ജയ്പൂര്‍: നാട്ടിലെ മോശം റോഡുകള്‍ മൂലം ദുരിതത്തിലായതിനാൽ അധികാരികള്‍ക്ക് രക്തംകൊണ്ട് കത്തെഴുതി രാജസ്ഥാനിലെ ചുരു ഗ്രാമത്തിലെ ജനങ്ങള്‍. തങ്ങളുടെ ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് കത്ത്.
ഒരു വർഷത്തിലേറെയായി രാജസ്ഥാനിലെ ധീരസര്‍, ജസാസര്‍, നകരസര്‍, രാംദേവ്ര നിവാസികള്‍ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ കാരണം ഏറെ ബുദ്ധിമുട്ടിലാണ്. തകര്‍ന്ന റോഡുകളിലൂടെ സഞ്ചരിച്ചത് കാരണം ഗ്രാമത്തിലെ നിരവധിയാളുകള്‍ക്കാണ് അപകടം സംഭവിച്ചത്. ഗുരുതരാവസ്ഥയിലായ രോഗികളെ സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ പോലും പലപ്പോഴും സാധിക്കാറില്ല. വഴിയില്‍വെച്ച് രോഗികള്‍ മരിക്കുന്നതും ഇവിടെ പതിവാണ്.
Also Read :ലോകായുക്ത റെയ്ഡ്; കർണാടകയിൽ കോടികളുടെ ആഭരണങ്ങൾ പിടിച്ചെടുത്തു
ധീരാസര്‍ ഗ്രാമത്തില്‍ നിന്ന് 35 കിലോമീറ്ററുള്ള ചുരുവിലേക്കുള്ള റോഡാണ് തകര്‍ന്നുകിടക്കുന്നത്. ഏകദേശം ഒന്നര വർഷം മുമ്പ് ഈ റോഡിന്റെ നിര്‍മാണം ആരംഭിച്ചെങ്കിലും കരാറുകാരന്‍ നിർമാണ പ്രവൃത്തി പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. കൂടാതെ ഇതുവഴി കടന്നുപോകുന്ന വാഹനങ്ങള്‍ തകരാറിലാകുന്നതും ഇവിടെ പതിവ് കാഴ്ചയാണ്. ഗ്രമത്തിലെ റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമവാസികള്‍ നിരവധി തവണ അധികാരികളെയും കളക്ടറെയും പോയി കണ്ടെങ്കിലും ഇതുവരെ ഫലവുമുണ്ടായില്ല. തുടർന്നാണ് ഇപ്പോൾ ഗ്രാമീണര്‍ തങ്ങളുടെ ചോര ഉപയോഗിച്ച് കത്തെഴുതാന്‍ തീരുമാനിച്ചത്. അതേസമയം ഇനിയും പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ തങ്ങൾ വലിയ പ്രക്ഷോഭത്തിലേക്ക് പോകുമെന്നും ഗ്രാമവാസികള്‍ പറഞ്ഞു.