CMDRF

കടൽ ഉൾവലിഞ്ഞ തീരത്തും കടലാക്രമണം ശക്തം; നാല് മത്സ്യ ബന്ധന വളളങ്ങൾ തകർന്നു

കടൽ ഉൾവലിഞ്ഞ തീരത്തും കടലാക്രമണം ശക്തം; നാല് മത്സ്യ ബന്ധന വളളങ്ങൾ തകർന്നു
കടൽ ഉൾവലിഞ്ഞ തീരത്തും കടലാക്രമണം ശക്തം; നാല് മത്സ്യ ബന്ധന വളളങ്ങൾ തകർന്നു

സംസ്ഥാനത്ത് കടലാക്രമണം രൂക്ഷമായിരിക്കുകയാണ്. ആലപ്പുഴയിൽ കടൽ ഉൾവലിഞ്ഞ തീരത്തും കടലാക്രമണം ശക്തമായി. തീരത്തു വെച്ചിരുന്ന നാല് മത്സ്യ ബന്ധന വളളങ്ങൾ തകർന്നു. വള്ളം എടുത്തു മാറ്റാനുള്ള സാവകാശം ലഭിക്കാതെ വന്നതിനെ തുടർന്നാണ് നഷ്ടം നേരിട്ടത്. ഇന്ന് രാവിലെയാണ് പുറക്കാട് തീരത്ത് കടൽ ഉൾവലിഞ്ഞ് പ്രദേശമാകെ ചെളി രൂപപ്പെട്ടത്. എന്നാൽ ഉച്ചയോടെ ഇവിടെ കടലാക്രമണം ശക്തമാകുകയായിരുന്നു.

തിരുവനന്തപുരം അഞ്ചുതെങ്ങ് പൂത്തുറയിലും കടലാക്രമണമുണ്ടായി. പെരുമാതുറ – അഞ്ചുതെങ്ങ് തീരദേശ റോഡിൽ വെള്ളം കയറി ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ചു. നിലവിൽ ഇതുവഴി പോകുന്ന വാഹനങ്ങൾ വഴിതിരിച്ച് വിടുകയാണ്. പെരുമാതുറയിലും മുതലപ്പൊഴി ബീച്ചിലും വെള്ളം കയറിയിട്ടുണ്ട്.

തിരുവനന്തപുരം പൂവ്വാർ മുതൽ പൂന്തുറ വരെയുള്ള ഭാഗത്താണ് ശക്തമായ കടലാക്രമണം ഉണ്ടായത്. പൊഴിയൂരിൽ കടലാക്രമണത്തിൽ മത്സ്യബന്ധന ഉപകരണങ്ങളും യാനങ്ങളും നശിച്ചു. റോഡുകൾ തകർന്നു. തീരത്തെ വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. പൂവാർ അടിമലത്തുറ ഭാഗം വരെയാണ് കടൽ കയറിയത്.

കോവളത്തും ശക്തമായ തിരയടിയുണ്ടായി. റോഡിലേക്കും കടകളിലേക്കും വെള്ളം കയറി. കോവളം ബീച്ചിലേക്ക് പ്രവേശനം നിരോധിച്ചു. തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലയിൽ ശക്തമായ വേലിയേറ്റം ഉണ്ടാകുന്നതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുമ്പയിൽ 100 മീറ്ററോളം തിരമാല അടിച്ചു കയറുകയും ചെയ്തു. ചേർത്തല പള്ളിപ്പുറം മേഖലകളിൽ കടലാക്രമണം ശക്തമാണ്. വേലിയേറ്റമാണ് കടലാക്രമണത്തിന് കാരണമെന്നാണ് പറയുന്നത്.

ഇന്ന് ഉച്ചയോടെയാണ് കടലാക്രമണം തുടങ്ങിയത്. പൂന്തുറയില്‍ വള്ളങ്ങൾ കൂട്ടിയിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ശക്തമായി തിരയടിച്ച് വള്ളങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്ന് രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് വിവരം. അഞ്ചുതെങ്ങ്, വർക്കല മേഖലകളിൽ ശക്തമായ കടൽക്ഷോഭമാണ് അനുഭവപ്പെടുന്നത്.സംസ്ഥാനത്തിൻ്റെ പലഭാഗങ്ങളിൽ ഇതിനോടകം തന്നെ കടലാക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തെ കൂടാതെ കൊല്ലം, ആലപ്പുഴ ജില്ലയിലും വലിയ കടൽക്ഷോഭമാണ് ഉണ്ടായിരിക്കുന്നത്.

Top