ബംഗളൂരു: കർണാടക അങ്കോലയിലെ മണ്ണിടിച്ചിലിൽ കുടുങ്ങിയ മലയാളി ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. രാത്രി 9 മണിയോടെയാണ് തിരച്ചിൽ നിർത്തിയത്. നാളെ പുലർച്ചെ 5.30നു വീണ്ടും തിരച്ചിൽ ആരംഭിക്കും. കനത്ത മഴയും മണ്ണിടിച്ചിൽ സാധ്യതകളും രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയതോടെയാണ് 9 മണിയോടെ തിരച്ചിൽ നിർത്താൻ തീരുമാനിച്ചത്.
നേവിയും എൻഡിആർഎഫും സംയുക്തമായാണ് പരിശോധന തുടരുന്നത്. ലൈറ്റുകളെത്തിച്ച് രാത്രിയും തിരച്ചിൽ തുടരുകയായിരുന്നു.മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചാണ് പരിശോധന നടന്നത്. ജിപിഎസ് സിഗ്നൽ കിട്ടിയ സ്ഥലത്തെ മണ്ണ് നീക്കിയാണ് പ്രധാന പരിശോധന.അർജുനക്കം അഞ്ച് വാഹനങ്ങളിലായി 10 പേർ മണ്ണിനടിയിൽ തന്നെ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് നിഗമനം.
മണ്ണിടിച്ചിലിനെ തുടർന്നു ലോറി സമീപത്തെ ഗംഗാവലി പുഴയിലേക്ക് പോയിട്ടുണ്ടോയെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ പരിശോധനയിൽ അതു നീങ്ങി.അവസാനം ജിപിഎസ് ലൊക്കേഷൻ ലഭിച്ചയിടത്തെ മണ്ണു നീക്കിയാണ് ഇപ്പോഴത്തെ പരിശോധന.
കനത്ത മഴയും രക്ഷാപ്രവർത്തനം ഇടക്കിടെ തടസപ്പെടുത്തുന്നുണ്ട്. കാസർക്കോട് നിന്നു മോട്ടോർ വാഹന വകുപ്പിന്റെ നാല് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തേക്ക് പോയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിൽ ഇവരും പങ്കാളികളാകും.