ശാസ്താംകോട്ട: റോഡിലെ വെള്ളക്കെട്ട് മൂലം യാത്രക്കാരും വ്യാപാരികളും ദുരിതത്തിൽ. ഭരണിക്കാവ് ജങ്ഷനിൽ അടൂർ റോഡിലാണ് കഴിഞ്ഞ ദിവസം തുടർച്ചയായി പെയ്ത മഴയിൽ വെള്ളക്കെട്ടുണ്ടായത്. അടൂർ റോഡിൽ സപ്ലൈകോക്ക് സമീപമാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. റോഡിൽ നിന്ന് വെള്ളം സമീപത്തെ കടകളിലേക്ക് ഒഴുകിയതോടെ വ്യാപാരികളും ദുരിതത്തിലായി. വാഹനഗതാഗതം തടസ്സപ്പെടുന്ന തരത്തിലാണ് വെള്ളക്കെട്ടുള്ളത്.
12 വർഷം മുമ്പ് വെള്ളക്കെട്ടിന് പരിഹാരമായി പുതിയ ഓട നിർമിച്ചിരുന്നു. മുസ്ല്യാർഫാമിലേക്ക് വെള്ളം ഒഴുക്കിവിടുന്ന രീതിയിലായിരുന്നു ഓടയുടെ നിർമാണം. അടൂർ റോഡിൽ ഉണ്ടായിരുന്ന കലുങ്ക് പുതുക്കിപ്പണിയാതിരുന്നതോടെ മണ്ണും ചളിയും നിറഞ്ഞ് വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടു. കലുങ്ക് വഴി വെള്ളം ഓടയിലേക്ക് ഒഴുകാതിരുന്നതോടെ ചെറിയ മഴയിൽപോലും റോഡിൽ വെള്ളക്കെട്ടുണ്ടാവുകയാണ്.
Also Read: ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂവിനോടൊപ്പം കെ.എസ്.ആര്.ടി.സി ഓണ്‍ലൈന്‍ ടിക്കറ്റും ബുക്ക് ചെയ്യാം !
വ്യാപാരികളുടെ പ്രതിഷേധത്തെ തുടർന്ന് അധികൃതർ കലുങ്കിലെ ചളിയും മാലിന്യവും നീക്കിയിരുന്നു. അതിനാൽ കഴിഞ്ഞ കുറച്ച് ദിവസം വെള്ളക്കെട്ട് ഒഴിവായിരുന്നു. വീണ്ടും ചളിയും മാലിന്യവും നിറഞ്ഞതോടെയാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. അടിയന്തരമായി ഇവ നീക്കി വെള്ളക്കെട്ട് പരിഹരിക്കണമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം.