ശ്രീലങ്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് നേതാവ് അനുര കുമാര ദിസനായകെക്കുണ്ടായ അപ്രതീക്ഷിത ജയം കമ്മ്യൂണിസ്റ്റുകൾ ഭരിക്കുന്ന കേരളത്തിന് മുന്നിലും വലിയ സാധ്യതകളാണ് ഇനി തുറക്കാൻ പോകുന്നത്. സി.പി.എം ദേശീയ നേതാക്കൾ ഉൾപ്പെടെയുള്ളവരുമായി ഏറെയടുപ്പം പുലർത്തുന്ന ദിസനായകെയുടെ അടുത്ത സുഹൃത്ത് കൂടിയാണ് വ്യവസായ മന്ത്രി പി. രാജീവ്. ശ്രീലങ്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുൻപ് കേരളം സന്ദർശിച്ച ദിസനായകെ അന്നുതന്നെ അവസരം ലഭിച്ചാൽ ഇടതുപക്ഷ കേരളവുമായി കൈകോർത്ത് പ്രവർത്തിക്കുമെന്ന് മന്ത്രി പി രാജീവിനോട് വ്യക്തമാക്കിയാണ് മടങ്ങിയിരുന്നത്.
ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി അനുര കുമാര ദിസനായകെ തിരഞ്ഞെടുക്കപ്പെട്ട ഉടനെതന്നെ അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തുവന്നവരിൽ മന്ത്രി പി രാജീവും ഉണ്ടായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ കേരളത്തിലെത്തിയപ്പോൾ തന്റെ ഓഫീസും അനുര കുമാര ദിസനായകെ സന്ദർശിച്ചിരുന്നുവെന്ന കാര്യവും പി. രാജീവ് എടുത്ത് പറഞ്ഞിട്ടുണ്ട്. ആ സന്ദർശനത്തിൽ കേരളവും ശ്രീലങ്കയും തമ്മിൽ… സാധ്യമാകുന്ന വ്യാവസായിക സഹകരണത്തെക്കുറിച്ചുള്ള സാധ്യതകൾ തുറന്നിടുന്ന… ഗൗരവമായ ചർച്ചകൾ നടത്തിയതായാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
കേരളത്തിന്റെ സ്വന്തം ആയുർവേദത്തിന് ശ്രീലങ്കയിൽ വലിയ സാധ്യതയാണുള്ളതെന്നാണ് ദിസനായകെ രാജീവിനോട് സൂചിപ്പിച്ചിരുന്നത്. അദ്ദേഹം ശ്രീലങ്കൻ പ്രസിഡന്റായ സാഹചര്യത്തിൽ സൗഹാർദ്ദപരമായ തുടർചർച്ചകളിലൂടെ കൂടുതൽ സഹകരണം ഉറപ്പ് വരുത്താനാകുമെന്ന പ്രതീക്ഷയിലാണ് കേരള സർക്കാർ ഉള്ളത്. മന്ത്രി പി രാജീവും ഇക്കാര്യത്തിൽ വലിയ ആത്മവിശ്വാസമാണ് പ്രകടിപ്പിച്ചിരിക്കുന്നത്.
കേരളത്തിലെ ഇടതുപക്ഷ സർക്കാരുമായുള്ള പുതിയ ശ്രീലങ്കൻ പ്രസിഡന്റിന്റെ അടുപ്പം രാജ്യത്തിനാകെ നേട്ടമാക്കി മാറ്റാൻ കഴിയുമെന്നാണ് കേന്ദ്ര സർക്കാരും പ്രതീക്ഷിക്കുന്നത്. ചൈനീസ് അനുകൂലിയായി പാശ്ചാത്യ മാധ്യമങ്ങൾ ദിസനായകയെ വിലയിരുത്തുന്നുണ്ടെങ്കിലും ചൈനയുമായുള്ള ബന്ധം ശ്രീലങ്കയെ വലിയ കടക്കെണിയിൽ ആക്കിയതിനാൽ ഇന്ത്യയുമായി കൂടുതൽ സഹകരണത്തിന് പുതിയ പ്രസിഡന്റ് തയ്യാറാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ, പുതിയ ഭരണകൂടത്തോട് കൂടുതൽ അടിത്തിടപെടാൻ തന്നെയാണ് സാധ്യത.
P Rajeev and Anura Kumara Dissanayake
ഇന്ത്യയുടെ അതിർത്തിയിലെ തന്ത്രപ്രധാനമായ ദ്വീപ് രാജ്യമായതിനാൽ ശ്രീലങ്കയെ ഒപ്പം നിർത്തേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്. ശ്രീലങ്കൻ ജനതയ്ക്കും ചൈനയേക്കാൾ താൽപ്പര്യം ഇന്ത്യയോട് തന്നെയാണ്. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ കമ്മ്യൂണിസ്റ്റുകാരനായ പ്രസിഡന്റ് തയ്യാറാകുമെന്ന് തന്നെയാണ് ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളും കരുതുന്നത്. ഇക്കാര്യത്തിൽ സി.പി.എമ്മിനും ഇനി നിർണ്ണായക പങ്കുവഹിക്കാൻ കഴിയും.
സി.പി.എം 24-ാം പാർട്ടി കോൺഗ്രസ്സ് 2025 ഏപ്രിലിൽ മധുരയിൽ വച്ചാണ് നടക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ സമ്മേളനത്തിന്റെ ഭാഗമായ അന്താരാഷ്ട്ര സെമിനാറിൽ ശ്രീലങ്കൻ പ്രസിഡന്റിനെ ക്ഷണിക്കാനുള്ള സാധ്യതയും ഏറെയാണ്. ഫ്രാൻസിലെ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്ന ഇടതുപക്ഷ സഖ്യത്തിലെ പ്രമുഖരും ബ്രിട്ടണിൽ അധികാരം പിടിച്ച ലേബർ പാർട്ടിയിലെ പ്രതിനിധികളുമടക്കം ലോകത്തെ പ്രമുഖ ഇടതുപക്ഷ നേതാക്കളെ സി.പി.എം പാർട്ടി കോൺഗ്രസ്സിൽ പങ്കെടുപ്പിക്കാനാണ് സി.പി.എം ആലോചിക്കുന്നത്. ലോക രാഷ്ട്രീയത്തിൽ ഇടതുപക്ഷ ചേരി ഒരു തിരിച്ചുവരവിന്റെ പാതയിലാണെന്നാണ് ഇടതുപക്ഷ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. ഏറ്റവുമൊടുവിൽ ശ്രീലങ്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് നേതാവ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതും ഇടതുപക്ഷ ചേരിക്ക് വലിയ ആത്മവിശ്വാസമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ശ്രീലങ്കയിലെ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ടിന്റെ സ്ഥാനാർത്ഥിയായ അനുര കുമാര ദിസനായകെ 42.31 ശതമാനം വോട്ട് നേടിയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചിരിക്കുന്നത്. അനുര കുമാര ദിസനായകെ ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്റായാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആർക്കും 50 ശതമാനം വോട്ട് ലഭിക്കാത്ത സാഹചര്യത്തിൽ രണ്ടാംഘട്ട വോട്ടെണ്ണലിലൂടെയാണ് വിജയിയെ കണ്ടെത്തിയിരുന്നത്. ശ്രീലങ്കൻ ചരിത്രത്തിൽ ഇതാദ്യമായാണ് രണ്ടുവട്ടം വോട്ടുകൾ എണ്ണേണ്ട സാഹചര്യമുണ്ടാകുന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ ദിസനായകെ കൃത്യമായ ലീഡ് നിലനിർത്തിയിരുന്നു എന്നതും ശ്രദ്ധേയമാണ്.
