മോദി സന്ദർശിച്ച ബ്രൂണെ സുൽത്താൻ, ലോകത്തിലെ സമ്പന്നനായ സുൽത്താൻ

7,000 ആഡംബര വാഹനങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ കാര്‍ ശേഖരമാണ് ബ്രൂണെ സുല്‍ത്താന് സ്വന്തമായുള്ളത്

മോദി സന്ദർശിച്ച ബ്രൂണെ സുൽത്താൻ, ലോകത്തിലെ സമ്പന്നനായ സുൽത്താൻ
മോദി സന്ദർശിച്ച ബ്രൂണെ സുൽത്താൻ, ലോകത്തിലെ സമ്പന്നനായ സുൽത്താൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തില്‍ ചര്‍ച്ചയായ ബ്രൂണെ എന്ന രാജ്യവും അതിന്റെ ഭരണാധികാരിയായ ഹസനുല്‍ ബോല്‍കിയയും. വെറും ഭരാണാധികാരിയല്ല, ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്പന്നനായ സുല്‍ത്താന്‍. പണം വാരിയെറിഞ്ഞ അംബാനി കല്യാണമൊക്കെ നമ്മുടെ രാജ്യത്തെ അത്ഭുതപ്പെടുത്തിയുന്നെങ്കിലും അതൊന്നും ബ്രൂണെ സുല്‍ത്താന്റെ ആഡംബരത്തോളം കൗതുകമുണര്‍ത്തുന്നതല്ല. ആഡംബരത്തിന്റെ പേരില്‍ കുറച്ച് റെക്കോഡുകളടക്കം സ്വന്തമാണ് ഈ സുല്‍ത്താന്റെ പേരില്‍. മലേഷ്യയ്ക്കും സൗത്ത് ചൈന കടലിനും നടുവിലായി കിടക്കുന്ന വളരെ ചെറിയ ഒരു രാജ്യമാണ് ബ്രൂണെ. ഈ ചെറിയ രാജ്യത്തെ ഭരണാധികാരിയാണ് ലോകത്തിലെ ഏറ്റവും സമ്പന്നന്‍ എന്നത് തന്നെയാണ് ആദ്യത്തെ കൗതുകകരമായ കാര്യം. വെറും 5,795 ചതുരശ്ര കിലോമീറ്ററാണ് ഈ ചെറിയ രാജ്യത്തിന്റെ വിസ്തീര്‍ണം. ലോകത്ത് ഇപ്പോഴും രാജവാഴ്ച്ചയുള്ള ഒരേയൊരു രാജ്യമാണ് ബ്രൂണെ. രാജ്യത്തെ സമ്പന്നമാക്കിയതിന്റെ പ്രധാന സ്രോതസ് എണ്ണ ഖനനമാണ്. ഖനനം തുടങ്ങിയതോടെയാണ് രാജ്യം സാമ്പത്തികമായി ഉയര്‍ന്നത്, ഒപ്പം രാജാവും. വലിപ്പത്തില്‍ ചെറുതെങ്കിലും ബ്രൂണെയുടെ എണ്ണ, വാതകശേഖരത്തിന്റെ കരുത്തില്‍ വളര്‍ന്ന രാജ്യം ഇന്നും ലോകത്തിന് അത്ഭുതം തന്നെയാണ്.

brunei king wife

ഹസനുല്‍ ബോല്‍കിയ ഇബ്നി ഒമര്‍ അലി സൈഫുദ്ദീന്‍ മൂന്നാമന്‍ എന്നാണ് രാജാവിന്റെ യഥാര്‍ത്ഥ പേര്. 1967 ലാണ് ഹസനുല്‍ ബോല്‍കിയ ബ്രൂണെയുടെ സുല്‍ത്താനാകുന്നത്. 1968 ഓഗസ്റ്റ് 1 ന് ബ്രൂണെ ഔദ്യോഗികമായി കിരീടമണിഞ്ഞു. ബ്രൂണെയുടെ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ധനമന്ത്രിയുമാണ് അദ്ദേഹം. എലിസബത്ത് രാജ്ഞിക്കുശേഷം ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രാജാവ് കൂടിയാണ് ബോല്‍കിയ. ആഡംബരത്തിന്റെ ലോകറെക്കോഡുകള്‍ അതാണ് സുല്‍ത്താനെ വ്യത്യസ്തനാക്കുന്നത്. ഒരുദിവസം എണ്ണ ഖനനത്തില്‍ നിന്നും രാജ്യത്തിന് ലഭിക്കുന്ന വരുമാനം എന്ന് പറയുന്നത് ഇന്ത്യന്‍ രൂപയില്‍ 75 കോടിയോളമാണ്. ഏകദേശം 4 ലക്ഷത്തോളം മാത്രം ആളുകള്‍ താമസിക്കുന്ന ഒരു സ്ഥലത്തെ ഒരു ദിവസത്തെ വരുമാനമാണ് ഇത്രയുമെങ്കില്‍ സുല്‍ത്താന്റെ ആഡംബര ജീവിതത്തില്‍ അധികം അത്ഭുതപ്പെടാനില്ല.

