ചിട്ടുണ്ട്.’കോണ്‍ഗ്രസിനെ ബിജെപി ആക്കാനും, ബിജെപിയ്ക്ക് പണപ്പിരിവിനുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റെന്നാണ്, മന്ത്രി പി എ മുഹമ്മദ് റിയാസ് തുറന്നടിച്ചിരിക്കുന്നത്. ‘ഇഡിയുടെ വിശ്വാസ്യത കേരളത്തിന് അറിയാം, അതുകൊണ്ട് അന്വേഷണങ്ങള്‍ അതിന്റെ വഴിക്ക് നടക്കട്ടെയെന്നും മുഹമ്മദ് റിയാസ് പറയുകയുണ്ടായി. കുറ്റം തെളിയിക്കുന്ന കാര്യത്തില്‍ ഇ ഡി ലോകത്ത് ഏറ്റവും പുറകിലുള്ള ഏജന്‍സിയാണെന്നും, സംഘപരിവാറിലെ പരിവാര്‍ അംഗത്തെപോലെയാണ് ഇഡി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി.കേന്ദ്ര സര്‍ക്കാര്‍ എന്താടാ എന്ന് ചോദിച്ചാല്‍, പോടാ എന്ന് പറയാന്‍ ഇടത് പക്ഷത്തിനേ സാധിക്കൂ എന്നും റിയാസ് തുറന്നടിച്ചിട്ടുണ്ട്.
കേന്ദ്രത്തിനെതിരായ , ഇടതുപക്ഷത്തിന്റെ ശക്തമായ നീക്കമായാണ്, റിയാസിന്റെ ഈ പ്രസ്താവന ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. കേന്ദ്ര ഏജന്‍സികള്‍ ഏതെങ്കിലും തരത്തിലുള്ള പക പോക്കല്‍ നടപടി സ്വീകരിച്ചാല്‍ , അതിനെ നിയമപരമായും രാഷ്ട്രീയ പരമായും നേരിടാനാണ് ഇടതുപക്ഷം തീരുമാനിച്ചിരിക്കുന്നത്. ആ തീരുമാനം തന്നെയാണ്, പിണറായി മന്ത്രിസഭയിലെ മന്ത്രിയായ റിയാസും പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര നടപടി വരാതിരിക്കാന്‍, ബി.ജെ.പിയുമായി മുഖ്യമന്ത്രി ഒത്തു കളിക്കുകയാണെന്ന, പ്രതിപക്ഷ ആരോപണത്തിന്റെ മുനയാണ് ഇതോടെ ഒടിഞ്ഞിരിക്കുന്നത്. ഇതോടെ കോണ്‍ഗ്രസ്സും ശരിക്കും ഇളഭ്യരായിട്ടുണ്ട്.
ഇടതുപക്ഷത്തിന്റെ പുതിയ നീക്കത്തെ, ഗൗരവത്തോടു കൂടിയാണ്, രാഷ്ട്രീയ നിരീക്ഷകരും ഉറ്റു നോക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച മൂന്ന് സംസ്ഥാനങ്ങളാണ് രാജ്യത്ത് ഉള്ളത്. അത്… പശ്ചിമബംഗാള്‍, തമിഴ്‌നാട്, കേരള സര്‍ക്കാറുകളാണ്. ഈ മൂന്ന് സംസ്ഥാനങ്ങളിലും കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ , സംസ്ഥാന പൊലീസ് കേസെടുക്കുന്ന സാഹചര്യം വരെ മുന്‍പ് ഉണ്ടായിട്ടുണ്ട്. അതു കൊണ്ട് തന്നെ, ഇവിടങ്ങളിലെ കേന്ദ്ര നീക്കം എത്രമാത്രം ഫലപ്രദമാകുമെന്ന ചോദ്യവും പ്രസക്തമാണ്.
ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന രാജ്യമായതിനാല്‍, വലിയ അധികാരങ്ങളാണ് സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് ഇപ്പോള്‍ ഉള്ളത്. ക്രമസമാധാന പാലനം സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ , ഉദ്ദേശിച്ച ഏത് കടുത്ത തീരുമാനം എടുക്കാനും സംസ്ഥാന പൊലീസിനു കഴിയും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊല്‍ക്കത്ത കമ്മീഷണറെ ചോദ്യം ചെയ്യാന്‍ വന്ന സി.ബി.ഐ സംഘത്തെ മമതയുടെ പൊലീസ് തൂക്കിയെടുത്ത് പൊലീസ് സ്റ്റേഷനില്‍ കൊണ്ടു പോയതും, ഇപ്പോള്‍ എന്‍.ഐ.എ ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തതുമെല്ലാം ഈ അധികാരം ഉപയോഗിച്ചാണ്. തമിഴ്‌നാട്ടിലും കേരളത്തിലും പൊലീസ് ഇഡി ഉദ്യാഗസ്ഥര്‍ക്കെതിരെ കേസെടുത്തതും , സംസ്ഥാന പൊലീസിനുള്ള അധികാരം ഉപയോഗിച്ചു തന്നെയാണ്.
ഇത്തരത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സംസ്ഥാന ഭരണകൂടങ്ങള്‍ നീങ്ങിയാല്‍ , സംസ്ഥാന സര്‍ക്കാറുകളെ പിരിച്ചു വിടാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിയുമെങ്കിലും , പിന്നീട് എപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാലും ഈ മൂന്ന് സംസ്ഥാനങ്ങളിലും, ബി.ജെ.പിയല്ല അധികാരത്തില്‍ വരിക എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. അതായത് ഒരു ഉദാഹരണം പറയുകയാണെങ്കില്‍, ഇത്തരമൊരു സാഹചര്യം കേരളത്തില്‍ ഉണ്ടാവുകയാണെങ്കില്‍, എന്തായിരിക്കും അവസ്ഥ എന്നത് നാം ഒന്നു ചിന്തിച്ചു നോക്കണം. അത്തരമൊരു ഘട്ടത്തില്‍… കേരളം ഇന്നുവരെ നല്‍കാത്ത ഭൂരിപക്ഷത്തിനായിരിക്കും , ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വരാന്‍ പോകുന്നത്. മാത്രമല്ല, ഇടതുപക്ഷ അണികളുടെ പ്രതികരണവും , ബി.ജെ.പിയ്ക്ക് താങ്ങാന്‍ പറ്റാത്തതിലും അപ്പുറമാകാനാണ് സാധ്യത. തങ്ങള്‍ക്ക് രാഷ്ട്രീയമായി ഒരു നേട്ടവും ഉണ്ടാവാത്ത ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കാന്‍, ബി.ജെ.പിയും മോദിയും താല്‍പ്പര്യപ്പെടുമോ എന്നതാണ് , ഇനി കണ്ടറിയേണ്ടത്. രാഷ്ട്രീയ കേരളം കാത്തിരിക്കുന്നതും , ആ ചോദ്യത്തിനുള്ള മറുപടിക്കായാണ്.
EXPRESS KERALA VIEW