മുംബൈ: മകളെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നതിന തുടർന്ന് ഓടുന്ന ബസില്‍വെച്ച് മരുമകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ദമ്പതിമാര്‍. മഹാരാഷ്ട്രയിലെ കോലാപൂര്‍ ഗദ്ധിങ്‌ലാജ് സ്വദേശികളായ ഹനുമന്തപ്പ കാലെ(48) ഭാര്യ ഗൗരവ കാലെ(45) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ മകളുടെ ഭര്‍ത്താവായ സന്ദീപ് ഷിര്‍ഗാവെ(35)യാണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് കോലാപൂര്‍ സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡില്‍ സന്ദീപിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ജീവനക്കാര്‍ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തറിഞ്ഞത്. യുവാവിന്റെ സമീപത്തുനിന്ന് കണ്ടെടുത്ത ബാഗില്‍ ചില രേഖകളും ഭാര്യയുടെ ഫോണ്‍ നമ്പരും ഉണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് ഭാര്യയെ ഫോണില്‍ വിളിച്ചു.
തന്റെ മാതാപിതാക്കള്‍ക്കൊപ്പം സന്ദീപ് കഴിഞ്ഞദിവസം ബസില്‍ യാത്രതിരിച്ചെന്നും മറ്റൊന്നും അറിയില്ലെന്നുമായിരുന്നു ഭാര്യയുടെ മൊഴി. പിന്നാലെ ബസ് സ്റ്റാന്‍ഡിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചതോടെ ഒരു സ്ത്രീയും പുരുഷനും സന്ദീപിനെ വലിച്ചിഴച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തി.
Also Read: വെടിയേറ്റ എട്ടുവയസ്സുകാരൻ കൊല്ലപ്പെട്ടു; പ്രതി പിടിയിൽ
ഭര്‍ത്താവ് ഇനിയും ഉപദ്രവിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് മകള്‍ ഭീഷണി മുഴക്കിയിരുന്നു. സംഭവദിവസം സന്ദീപ് ഭാര്യയെയും മകനെയും കാണാനായി ഗ്രാമത്തിലെത്തി. തുടര്‍ന്ന് ഇയാളെ തിരികെ പറഞ്ഞയച്ച് ബസ് സ്റ്റോപ്പില്‍ കൊണ്ടുവിട്ടെങ്കിലും അല്പസമയത്തിനകം വീണ്ടും തിരിച്ചെത്തി. മദ്യപിച്ചശേഷമാണ് ഇത്തവണ സന്ദീപ് വീട്ടില്‍വന്നത്. തുടര്‍ന്ന് പ്രതികള്‍ വീണ്ടും മരുമകനെ ബസ്സില്‍ കയറ്റി ഗ്രാമത്തില്‍നിന്ന് കൊണ്ടുപോയി.
Also Read: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡപ്പിച്ചു; 21-കാരന്‍ അറസ്റ്റില്‍
യാത്രചെയ്ത ബസ്സില്‍ ആ സമയം യാത്രക്കാര്‍ കുറവായിരുന്നു. സന്ദീപിനെയും പ്രതികളെയും കൂടാതെ മറ്റുരണ്ടുപേര്‍ കൂടിയാണ് യാത്രക്കാരായി ബസ്സിലുണ്ടായിരുന്നത്. തുടര്‍ന്ന് സന്ദീപ് ഉറങ്ങുന്നതിനിടെ ട്രാക്ക് പാന്റ്‌സിന്റെ നാട ഉപയോഗിച്ച് ഇയാളുടെ കഴുത്തില്‍ മുറുക്കിയെന്നും മരണം ഉറപ്പുവരുത്തിയെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു.