കർണാടക: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായി തെരച്ചിൽ തുടരുന്നു.റോഡിലേക്ക് വീണ 98% മണ്ണും നീക്കിയെന്നും പക്ഷേ, ഇത്രയും തെരഞ്ഞിട്ടും വലിയൊരു ട്രക്കിന്റെ ഒരു സൂചനയുമില്ലെന്നും കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബെര ഗൌഡ വ്യക്തമാക്കി. വൻ മൺകൂന പതിച്ച ഗംഗാവലി പുഴയിലേക്ക് ഇനി തിരച്ചിൽ നീളും. നദിയിലുള്ള മണ്‍കൂനകളിൽ പരിശോധന നടത്തും.
‘ഇത്രയും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും രക്ഷാദൗത്യം തുടരുകയാണ്. ആരെങ്കിലും പുഴയിലേക്ക് വീണിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ഇക്കാര്യത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് കരസേനയോടും നേവിയോടും ചോദിച്ചിട്ടുണ്ട്’ കൃഷ്ണ ബെര ഗൌഡ പറഞ്ഞു. ജി.പി.എസ് ട്രാക്ക് ചെയ്ത് കൈമാറിയ സ്ഥലത്ത് ലോറിയില്ലെന്നാണ് ഇപ്പോൾ മന്ത്രി പറയുന്നത്. അതിനിടെ, അര്‍ജുന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നതിനിടെ സ്ഥലം സന്ദർശിച്ച് മടങ്ങി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കോഴിക്കോട് എം.പി എം.കെ രാഘവനും സ്ഥലത്തുണ്ട്. എന്‍.ഡി.ആര്‍.എഫ്, ദേശീയ പാത അതോറിറ്റിയുടെ സംഘം, നാവികസേന, കോസ്റ്റ് ഗാര്‍ഡ്, അഗ്നിരക്ഷാസേന, ലോക്കല്‍ പോലീസ് എന്നിവരുടെ ഏകോപനത്തിലാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
അർജുന്റെ തെരച്ചിലിനായി കരസേനയും ഷിരൂരിലെത്തിയിട്ടുണ്ട്. ബെലഗാവിയിൽ നിന്നുള്ള 40 അംഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി ഷിരൂരിലെത്തിയത്. സൈന്യത്തിന്റെ കൈവശമുള്ള ഉപകരണങ്ങൾ ഉപയോഗിച്ചായിരിക്കും മണ്ണുനീക്കൽ. മൂന്ന് വലിയ വാഹനങ്ങളിലായിട്ടാണ് സൈന്യം ഷിരൂരിലെത്തിയിരിക്കുന്നത്.