റിയാദ്: സൗദിയില്‍ ടാക്സി നിരക്കുകള്‍ വര്‍ധിക്കുന്നത് നിയന്ത്രിക്കാനൊരുങ്ങി ഗതാഗത മന്ത്രാലയം. ഇതിന്റെ ഭാഗമായി യാത്രാ നിരക്കുകള്‍ ടാക്സി കമ്പനികള്‍ക്ക് നിര്‍ദ്ദേശിക്കാമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. നിര്‍ദേശം പരിശോധിച്ചാകും നിരക്ക് മാറ്റത്തിന് ഗതാഗത മന്ത്രാലയം അനുമതി നല്‍കുക.
യാത്രക്കാരില്‍ നിന്നും ടാക്സിസ്ഥാപനങ്ങള്‍ അമിതനിരക്ക് ഈടാക്കുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായാണ് നിരക്കുകള്‍ പുനഃപരിശോധിക്കുന്നത്. പുതിയ നിരക്കുകള്‍ നിലവില്‍ ടാക്സി ആപ്പുകള്‍ നിയന്ത്രിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാം. ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ അനുമതി ലഭിച്ചാല്‍ നിര്‍ദ്ദേശിച്ച നിരക്ക് പ്രാബല്യത്തില്‍ വരും. ടാക്സി സ്ഥാപനങ്ങളും, ടാക്സി ആപ്പുകള്‍ നിയന്ത്രിക്കുന്ന സ്ഥാപനങ്ങളും ഈ രീതിയാണ് പിന്തുടരേണ്ടത്.
ALSO READ: കൊല്ലത്ത് എംഡിഎംഎയുമായി സീരിയല്‍ നടി അറസ്റ്റിലായ സംഭവം; നിര്‍ണായക വിവരങ്ങള്‍ പൊലീസിന്
പുതുക്കിയ നിരക്കുകള്‍ പൊതുജനങ്ങളെ അറിയിക്കും. അംഗീകരിച്ച നിരക്കുകളായിരിക്കും പിന്നീട് മുഴുവന്‍ ടാക്സി സര്‍വീസുകളും പിന്തുടരേണ്ടത്. ഇതില്‍ കൂടുതല്‍ നിരക്ക് ഈടാക്കാന്‍ പാടില്ല. ടാക്സി നിരക്കുകള്‍ ഏകീകരിക്കുക, ഉപഭോക്താവ് വഞ്ചിക്കപ്പെടുന്നത് തടയുക, ടാക്സി മേഖലയെ വികസിപ്പിക്കുക എന്നിവയുടെ ഭാഗമായാണ് നടപടികള്‍. മേഖലയിലെ സ്ഥാപനങ്ങളും, യാത്രക്കാരും തമ്മില്‍ ആരോഗ്യകരമായ ബന്ധം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് പരിഷ്‌കരണം.