brunei king car collection

സുല്‍ത്താന് മാത്രമല്ല ദിവസേന ഇത്ര വരുമാനം ലഭിക്കുന്നത്. ജനസംഖ്യ തീരെ കുറഞ്ഞ ഒരു രാജ്യത്ത് സ്വാഭാവികമായും ആളുകളും സമ്പന്നരായിരിക്കും. ബ്രിട്ടീഷുകാരുടെ ഭരണത്തില്‍ നിന്നും സ്വാതന്ത്രമായത് മുതല്‍ ബ്രൂണെയില്‍ എണ്ണ ഖനനമുണ്ട്. ആ കാലം മുതലുള്ള സമ്പാദ്യമാണ് ലോകത്ത് ഏറ്റവും കൂടുതല്‍ പണം മുടക്കി തലമുടി വെട്ടുന്ന രാജാവെന്ന നിലയിലേക്ക് സുല്‍ത്താനെ വളര്‍ത്തിയത്. 24,000 യുഎസ് ഡോളര്‍ അതായത് 20 ലക്ഷം ഇന്ത്യന്‍ രൂപയാണ് അദ്ദേഹത്തിന്റെ മുടി വെട്ടുന്നതിനുള്ള വില. പ്രാഗല്ഭ്യമുള്ള ഹെയര്‍ സ്‌റ്റൈലിഷിനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചാണ് അദ്ദേഹം തലമുടി വെട്ടാറ്.

7,000 ആഡംബര വാഹനങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ കാര്‍ ശേഖരമാണ് ബ്രൂണെ സുല്‍ത്താന് സ്വന്തമായുള്ളത്. 600 റോള്‍സ് റോയ്സ് കാറുകളും 450 ഫെരാരികളും 380 ബെന്റ്‌ലികളും, പോര്‍ഷെ, ലംബോര്‍ഗിനി, മെയ്ബ, ജാഗ്വാര്‍, ബിഎംഡബ്ല്യു, മക്ലാറെന്‍ എന്നിവയും ശേഖരത്തിലുണ്ട്. കഴിഞ്ഞില്ല ഏകദേശം 80 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ബെന്റ്‌ലി ഡോമിനാര്‍ എസ്യുവി, ഹൊറൈസണ്‍ ബ്ലൂവിലുള്ള പോര്‍ഷെ 911, 24 കാരറ്റ് സ്വര്‍ണം പൂശിയ റോള്‍സ് റോയ്‌സ് സില്‍വര്‍ സ്പര്‍ II എന്നിവയാണ് ഹസനുല്‍ ബോല്‍കിയയുടെ ശേഖരത്തിലെ ഏറ്റവും ശ്രദ്ധേയമായ കാറുകള്‍. ഏകദേശം 5 ബില്യണ്‍ ഡോളറാണ് ഈ കാര്‍ ശേഖരത്തിന്റെ മാത്രം മൂല്യം. ഇതൊക്കെ സ്വന്തമാക്കിയതിന് അദ്ദേഹത്തിന്റെ പേരില്‍ ഒരു ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും ഉണ്ട്.

ലോകത്തിലെ ഏറ്റവും വലിയ കൊട്ടാരം… സുല്‍ത്താന്റെ വസതിയായ ഇസ്താന നൂറുല്‍ ഇമാന്‍. രണ്ട് ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ പരന്നുകിടക്കുന്ന ഈ കൊട്ടാരത്തിന്റെ താഴികക്കുടത്തില്‍ 22 കാരറ്റ് സ്വര്‍ണ്ണം പതിച്ചിട്ടുണ്ട്. പ്രകാശത്തിന്റെ കൊട്ടാരം എന്ന് വിളിക്കപ്പെടുന്ന വസതിയില്‍ ഏകദേശം 1,700 കിടപ്പുമുറികളുണ്ട്. അഞ്ച് നീന്തല്‍ക്കുളങ്ങള്‍, 257 കുളിമുറികള്‍, 110 ഗാരേജുകള്‍ എന്നിവയാണ് കൊട്ടാരത്തിലുള്ളത്. കൂടാതെ, 200 കുതിരകള്‍ക്കായി എയര്‍കണ്ടീഷന്‍ ചെയ്ത ആലകളുമുള്ള കൊട്ടാരത്തിന്റെ വില 2,550 കോടി രൂപയിലധികമാണ്. ഇതും ഗിന്നസ് റെക്കോര്‍ഡിന് കാരണമായി. 30 ബംഗാള്‍ കടുവകളെയും വിവിധയിനം പക്ഷികളെയും പാര്‍പ്പിക്കുന്ന ഒരു സ്വകാര്യ മൃഗശാലയും ഒരു ബോയിംഗും 747 വിമാനവും സുല്‍ത്താന് സ്വന്തമായുണ്ട്.

