CMDRF

സുരാജ് വെഞ്ഞാറമൂടും വിനായകനും ഒന്നിക്കുന്ന ”തെക്ക് വടക്ക്” സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

സുരാജ് വെഞ്ഞാറമൂടും വിനായകനും ഒന്നിക്കുന്ന ”തെക്ക് വടക്ക്” സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
സുരാജ് വെഞ്ഞാറമൂടും വിനായകനും ഒന്നിക്കുന്ന ”തെക്ക് വടക്ക്” സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

സുരാജ് വെഞ്ഞാറമൂടും വിനായകനും ആദ്യമായി ഒന്നിക്കുന്ന ”തെക്ക് വടക്ക്” സിനിമയുടെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. കെഎസ്ഇബി എഞ്ചിനീയര്‍ മാധവന്റെ വേഷത്തിലാണ് വിനായകന്‍ അഭിനയിക്കുന്നത്. അരി മില്‍ ഉടമയായ ശങ്കുണ്ണിയായി സുരാജും വേഷമിടുന്നു. എസ്. ഹരീഷിന്റെ രചനയില്‍ പ്രേം ശങ്കറാണ് സിനിമ സംവിധാനം ചെയ്യുന്നത്. അന്‍ജന ഫിലിംസ്, വാര്‍സ് സ്റ്റുഡിയോ എന്നിവയുടെ ബാനറില്‍ അന്‍ജന ഫിലിപ്പ്, വി.എ ശ്രീകുമാര്‍ എന്നിവരാണ് സിനിമ നിര്‍മ്മിക്കുന്നത്.

ജയിലറിനു ശേഷം വിനായകന്‍ അഭിനയിക്കുന്ന സിനിമയാണ് തെക്ക് വടക്ക്. ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയാലുടന്‍ വിക്രമിനൊപ്പമുള്ള സിനിമയിലേക്ക് സുരാജ് പ്രവേശിക്കും. ഇരു പ്രതിഭകളുടേയും പ്രകടനം തമാശയില്‍ ഒന്നിക്കുന്നു എന്ന പ്രത്യേകത തെക്ക് വടക്ക് സിനിമയെ വ്യത്യസ്തമാക്കുന്നു. മെല്‍വിന്‍ ബാബു, ഷമീര്‍ ഖാന്‍, കോട്ടയം രമേഷ്, മെറിന്‍ ജോസ്, വിനീത് വിശ്വം, ബാലന്‍ പാലക്കല്‍, ജെയിംസ് പാറക്കല്‍ തുടങ്ങി മലയാള സിനിമയിലെ പുതിയ ചിരിത്താരങ്ങളാണ് വിനായകനും സുരാജിനുമൊപ്പം ചിത്രത്തില്‍ അണിനിരക്കുന്നത്.

ആര്‍ഡിഎക്‌സിലെ ഹിറ്റ് ഗാനങ്ങളൊരുക്കിയ സാം സി. എസ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തി പശ്ചാത്തല സംഗീതം ഒരുക്കുന്നു. അന്‍വര്‍ റഷീദിന്റെ ബ്രിഡ്ജ് സിനിമയുടെ ഛായാഗ്രാഹകനായി ആരംഭിച്ച് കിസ്മത്ത്, വലിയപെരുന്നാള്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ഡിഒപി. രോമാഞ്ചം, റോഷാക്ക് അടക്കമുള്ള സിനിമകളുടെ എഡിറ്ററായ കിരണ്‍ ദാസാണ് ചിത്രസംയോജനം. പ്രൊഡക്ഷന്‍ ഡിസൈന്‍: രാഖില്‍, വരികള്‍: ലക്ഷ്മി ശ്രീകുമാര്‍, കോസ്റ്റ്യൂം: ആയിഷ സഫീര്‍, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, ആക്ഷന്‍: മാഫിയ ശശി, ഡാന്‍സ്: പ്രസന്ന മാസ്റ്റര്‍, കാസ്റ്റിങ് ഡയറക്ടര്‍: അബു വളയംകുളം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബോസ് വി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സജി ജോസഫ്, ഫിനാന്‍സ് കണ്‍ട്രോളര്‍: അനില്‍ ആമ്പല്ലൂര്‍, ഡിസൈന്‍: പുഷ് 360- തുടങ്ങിയവരാണ് അണിയറയില്‍.

വിനായകന്‍ – സുരാജ് കൂട്ടുകെട്ട്, നന്‍പകല്‍ നേരത്ത് മയക്കത്തിനു ശേഷം എസ്. ഹരീഷിന്റെ രസകരമായ കഥ, പരസ്യരംഗത്തു നിന്നുള്ള സംവിധായകന്‍ പ്രേം ശങ്കര്‍- തുടങ്ങിയവര്‍ക്കൊപ്പം അണിയറയിലും കഥാപാത്രങ്ങളായും വ്യത്യസ്തമായ കോമ്പിനേഷനാണ് തെക്ക് വടക്ക് സിനിമയുടെതെന്ന് നിര്‍മാതാവ് അന്‍ജന ഫിലിപ്പ് പറഞ്ഞു. ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കുന്ന നിലയ്ക്കാണ് ഷൂട്ടിങ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഈ വര്‍ഷം ഓണം റിലീസായി സിനിമ തിയേറ്ററില്‍ എത്തിക്കും എന്ന് നിര്‍മാതാവ് വി. എ ശ്രീകുമാര്‍ പറഞ്ഞു.

Top