രണ്ടാംഘട്ട വോട്ടെണ്ണലിൽ പ്രതിപക്ഷനേതാവ് സജിത് പ്രേമദാസയെ പിന്തള്ളിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയായ ജനതാ വിമുക്തി പെരമുന എന്ന ജെവിപിയുടെ നേതാവ് വിജയം ഉറപ്പിച്ചത്. ആദ്യഘട്ട വോട്ടെണ്ണലിൽ ആർക്കും 50 ശതമാനം വോട്ട് ലഭിച്ചിരുന്നില്ല. നാഷണൽ പീപ്പിൾസ് പവർ എന്ന മുന്നണിയെ പ്രതിനിധാനം ചെയ്യുന്ന ദിസനായകെ ആദ്യഘട്ടത്തിൽ 42.3 ശതമാനം വോട്ടും, സജിത് പ്രേമദാസ 32.7 ശതമാനവും വോട്ടുകൾ നേടുകയുണ്ടായി. സ്വതന്ത്രനായി മത്സരിച്ച പ്രസിഡന്റ് റെനിൽ വിക്രമസിംഗെയ്ക്ക് വെറും 17.27 ശതമാനം വോട്ടുമാത്രമാണ് നേടാനായത്. അതോടെ റെനിൽ പുറത്താകുകയുണ്ടായി. തുടർന്നാണ് ചരിത്രത്തിൽ ആദ്യമായി ശ്രീലങ്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ രണ്ടാംഘട്ട വോട്ടെണ്ണൽ നടന്നത്. ആകെ 39 സ്ഥാനാർഥികളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്.
‘നൂറ്റാണ്ടുകളായുള്ള ശ്രീലങ്കൻ ജനതയുടെ സ്വപ്നമാണ് പൂർത്തീകരിക്കുന്നതെന്നും എല്ലാവരോടും നന്ദി അറിയിക്കുന്നെന്നുമാണ്… എകെഡി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ദിസനായകെ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. 2000 മുതൽ പാർലമെന്റംഗമായ ദിസനായകെ ശക്തമായ അഴിമതിവിരുദ്ധ സന്ദേശമുയർത്തിയാണ് തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്തിയിരുന്നത്. 2022 ൽ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ ശ്രീലങ്കയിൽ രാഷ്ട്രീയ വൻമരങ്ങളെ കടപുഴക്കിയാണ് മഹാവിജയം അദ്ദേഹം നേടിയിരിക്കുന്നത്. ആദ്യ വോട്ടെണ്ണലിൽതന്നെ പ്രധാന സ്ഥാനാർഥി വിജയം ഉറപ്പിച്ചിരുന്ന പതിവും ഇത്തവണ അട്ടിമറിക്കപ്പെട്ടു. അന്താരാഷ്ട്ര സാമ്പത്തിക ഏജൻസികളൊരുക്കിയ കുരുക്കിൽ വീർപ്പുമുട്ടിയ ശ്രീലങ്കയിലെ ജനകീയ പ്രക്ഷോഭങ്ങൾക്ക്, രാഷ്ട്രീയ വഴികാട്ടിയായി ഒപ്പം നിന്ന… ജെവിപിക്ക് ഒപ്പം തന്നെ ആ രാജ്യത്തെ ജനതയും അണിനിരക്കുന്ന കാഴ്ചയാണ് ലോകമിപ്പോൾ കണ്ടിരിക്കുന്നത്.
സാമ്പത്തിക സ്ഥിരത കൈവരിക്കുകയെന്ന വലിയ വെല്ലുവിളിയാണ് അമ്പത്താറുകാരനായ അനുര കുമാര ദിസനായകെക്ക് ഇനി നേരിടാനുള്ളത്. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കടുത്ത നിബന്ധനകളോടെ റെനിൽ വിക്രമസിംഗെ ഐഎംഎഫ് ഫണ്ട് സ്വീകരിച്ചതിലുള്ള അതൃപ്തിയും ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രകടമാണ്. കരാറിനെതിരെ രൂക്ഷവിമർശം ഉന്നയിച്ച ദിസനായകെ അഴിമതിയിൽ മുങ്ങിയ സർക്കാരിനെ രക്ഷപ്പെടുത്താനാണ് ധനസഹായമെന്നാണ് തുറന്നടിച്ചിരുന്നത്. ശ്രീലങ്കയെ തകർച്ചയിൽ നിന്നും കരകയറ്റാൻ കമ്മ്യൂണിസ്റ്റുകാരനായ പുതിയ പ്രസിഡന്റിന്റെ കൈയിൽ എന്ത് മാന്ത്രികവടിയാണ് ഉള്ളതെന്നതാണ് ഇനി കണ്ടറിയേണ്ടത്.
വീഡിയോ കാണാം