brunei king palace

സുല്‍ത്താന്റെ അമ്പതാം പിറന്നാളില്‍ അദ്ദേഹമൊരുക്കിയിരുന്ന വിരുന്ന് ചെറുതൊന്നുമായിരുന്നില്ല. പരിപാടിയിലെ മുഖ്യ ആകര്‍ഷകമായത് കിംഗ് ഓഫ് പോപ്പ് ആയ ഇതിഹാസതാരം മൈക്കിള്‍ ജാക്സണായിരുന്നു. 125 കോടി രൂപയ്ക്ക് മൂന്നുദിവസത്തെ പരിപാടി ആയിരുന്നു അന്ന് നടത്തിയിരുന്നത്. മാത്രമല്ല ഇഷ്ടപ്പെട്ട ഹോബിയായ സ്‌പോര്‍ട്‌സ് കാണുന്നതിനായി ഇഷ്ടതാരങ്ങളായ ഇന്റര്‍നാഷണല്‍ പ്ലെയേഴ്‌സിനെ അദ്ദേഹത്തിന്റെ മുന്നില്‍ എത്തിക്കുമായിരുന്നു. മോഹവില കൊടുത്ത് വേണ്ടതെല്ലാം സ്വന്തമാക്കാനും ആവശ്യത്തിലധികം പണം ചെലവിടാനും മടിയില്ലാത്ത ഒരു സുല്‍ത്താന്‍. എത്രയൊക്കെ ധൂര്‍ത്തടിച്ചാലും അദ്ദേഹത്തിന് ഒരു കോട്ടവും സംഭവിക്കാനും പോകുന്നില്ല. ഒരിക്കലും അവസാനിക്കാത്തത്ര ആസ്തിയും ദിനംപ്രതി വന്നുകൊണ്ടിരിക്കുന്ന സമ്പത്തും സുല്‍ത്താന്റെ കരുത്താണ്.

ബ്രൂണോയിലേക്ക് ആദ്യമായി പോയ ഇന്ത്യന്‍ ഭരണാധികാരിയാണ് മോദി. സുല്‍ത്താന്റെ വസതിയില്‍ മോദിക്കൊരുക്കിയ വിരുന്നൊക്കെ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഫസ്റ്റ് കോഴ്സ് ആയി അവക്കാഡോ, വെജിറ്റബിള്‍ റൈസ് കേക്ക്, കക്കരിക്ക എന്നിവയും പിന്നാലെ ബ്രൊക്കോളിയോടൊപ്പം പയര്‍ സൂപ്പ് എന്നിവയാണ് വിളമ്പിയത്. പേസ്ട്രീ ക്രസ്റ്റ് ഉപയോഗിച്ചുള്ള ഫ്രഞ്ച് വിഭവമായ കിശ്ശ, ചീര, ബ്ലാക്ക് ട്രഫിളിനൊപ്പം കൂണ്‍, മത്തങ്ങ, ഗ്രീന്‍ പീസ് പൂരി എന്നിവയാണ് തേര്‍ഡ് കോഴ്സായി വിളമ്പിയത്. ഇന്ത്യന്‍ പതാകയുടെ ത്രിവര്‍ണ നിറം സൂചിപ്പിക്കുന്ന തരത്തിലാണ് വിഭവങ്ങള്‍ ഒരുക്കിയിരുന്നത്. മെയിന്‍ കോഴ്സില്‍ കൂടുതലും ഇന്ത്യന്‍ വിഭവങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. ജീര റൈസ്, ചന്ന മസാല, വെജിറ്റബിള്‍ കോഫ്ത, ഗ്രില്‍ഡ് ലോബ്സ്റ്റര്‍, താസ്മാനിയന്‍ സാല്‍മണ്‍, കൊഞ്ച് എന്നിങ്ങനെ പല മത്സ്യവിഭവങ്ങളും മെയിന്‍ കോഴിസന്റെ ഭാഗമായിരുന്നു. മധുര പലഹാരങ്ങളായി മാങ്കോ സാഫ്റണ്‍ പേടയും ലഡുവും, പിസ്ത്താഷ്യോയും നല്‍കിയാണ് വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം ഒരുക്കിയത്. ഇന്ത്യയും ബ്രൂണോയും തമ്മില്‍ നാലുപതിറ്റാണ്ട് നീളുന്ന നയതന്ത്രബന്ധമാണുള്ളത്. ഇതിന്റെ 40-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് മോദി ബ്രൂണോ സന്ദര്‍ശിച്ചത്.

Top