തിരഞ്ഞെടുപ്പിനും കല്യാണങ്ങള്‍ക്കും മാത്രമല്ല അധ്യായന വര്‍ഷത്തില്‍ കുട്ടികളെ വരവേല്‍ക്കാനും സിനിമ പോസ്റ്ററുകള്‍ ഇറങ്ങുകയാണ്. ഹിറ്റ് ഡയലോഗുകളും വൈറലായ പോസ്റ്ററുകളും രൂപം മാറി കുട്ടികള്‍ക്കായി ഒരുങ്ങുമ്പോള്‍ കാണാന്‍ തന്നെ രസകരവും വ്യത്യസ്തവുമാണ്. ഇക്കാലമത്രയും പ്രവേശനോത്സവങ്ങളില്‍ ആഘോഷിക്കപ്പെട്ടത് ‘ഗോഡ്ഫാദരര്‍’ സിനിമയിലെ അഞ്ഞൂറാന്റെ ‘കേറിവാടാ മക്കളേ…’ എന്ന മാസ്-ക്ലാസ് ഡയലോഗ് ആയിരുന്നെങ്കില്‍ ഇത്തവണ അതൊന്ന് മാറ്റി പിടിച്ചിട്ടുണ്ട്.
സിനിമ പോസ്റ്റര്‍ പോലെ സോഷ്യല്‍ മീഡിയ ആഘോഷിക്കപ്പെട്ട ഒന്നാണ് അഖില്‍ പി ധര്‍മ്മജന്റെ ‘റാം c/o ആനന്ദി’ എന്ന നോവല്‍. സമൂഹ മാധ്യമങ്ങള്‍ അടുത്ത കാലത്ത് മറ്റൊരു മലയാള കൃതിക്കും നല്‍കാത്ത വരവേല്‍പ്പാണ് റാം c/o ആനന്ദിക്ക് നല്‍കിയിരിക്കുന്നത്. നോവല്‍ ഏറ്റെടുത്തതിനൊപ്പം ആകര്‍ഷകമായ നോവലിന്റെ കവര്‍ പേജും ഇടം നേടിയിരുന്നു. ഈ സ്‌റ്റൈലും സ്‌കൂളുകാര്‍ പിടിച്ചിട്ടുണ്ട്. സ്‌കൂളിലെ അധ്യാപകന്‍ ജിതിനാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത്. കുട്ടികളേയും രക്ഷിതാക്കളേയും ആകര്‍ഷിപ്പിക്കണമെന്ന ചിന്തയിലാണ് ഇങ്ങനെയൊരു പരീക്ഷണം. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുണ്ടേരി, മേലെ ചൊവ്വ ധര്‍മസമാജം യുപി സ്‌കൂള്‍ തുടങ്ങി വിവിധ സ്‌കൂളുകളിലും ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായ പോസ്റ്റര്‍ പ്രചാരണം നേടുന്നുണ്ട്. പുതിയ അഡ്മിഷന്‍ വിവരങ്ങളെക്കുറിച്ചറിയാന്‍ മിക്ക പോസ്റ്ററുകളിലും ക്യു ആര്‍ കോഡും ലഭ്യമാണ്.
‘ആവേശം’ സിനിമയിലെ രംഗണ്ണന്റെ ”എടാ മോനേ…” തരംഗമായതോടെ ‘എടാ മോനെ… അഡ്മിഷന്‍ വേണ്ടേ..’ എന്ന് വ്യത്യസ്തമായി പോസ്റ്ററിറക്കിയിരിക്കുകയാണ് അഞ്ചരക്കണ്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. ഇതുമാത്രമല്ല, ‘എസ്എസ്എല്‍സി 100 ശതമാനം വിജയത്തിന്റെ ആവേശം’ എന്നുകൂടി രേഖപ്പെടുത്തിയിട്ടുണ്ട്, ഒപ്പം കളറാക്കാന്‍ രംഗണ്ണന്റെ പടവും.